NEWS

പ്രവാസി അവകാശ രേഖ

ആമുഖം 

പ്രവാസികള്‍; കാലഭേദങ്ങള്‍ക്കനുസരിച്ച് നിര്‍വചനം മാറിക്കൊണ്ടിരിക്കുന്ന സമൂഹം. സമ്പന്നരും ജീവിത സൗകര്യങ്ങള്‍ അനുഭവിക്കുന്നവരുമെന്നും എല്ലാ കാലത്തും അവഗണനയും പ്രയാസങ്ങളും വിവേചനവും നേരിടേണ്ടി വരുന്ന സമൂഹമെന്നുമുള്ള വ്യാഖ്യാനങ്ങളുടെ വിധേയര്‍. മാതൃനാട്ടില്‍ നിന്നും വേരറുത്തിടാതെ താത്കാലികമായി മാത്രം പരദേശവാസം നയിക്കുന്ന പ്രവാസികള്‍, പൗരര്‍ എന്ന അരര്‍ഥത്തിലുള്ള അവകാശങ്ങളില്‍ നിന്നും പടിക്കു പുറത്തു നിര്‍ത്തപ്പെടുന്നു എന്ന വിശകലനത്തെ സാധൂകരിക്കുന്നുണ്ട് ചില വ്യവസ്ഥകള്‍. 

കാലം മാറുന്നതനുസരിച്ച്, സമൂഹം ആഗോളവത്കരിക്കപ്പെടുന്നതിനൊത്ത് കാഴ്ചപ്പാടുകളില്‍ മാറ്റം വരുന്നുണ്ട്. എങ്കിലും ഒരു ഒരു പൗര സമൂഹം എന്ന അര്‍ഥത്തിലുള്ള പരിഗണനയുടെ മുറ്റത്തേക്ക് പ്രവാസികള്‍ ചേര്‍ത്തു നിര്‍ത്തപ്പെട്ടിട്ടില്ല. ജനാധാപത്യ ഭരണക്രമത്തില്‍ നയരൂപവത്കരണം നടത്തുന്ന രാഷ്ട്രീയ മാനിഫെസ്റ്റോകളിലെ പിശകുകളാണ് ഒരു കൊച്ചു സംസ്ഥാനത്തോളം വരുന്ന പ്രവാസി സമൂഹം ഇപ്പോഴും സ്റ്റേറ്റിന്റെ പരിഗണനയില്‍ വരുന്ന സമൂഹമാകാതെ പുറത്തു നിര്‍ത്തപ്പെടുന്നത്. 

എന്നാല്‍, സ്വയാര്‍ജിത സ്വത്വം പ്രവാസികള്‍ മുഖ്യധാരയിലേക്കു വരുന്നതിനു വഴികളൊരുക്കിയിട്ടുണ്ട്. അപ്പോഴും പ്രവാസികള്‍ എന്ന സാമാന്യ പരികല്‍പനയില്‍ പെട്ടുപോകുന്ന വലിയൊരു വിഭാഗം അധസ്ഥിത ജനം പ്രവാസികളുടെ ഇടയില്‍ കാഴ്ചപ്പുറത്തു നിന്നു മാറി ഉപജീവനം നടത്തുന്നുണ്ട്. പ്രവാസികളിലെ സാമ്പത്തിക മേല്‍ത്തട്ടും കീഴ്ത്തട്ടും തന്നെയാണ് ഈ വിഭജനത്തിന്റെ അതിര്‍രേഖ. അടിസ്ഥാന വിഷയം പ്രവാസികളുടെ സാമൂഹീകരണവും അതനുസരിച്ച് നാളെകളിലേക്കു നടക്കാനുള്ള കാഴ്ചപ്പാടുമാണ്. 

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റില്‍ ചര്‍ച്ച ചെയ്ത പ്രവാസികളുടെ ജീവിതാവസ്ഥകളില്‍ നിന്ന് രൂപപ്പെടുത്തിയ അവകാശരേഖ പ്രവാസി സമൂഹത്തിന്റെയും പ്രവാസി സമൂഹം പരിഗണിക്കപ്പെടേണ്ട ഭരണ, രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിന്റെയും മുന്നില്‍ വെക്കുന്നു.     

 

ജനറല്‍ കണ്‍വീനര്‍

ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍  

 

 

പ്രവാസി സമൂഹം (കമ്യൂണിറ്റി) 

പ്രവാസി ഇന്ത്യക്കാരെ അഥവാ തൊഴില്‍ ആവശ്യാര്‍ഥം വിദേശ രാജ്യങ്ങളില്‍ വന്ന് ജീവിക്കുന്നവരെ പ്രത്യേക സമൂഹമായി അംഗീകരിക്കാന്‍ സര്‍ക്കാറും ഇന്ത്യന്‍ പൗരസമൂഹവും തയാറാകണം. ഈ ദിശയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ട്. 

