NEWS

അസഹിഷ്ണുത: മുഖ്യകാരണം ഭരണഘടനാ മൂല്യങ്ങളോടുള്ള നിഷേധമനോഭാവം

കായംകുളം: ഭരണഘടനാ മൂല്യങ്ങളോടുള്ള നിഷേധമനോഭാവമാണ് രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ മുഖ്യകാരണം എന്ന്
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കായംകുളത്ത് എസ്എസ്എഫ് ധര്‍മജാഗരണ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൗരന്‍മാരും തുല്യരാണെന്നും മത, ജാതി വ്യത്യാസങ്ങളുടെ പേരില്‍ ആരോടും വിവേചനം പാടില്ലെന്നുമാണ് ഭരണഘടന അനുശാസിക്കുന്നത്. അതിനു കടക വിരുദ്ധമായ എത് പ്രവര്‍ത്തനവും എതിര്‍ക്കപ്പെടേണ്ടതാണ്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് എല്ലാ പൗരന്‍മാരുടെയും ബാധ്യതയാണെങ്കിലും ഭരണ കുടമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുല എന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം ജാതീയമായ വിവേചനങ്ങള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്. എല്ലാ മത, ജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പഠനത്തിലും തൊഴിലിലും അവസര സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നിട്ടും ദളിത് വിദ്യാര്‍ത്ഥികളോട് ഭരണകൂടവും സര്‍വ്വകലാശാല അധികൃതരും കാട്ടിയ മനുഷ്യത്വ വിരുദ്ധമായ സമീപനം നമ്മുടെ രാജ്യത്തിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്നതാണ്.
രാജ്യത്തിന്റെ സിവിലിയന്‍ ബഹുമതികള്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ഇത്തരം അവാര്‍ഡുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തും. ഭരിക്കുന്ന കക്ഷിയോടൊപ്പം നില്‍ക്കുന്നു എന്നതാകരുത് പത്മ അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡം. എല്ലാ വിഭാഗങ്ങളെയും വിശ്വസത്തിലെടുക്കാനും എല്ലാവരുടെയും അവകാശങ്ങള്‍ വകവെച്ചു നല്‍കാനും ഭരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.
മതശാസനകള്‍ യുക്തിബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വീകരിക്കേണ്ടതല്ല. യുക്തിക്കു വഴങ്ങുന്നില്ല എന്നത് കൊണ്ട് മതം വിലക്കിയ ഒരു കാര്യം അനുവദനീയമാകുന്നില്ല. പഠനമാധ്യമങ്ങള്‍ മാറുന്നതും സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതും അംഗീകരിക്കുമ്പോള്‍ തന്നെ അതിനനുസൃതമായി മത സിദ്ധാന്തങ്ങള്‍ മാറ്റിയെഴുതണമെന്ന് പറയുന്നത് അബദ്ധമാണ്. സ്‌കൂളുകളിലും കോളേജുകളിലും വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്നു എന്നത് സിനിമ ഹലാലാണെന്ന് പറയാനുള്ള ന്യായീകരണമല്ല.
മതം പഠിക്കേണ്ടത് ആധികാരിക സ്രോതസ്സുകളില്‍ നിന്നും അങ്ങനെ പഠിച്ച പണ്ഡിതന്‍മാരില്‍ നിന്നുമാണ്. തങ്ങള്‍ പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുകയും അത് സമൂഹത്തിനു മുന്നില്‍ തുറന്നു പറയുകയും ചെയ്യുന്നവരെ അപരിഷ്‌കൃതരായി ചിത്രീകരിച്ചിട്ട് കാര്യമില്ല. ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വായിച്ചറിഞ്ഞവര്‍ ആധികാരികമെന്നോണം മതവിഷയങ്ങളില്‍ അഭിപ്രായം പറയുന്നതും അത്തരക്കാരെ ക്ഷണിച്ചു വരുത്തി അഭിപ്രായം പറയിക്കുന്നതും ഇസ്‌ലാമിക തത്വങ്ങള്‍ മാറ്റി മറിക്കണമെന്നാഗ്രഹിക്കുന്നവരാണ്. അതിന് കൂട്ടുനില്‍ക്കാന്‍ മതം പഠിച്ച പണ്ഡിതന്‍മാര്‍ക്കാകില്ല. പര്‍ദ്ദയെന്ന് കേള്‍ക്കുമ്പോഴേക്ക് ഹാലിളകുകയും ചാടിക്കയറി അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ സ്ത്രീ സമൂഹത്തിനെതിരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു നേരെ മൗനം പാലിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷിതത്വമാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള മത നിര്‍ദ്ദേശങ്ങളുടെ ഭാഗമാണ് അവരുടെ വസ്ത്രവും. ആര്‍ക്കെങ്കിലും അത് രസിക്കുന്നില്ല എന്നത് കൊണ്ട് മതത്തിനു വിരുദ്ധമായി അഭിപ്രായം പറയാന്‍ ഞങ്ങളെ കിട്ടില്ല. വിമര്‍ശകര്‍ക്ക് അഭിപ്രായ സാതന്ത്ര്യമുണ്ട് എന്നത് പോലെ പഠിച്ചതനുസരിച്ച് പറയാന്‍ ഞങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് വിമര്‍ശകര്‍ വകവെച്ചു തന്നാലുമില്ലെങ്കിലും പഠിച്ച കാര്യങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.