ജാതി, മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ സമൂഹമായി അംകീകരിക്കപ്പെട്ടതു പോലെയാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സമൂഹം അംഗീകരിക്കപ്പെടേണ്ടത്. ഇപ്രകാരം അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യം പ്രവാസിക്കു നല്‍കുന്ന പരിഗണന ഒരു സ്റ്റേറ്റിനെ സംബന്ധിച്ച് അതിപ്രധാനമായി കരുതുന്നു. സമൂഹം എന്ന നിലയില്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമായിരിക്കും പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും സംബോധന ചെയ്യപ്പെടുകയും പരിഹരിക്കപ്പെടുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പടുകയും ചെയ്യുക എന്നു കരുതുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ഭരണ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രത്തില്‍ ഒരു സമൂഹം എന്ന നിലയിലുള്ള പരിഗണനക്ക് വര്‍ധിത പ്രാധാന്യം കൈവരുമെന്നതു തീര്‍ച്ച. കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ വിഭജിക്കപ്പെട്ടതാണ് ഈ സമൂഹം എങ്കില്‍ കൂടി അതു ഫലപ്രദമായിരിക്കും. പാര്‍ട്ടികളുടെ പരിഗണനയിലും അതിനു സ്വാധീനമുണ്ടാകും. 

പ്രവാസികള്‍ സമൂഹമായി അംഗീരിക്കപ്പെടുമ്പോള്‍ നിയമനിര്‍മാണ സഭകളിലും അധികാര വികേന്ദ്രീകരണത്തിന്റെ അവകാശി സമൂഹത്തിലുമെല്ലാം പ്രവാസി പരിഗണിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ വേണ്ടതുണ്ടെന്ന കാഴ്ചപ്പാടുകൂടി ഉയര്‍ന്നു വരും. രണ്ടു പാര്‍ലിമെന്റ് മണ്ഡലത്തോളവും 14 നിയമസഭാ മണ്ഡലത്തോളവും ജനസംഖ്യയുള്ള ഒരു സമൂഹമാണ് പ്രവാസികള്‍ എന്നത് സാമൂഹികീകരണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 

 

സ്റ്റേറ്റിന്റെ പരിഗണന 

പ്രവാസികളെ പ്രവാസി വകുപ്പിന്റെ പരിഗണനയില്‍ മാത്രം ചേര്‍ത്തു നിര്‍ത്തപ്പെടുന്ന സാഹചര്യം ഒരു സമൂഹം എന്ന നിലയിലുള്ള വിശാല താത്പര്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും സ്റ്റേറ്റ് ശ്രദ്ധ പതിപ്പിക്കുന്ന സ്ഥിതിയുണ്ടാകേണ്ടതുണ്ട്. തൊഴില്‍, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, വ്യവസായം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങള്‍ക്കെല്ലാം പ്രവാസി സമൂഹത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ടു തന്നെ ഇടപെടാനുണ്ട്. എന്നാല്‍ പ്രവാസി സമൂഹത്തിന്റെ ഈ സാഹചര്യങ്ങളെ സര്‍ക്കാറുകളോ വകുപ്പുകളോ വിശാലാര്‍ഥത്തില്‍ പരിഗണിച്ചു കാണുന്നില്ല. അതു കൊണ്ടു തന്നെ പ്രവാസി വകുപ്പിന്റെ കേവല പരിഗണനയിലേക്കു നീക്കി നിര്‍ത്തപ്പെടുന്ന പ്രവാസികള്‍ക്ക് പൗരന്‍ എന്ന അര്‍ഥത്തിലുള്ള സാമൂഹിക പരിഗണന ലഭിക്കാതെ പോകുന്നു. ഗള്‍ഫു നാടുകളില്‍ വന്ന് രാജ്യാന്തര സമൂഹത്തോടു ചേര്‍ന്ന് വിവിധ തൊഴില്‍, വ്യവസായ, ഭരണ രംഗങ്ങളിലും ആശയവിനിമയത്തിലും അവഗാഹം നേടുന്ന പ്രവാസികളുടെ മനുഷ്യവിഭവം രാജ്യത്തിനു വേണ്ടി പ്രയോഗിക്കുന്നതിലും സ്റ്റേറ്റിന് താത്പര്യമുണ്ടാകണം.  

രാഷ്ട്രീയ നയരൂപത്കരണം

രാഷ്ട്രത്തിന്റെ നിര്‍മാണ, ഭരണ പ്രക്രിയക്കു നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം ജനാധിപത്യ രീതിയോടു ചേര്‍ന്നു രൂപപ്പെട്ടു വന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ പ്രവാസി സമൂഹത്തെ സംബോധന ചെയ്യുന്നതിലും പരിഗണിക്കുന്നതിലും സര്‍ക്കാറുകളുടെ നയം രൂപപ്പെടുക ഭരണത്തിനു നേതൃത്വം നല്‍കുന്നവരും നിയമനിര്‍മാണ സഭകളില്‍ പ്രതിനിധീകരിക്കുന്നവരുമായ പാര്‍ട്ടികളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ പാര്‍ട്ടികള്‍ക്ക് പ്രവാസികളെ സംബന്ധിക്കുന്ന നയം ഉണ്ടായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി നയം സമ്പന്നമോ സുതാര്യമോ അല്ല. പ്രവാസി സമൂഹത്തെ രേഖാപരമായി പരാമര്‍ശിക്കുക പോലും ചെയ്യാത്ത പാര്‍ട്ടി മാനിഫെസ്റ്റോകളും നയരേഖകളുമാണ് മുഖ്യരാഷ്ട്രീയ പാര്‍ട്ടികളുടെതും. ഈ അവസ്ഥക്ക് കാതലായ മാറ്റം വരണം. 

 

സാമൂഹിക വികസനം 

ബഹുമുഖ രംഗങ്ങളില്‍ മികവുകളുള്ള വലിയ സമൂഹമാണ് പ്രവാസലോകത്തുള്ളത്. ഫലപ്രദമായി വിനിയോഗിച്ചാല്‍ നാടിന് വലിയ ഫലം ചെയ്യുന്നതായിരിക്കും ഈ സമൂഹം. സാമൂഹിക വികസനം ലക്ഷ്യം വെച്ച് പ്രവാസി സമൂഹത്തില്‍ സര്‍ക്കാറുകള്‍ ഇടപെടുന്നില്ല. പ്രവാസി സമൂഹത്തെ പരിഗണിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കൊണ്ടുവരേണ്ട വൈവിധ്യവത്കരണത്തിലേക്ക് സ്റ്റേറ്റിന്റെ ശ്രദ്ധ കൂടുതല്‍ ഉണ്ടാകേണ്ടത് ഇതിലൂടെയും ബോധ്യപ്പെടുന്നു.

പൗര സമൂഹം എന്ന നിലയില്‍ പ്രവാസി സമൂഹത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലും പ്രവാസി ഇന്ത്യക്കാരിലെ പ്രധാന ഭാഷാ വിഭാഗം എന്ന നിലയിലും മലയാളി കമ്യൂണിറ്റിയെ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. രാഷ്ട്രീയ, സംസ്‌കാര വൈവിധ്യങ്ങളിലും ഒരു സംസ്ഥാനത്തെ, ഭാഷാ ഐക്യ സമൂഹം എന്ന നിലയില്‍ മലയാളി സമൂഹം രൂപപ്പെടുത്തപ്പെട്ടിട്ടില്ല. മലയാളി സമൂഹം എന്നാല്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘങ്ങള്‍ക്കൊപ്പം ചേര്‍ക്കപ്പെട്ട സമൂഹമാണ്. ഒരു സ്റ്റേറ്റിനാല്‍ പ്രവാസി സമൂഹം ഏകോപിപ്പിക്കപ്പെടുന്നില്ല.

 

പ്രവാസി യുവത്വം 

കേരള സര്‍ക്കാറിനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സി ഡി എസ്) നടത്തിയ പഠനം അനുസരിച്ച് പ്രവാസി മലയാളികളില്‍ 80 ശതമാനം പേരും 24നും 40നും മധ്യേ പ്രായമുള്ള യുവാക്കളാണ്. എന്നാല്‍ പ്രവാസി സമൂഹത്തിലെ യുവ മനുഷ്യവിഭവങ്ങള്‍ ഈയര്‍ഥത്തില്‍ സംബോധന ചെയ്യപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്യുന്നില്ല. 

അഭ്യസ്ഥവിദ്യരും സാങ്കേതിക മികവുകള്‍ കൈവരിച്ചവരുമായ ഈ സമൂഹത്തിന്റെ ബൗദ്ധിക ഊര്‍ജം നാടിനു വേണ്ടി വിനിയോഗിക്കുകയും സാമ്പത്തികവും രാഷ്ട്രീയവുമായ നിര്‍മാണ പ്രക്രിയയില്‍ ഭാഗവാക്കുകയും വേണ്ടതുണ്ട്. ഈയര്‍ഥത്തില്‍ രാഷ്ട്രീയ നയരൂപവ്തകരണത്തിലും സ്റ്റേറ്റിന്റെ പരിഗണനയിലും പ്രവാസികളിലെ യുവത്വം പ്രത്യേകമായി തന്നെ ഉള്‍പെടേണ്ടതുണ്ട്.  

 

തൊഴില്‍ രംഗം  

ഗള്‍ഫിലേക്കു തൊഴില്‍ തേടി നിരവധി മലയാളികള്‍ വന്നു കൊണ്ടിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കകത്തു തന്നെ നിരവധി പേര്‍ തൊഴില്‍ മാറുകയും പുതിയ ജോലി തേടുകയും ചെയ്യുന്നു. ഈ രംഗത്ത് ഒരു കമ്യൂണിറ്റിയുടെ വികസനം ലക്ഷ്യം വെച്ച് മലയാളി സമൂഹത്തിന് സാധിക്കുമായിരുന്ന സംയോജനം സാധ്യമായിട്ടില്ല. സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ   ഏകോപിപ്പിച്ചും സഹകരിപ്പിച്ചും കേന്ദ്രീകൃത തൊഴില്‍ സേവന ദാതാക്കളാകാനും റിക്രൂട്ട്‌മെന്റ് സഹായ സെല്‍ ആയി പ്രവര്‍ത്തിക്കാനും സ്റ്റേറ്റിന്റെ ആസൂത്രിത ഇടപെടലുകള്‍ക്കു സാധിക്കും. തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനം ഗള്‍ഫ് സമൂഹത്തിലേക്കു വികസിപ്പിക്കുക  വഴി ഈ മേഖലയില്‍ ഗുണപരമായി തന്നെ പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തനം ഏകോപിപ്പിക്കാനോ കഴിയും. 

 

തൊഴില്‍ സുരക്ഷിതത്വം 

ഗള്‍ഫുനാടുളില്‍ തൊഴിലിനായി എത്തുന്നവരുടെ തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, ശമ്പളമുള്‍പെടെയുള്ള അവകാശങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നവിധം വിദേശ രാജ്യങ്ങളുമായി സഹകരണ കരാറില്‍ എത്തണം. വീട്ടുജോലിക്കാരുടെ സുരക്ഷിതത്വത്തിനായി ഉണ്ടാക്കിയ കരാറുകള്‍ ഫലം ചെയ്തിട്ടുണ്ട്. 

 

പ്രവാസികളിലെ ദരിദ്രര്‍ 

ഗള്‍ഫുകാര്‍ എന്ന പൊതു വിശേഷണത്തിന്റെ പരിധിയില്‍ വന്നു എന്ന കാരണത്താല്‍ സാമ്പത്തികമായി മേല്‍തട്ടിലേക്ക് മാറ്റി നിര്‍ത്തുകയും സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നു. എ പി എല്‍, ബി പി എല്‍ വിഭജനവും ഇതുവഴി നിശ്ചയിക്കുന്ന സര്‍ക്കാര്‍ പരിഗണനകളും തന്നെയാണ് മുഖ്യവിഷയം. വളരെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുകയും നാട്ടില്‍ കൂലിപ്പണി ചെയ്യുന്നവര്‍ക്കു ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളം പറ്റുകയും ചെയ്യുന്ന നിരവധിയാളുകള്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്.  

ഈ അവസ്ഥ പരഹിരിക്കുന്നതിനായി പ്രവാസികള്‍ക്കിടയില്‍ സുതാര്യമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സര്‍വേ നടത്തുകയും സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്നവരെ ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പെടുത്തുകയും വേണം. ഇതനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന സാഹചര്യവുമൊരുക്കേണ്ടതുണ്ട്. 

 

പ്രവാസി സര്‍വകലാശാല 

ലോകത്തു തന്നെ വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഈയര്‍ഥത്തില്‍ പ്രവാസി യൂനിവേഴ്‌സിറ്റി എന്ന സംരംഭത്തിന് വലിയ പ്രസക്തിയുണ്ട്. പ്രവാസി യൂനിവേഴ്‌സിറ്റി എന്ന ആശയം സര്‍ക്കാര്‍ പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ആരംഭിക്കാന്‍ നടപടികളായിട്ടില്ല. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് സംവരണം ലഭിക്കുന്നതും ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അടയാളപ്പെടുത്തുന്നതുമായ പ്രവാസി സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്. പ്രവാസി ഇന്ത്യക്കാരിലെ വലിയ വിഭാഗം കേരളീയരാണെന്നതിനാല്‍ പദ്ധതി കേരളത്തിലേക്കു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇന്ത്യക്കാര്‍ തൊഴില്‍ പ്രവാസത്തിനു തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലെ രീതികളും തൊഴില്‍ സാധ്യതകളും പഠനവിധേയമാക്കിക്കൊണ്ടുള്ള കരിക്കുലങ്ങള്‍ക്ക് പ്രവാസി സര്‍വകലാശാലയില്‍ പ്രധാന്യം ഉണ്ടാകണം. പഠനം പൂര്‍ത്തിയാക്കാതെ പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നവര്‍ക്ക് ഉപരിപഠനം നടത്തുന്നതിനുള്ള പ്രത്യേക കോഴ്‌സുകളും സര്‍വകലാശാല പ്രത്യേകമായി നടപ്പിലാക്കേണ്ടതുണ്ട്.  

 

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍/സ്‌കൂളുകള്‍

ലക്ഷക്കണക്കിനു ഇന്ത്യന്‍ കുടുംബങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നു. ഇതില്‍ ബഹുഭൂരിഭാഗവും ഗള്‍ഫ് നാടുകളിലാണ്. ഈ കുടുംബങ്ങളോടൊപ്പം കഴിയുന്ന ആയിരക്കണക്കിനു കുട്ടികളാണ് ഗള്‍ഫ് നാടുകളില്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്നത്. ധാരാളം ഇന്ത്യന്‍ സ്‌കൂളുകള്‍ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലും പല പ്രധാന നഗരങ്ങളിലും പ്രവാസി ഇന്ത്യക്കാരുടെ കുട്ടികള്‍ക്ക് പഠനാവസരം ഒരുക്കാന്‍ പര്യാപ്തമായ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഈ അധ്യയന വര്‍ഷവും തെളിയിക്കുന്നു.

പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തില്‍ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകുന്നില്ല. ഇന്ത്യയില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമായി നിലനില്‍ക്കുമ്പോള്‍ തൊഴില്‍ ആവശ്യാര്‍ഥം വിദേശത്തു വന്നു കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മൗലികവും നിലവാരമുള്ളതും ചൂഷണരഹിതവുമായ വിദ്യാഭ്യാസം നേടുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനും ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളെ  നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനും സംവിധാനമുണ്ടാകണം. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ നിയമങ്ങള്‍ക്കു വിധേയമായി തന്നെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിനും നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിനും നടപടികളുണ്ടാകേണ്ടതുണ്ട്. 

 

ഉപരിപഠനം 

പ്രവാസികളായ വിദ്യാര്‍ഥികള്‍ വലിയ പ്രതിസന്ധി നേരിടുന്നത് ഉപരിപഠനത്തിനാണ്. ഹയര്‍ സെക്കന്‍ഡറി വരെയുള്ള പഠനം ഗള്‍ഫില്‍ നിലനില്‍ക്കുന്ന സ്‌കൂളുകളുടെ ഭാഗമായി പൂര്‍ത്തീകരിക്കപ്പെടുന്നു. ചിലരെങ്കിലും പത്താം തരം കഴിഞ്ഞ് ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി നാടു തിരഞ്ഞെടുക്കുന്നു. ഗള്‍ഫിലെ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയായി ബിരുദപഠനത്തിനു ശ്രമിക്കുന്നവരാണ് ശരിയായ ഗൈഡന്‍സ് ലഭിക്കാതെയും നിലവാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാതെയും പ്രയാസത്തിലാകുന്നത്. എന്‍ ആര്‍ ഐ ആണെന്ന പരിഗണനയില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന സാമ്പത്തിക ചൂഷണം വേറേയും. പ്രവാസി വിദ്യാര്‍ഥികളുടെ ഉപരിപഠനം സുരക്ഷിതമാക്കുന്നതിന് സംവിധാനങ്ങളുണ്ടാകേണ്ടതുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സീറ്റുകള്‍ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഉപരിപഠനം എന്നതിനാല്‍ കുട്ടികളെ ശരിയായ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവാരമുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. 

 

പി എസ് സി സെന്ററുകള്‍ 

സാഹചര്യങ്ങള്‍ ഗള്‍ഫിലേക്കു പറഞ്ഞയച്ച വലിയൊരു വിഭാഗം അഭ്യസ്ഥവിദ്യരായ യുവാക്കളും നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവരും ജോലി ലഭിച്ചാല്‍ തിരിച്ചു പോകാന്‍ സന്നദ്ധരുമാണ്. എന്നാല്‍ പി എസ് സി പരീക്ഷയുള്‍പെടെയുള്ള കടമ്പകള്‍ കടക്കാനുള്ള സാങ്കേതിക പ്രയാസം അധിക പേരെയും സങ്കടത്തിലാക്കുന്നു. ഇത് മികച്ച ഉദ്യോഗാര്‍ഥികളെ കേരളത്തിന് നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്. ഇതിനു പരിഹാരമായി പി എസ് സി പരീക്ഷാ സെന്ററുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കണം. ഓണ്‍ലൈന്‍ പരീക്ഷ പി എസ് സി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. മുഴുവന്‍ വിഭാഗങ്ങളിലും ഓണ്‍ലൈന്‍ പരീക്ഷക്ക് അവസരം ഒരുക്കണം. പ്രവാസി ആയാല്‍ സര്‍ക്കാര്‍ ജോലി അടഞ്ഞ അധ്യായമെന്ന നിലവിലെ അവസ്ഥക്ക് മാറ്റം വരാന്‍ ഇതിലൂടെ സാധിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വെരിഫിക്കേഷന്‍ നടപടികളും ഗള്‍ഫ് നാടുകളില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കാവുന്ന സംവിധാനം ഏര്‍പെടുത്തേണ്ടതുണ്ട്. 

 

തുല്യത/വിദൂരപഠനം

പഠനം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് ഗള്‍ഫിലേക്ക് വരാന്‍ നിര്‍ബന്ധിക്കപ്പെട്ട നല്ലൊരു ശതമാനം പ്രവാസി യുവാക്കള്‍ ഗള്‍ഫ് നാടുകളിലുണ്ട്. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിയ  പഠനവും ഇതു തെളിയിക്കുന്നു. മതിയായ വിദ്യാഭ്യാസയോഗ്യതകള്‍ ഇല്ലാത്തതിനാല്‍ തൊഴിലില്‍ ഉയര്‍ച്ച കൈവരിക്കാന്‍ കഴിയാത്തവരുടെ അനുഭവങ്ങളും നിരവധിയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രവാസി യുവാക്കളുടെ ഉപരിപഠനത്തിനും പഠന പൂര്‍ത്തീകരണത്തിനും സര്‍ക്കാറും പ്രവാസി സന്നദ്ധ സംഘടനകളും പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര കോഴ്‌സുകള്‍ക്ക് അവസരം സൃഷ്ടിച്ചിരുന്ന അംഗീകൃത കേന്ദ്രങ്ങള്‍ അടുത്തിടെ കേരള ഹൈകോടതി വിധിയെത്തുടര്‍ന്ന് നിര്‍ത്തലാക്കി. വിവിധ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററുകളില്‍ റജിസ്റ്റര്‍ ചെയ്ത് പഠനം നടത്തിയിരുന്ന നൂറു കണക്കിനു പ്രവാസി വിദ്യാര്‍ഥികളുടെ പഠനഭാവി ഇതിലൂടെ പ്രതിസന്ധിയിലായി. യൂനിവേഴ്‌സിറ്റിയുടെയും സര്‍ക്കാറിന്റെയും ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ ഫപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സമാന്തര വിദ്യാഭ്യാസത്തിനുള്ള അടിയന്തരവും പ്രായോഗികവുമായ പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. എസ് എസ് എല്‍ സി പൂര്‍ത്തിയാക്കാത്തവരായി തന്നെ നിരവധി പേര്‍ ഗള്‍ഫ് നാടുകളിലുണ്ട്. ഇവര്‍ക്കായി പഠന സൗകര്യമേര്‍പെടുത്താന്‍ സന്നദ്ധ സംഘടനകള്‍ രംഗത്തു വന്നുവെങ്കിലും പത്തിരട്ടിയിലധികം ഫീസ് വാങ്ങിയുള്ള ചൂഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രവാസി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ താഴെ. 

1. യൂനിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പഠനത്തിന് പ്രത്യേക കരിക്കുലവും അധ്യയന വര്‍ഷവും അടിസ്ഥാനപ്പെടുത്തിയുള്ള വിദൂര പഠന സൗകര്യം 

2. തുല്യതാ പഠന കേന്ദ്രങ്ങള്‍ ഗള്‍ഫില്‍ വ്യാപകമാക്കുകയും കുറഞ്ഞ ഫീസില്‍ പഠനവും പരീക്ഷയും ഒരുക്കുക 

3. സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുക. ഈ വിഭാഗത്തിന് ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുക. 

4. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവാസി വിദ്യാഭ്യാസത്തിനു പ്രത്യേക വിഭാഗവും പദ്ധതിയും ആവിഷ്‌കരിക്കുക. യുവാക്കളുടെ പഠനത്തിന് പ്രാധാന്യം നല്‍കുക. 

 

പ്രവാസി ഡാറ്റാ ബേങ്ക്  

പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ വശം ലഭ്യമല്ല. വിദേശങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും വിവരം ലഭ്യമല്ല. വിദേശ രാജ്യങ്ങളിലെ എംബസി, കോണ്‍സുലേറ്റുകള്‍ വഴി റജിസ്‌ട്രേഷന് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും പത്തു ശതമാനം പേര്‍ പോലും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ല. പൗരന്‍മാര്‍ എന്ന നിലയില്‍ പ്രവാസികളുടെ കണക്കുകള്‍ ശേഖരിക്കാന്‍ സ്വമേധയാ ഉള്ള റജിസ്‌ട്രേഷന്‍ നടപടി മാത്രം പര്യാപ്തമാകില്ല. ചില നിര്‍ദേശങ്ങള്‍

1. വിദേശത്തു വന്നിറങ്ങുന്ന ഇന്ത്യക്കാരുടെ വിസ, തൊഴില്‍  വിവരങ്ങള്‍ സഹിതം നയതന്ത്ര കാര്യാലയങ്ങള്‍ക്കു കൈമാറാന്‍ വിദേശ രാജ്യങ്ങളുമായി ഇന്ത്യ വിവര കൈമാറ്റ കരാറിലെത്തുക. 

2. ഇന്ത്യയില്‍ നിന്നു തൊഴില്‍ വിസയില്‍ പുറം രാജ്യങ്ങളിലേക്കു പോകുന്നവരുടെ വിവരങ്ങള്‍ പ്രത്യേക ഫോമില്‍ ഇമിഗ്രേഷന്‍ വിഭാഗം വഴി ശേഖരിച്ച് ജനറല്‍ ഡാറ്റയില്‍ മെര്‍ജ് ചെയ്യുക. 

3. വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്നവരുടെ വിവരങ്ങളും ശേഖരിച്ച് ഡാറ്റ കൃത്യമാക്കുക. 

 

പ്രതിനിധി കാര്യാലയങ്ങള്‍ 

സന്നദ്ധ സംഘടനകളെ പ്രയോജനപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങളിലെ പ്രദേശങ്ങളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധി കാര്യാലയം തുറക്കേണ്ടതുണ്ട്. കേരള സര്‍ക്കാറുമായി സാധാരണ പ്രവാസി സമൂഹത്തിന് സമ്പര്‍ക്കം പുലര്‍ത്തുന്നതിന് നിലവില്‍ സംവിധാനങ്ങളുടെ അപാര്യാപ്തത നില നില്‍ക്കുന്നുണ്ട്. 

ഗവണ്‍മെന്റ് ഓഡിനന്‍സുകളും അവകാശങ്ങളും വിശിഷ്യാ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സാധാരണ പ്രവാസി സമൂഹത്തിനു അറിയേണ്ടതുണ്ട്. ഗള്‍ഫ് നാടുകളില്‍ ആധികാരികമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തി സര്‍ക്കാറുകളുടെ പ്രതിനിധി സംവിധാനം ഏര്‍പെടുത്തേണ്ടത് അനിവാര്യതയാണ്. 

 

സാമൂഹികക്ഷേമം 

ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ നടപ്പിലാക്കുന്ന സാമ്പത്തിക ഭൗതിക സഹായങ്ങളെക്കുറിച്ച് ഭൂരിഭാഗം പ്രവാസികളും അജ്ഞരാണ്. നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുഴുവന്‍ പ്രവാസി സമൂഹങ്ങളിലേക്കും എത്തുന്നതിലെ പ്രയാസമാണ് പ്രധാനകാരണം. പ്രവാസി ഇന്ത്യക്കാരിലെ വലിയ സമൂഹം എന്ന നിലയില്‍ മലയാളികളുടെ ക്ഷേമത്തില്‍ കേരളം പ്രത്യേക ശ്രദ്ധ പുലര്‍ത്തി സാമൂഹികക്ഷേമ പദ്ധതികളുടെ ആനുകൂല്യം സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണം. സാമൂഹികക്ഷേമ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഇതുവഴി സാധിക്കണം. 

 

നിക്ഷേപം/വ്യവസായം 

പ്രാവാസികളുടെ സുരക്ഷിതമായ ധനനിക്ഷേപം ഇനിയും കൃത്യതയിലെത്തിയിട്ടില്ല. നിക്ഷേപം സമാഹരിക്കുന്നതിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ, പൊതുമേഖലാ സാമ്പത്തിക വ്യവസായ സ്ഥാപനങ്ങളാലും ഉണ്ടാകുന്നുവെങ്കിലും  സ്ഥിര സ്വഭാവമോ സുരക്ഷിതത്വമോ ഉണ്ടാകുന്നില്ല. സ്റ്റേറ്റിന് സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണ് എന്ന കണക്കുകള്‍ നിലനില്‍ക്കുമ്പോഴും പ്രവാസികളുടെ ധനത്തെ കേന്ദ്രീകരിപ്പിക്കുന്നതും ക്രിയാത്മകമാക്കുന്നതുമായ പദ്ധതി എടുത്തു പറയാനില്ല. ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇസ്‌ലാമിക് ബേങ്കിംഗ് പദ്ധതി ഈ രംഗത്ത് പ്രതീക്ഷ നല്‍കി. എന്നാല്‍ പ്രാവര്‍ത്തികമായില്ല. പ്രവാസികളെ കേന്ദ്രീകരിച്ചുള്ള ധന ഇടപാടു സംരംഭങ്ങള്‍ ശരീഅ അനുസൃതമാക്കുക എന്നത് പ്രധാനമാണ്. 

 

കമ്യൂണിറ്റി ഹോസ്പിറ്റല്‍ 

ഉയര്‍ന്ന ചികിത്സാ നിരക്കുകള്‍ വിദേശ രാജ്യങ്ങളില്‍ സമയത്ത് ചികിത്സ നേടാത്തത് പ്രവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. പരിഹാരമായി സര്‍ക്കാര്‍ താത്പര്യമെടുത്ത് നയതന്ത്ര കാര്യാലയങ്ങളുടെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ആശുപത്രി (ഹെല്‍ത്ത് സെന്റര്‍) തുടങ്ങണം. സ്വകാര്യ ആശുപത്രികള്‍, ഡോക്ടര്‍മാരുടെ സംഘടന, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ലാഭരഹിത സ്വഭാവത്തില്‍ ഇത്തരം അവശ്യ സേവനങ്ങളിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധ വരണം. 

 

പ്രവാസി സമ്മേളനങ്ങള്‍ 

സര്‍ക്കാര്‍ വന്‍ തുക ചെലവിട്ടു നടത്തുന്ന പ്രവാസി ഭാരതീയ ദിവസ്, ആഗോള പ്രവാസി സംഗമം തുടങ്ങിയവ പ്രവാസികളുടെ യഥാര്‍ഥ ജീവിതത്തെ സംബോധന ചെയ്യുന്നതിനും സമൂഹമായി അംഗീകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ച് പിന്തുടരുന്നതിനും പര്യാപ്തമാണെന്ന വിശ്വാസം ആര്‍ജിച്ചിട്ടില്ല. നിക്ഷേപാധിഷ്ഠിതമായ സംഗമം എന്ന സന്ദേശമാണ് ഇത്തരം സമ്മേളനങ്ങള്‍ പ്രസരിപ്പിക്കുന്നത്. ക്രിയാത്മക ഫലം ഉണ്ടാക്കുന്ന രീതിയില്‍ വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന പൗരന്‍മാരുടെ പാര്‍ലിമെന്റുകളായി പ്രവാസി സംഗമങ്ങള്‍ പരിഗണിക്കപ്പെടണം. 

പ്രവാസി സംഗമങ്ങളില്‍ പണം നല്‍കി റജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുന്നവര്‍ ആരെ പ്രതിനിധാനം ചെയ്യുന്നു എന്നതും പ്രശ്‌നമാണ്. എല്ലാ വിഭാഗം പ്രവാസികളെയും  പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഡെലിഗേഷന്‍ സ്വഭാവം പ്രവാസി സംഗമങ്ങളില്‍ കൊണ്ടു വരികയും സംഗമങ്ങളില്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ചകളും തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തി അവയുടെ പിന്തുടര്‍ച്ച ഉറപ്പു വരുത്തുകയും വേണ്ടതുണ്ട്. പ്രാവാസി സമൂഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അഭിപ്രായ സമാഹരണവും ലക്ഷ്യം വെച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളിലും സംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കേണ്ടതുണ്ട്. 

 

എംബസി ഓപണ്‍ ഹൗസുകള്‍ 

ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും സാമൂഹിക സംഘടനകള്‍ക്ക് വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നതിന് എംബസികള്‍ സന്നദ്ധമാകണം. ചില രാജ്യങ്ങളില്‍ കൃത്യമായി നടന്നു വരുന്ന ഓപണ്‍ ഹൗസുകള്‍ ഇന്ത്യന്‍ സമൂഹത്തിന് വലിയ ഫലം ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനകളെ എംബസിയുടെ മാനുഷീക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നതിനും സംവിധാനം ഉണ്ടാക്കണം.  

 

വിമാനയാത്രാ നിരക്ക് 

പൂര്‍വകാലങ്ങളെ അപേക്ഷിച്ച് നാട്ടിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സ്വകാര്യ വിദേശ വിമാനക്കമ്പനികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മാത്സര്യത്തിന്റെ ഫലവും പ്രവാസി സമൂഹത്തിന് അനുഭവിക്കാന്‍ കഴിയുന്ന സാഹചര്യം ഗുണപരമായി വിലയിരുത്താം. എന്നാല്‍ തിരക്കുള്ള സമയങ്ങളിലെ അമിത നിരക്കു വര്‍ധനയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. പീക്ക് പിരീയഡുകളിലെ നിരക്കു വര്‍ധനക്ക് മാനദണ്ഡമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ പരിധി നിശ്ചയിക്കുകയും റഗുലേറ്ററി ഏജന്‍സികളുടെ പ്രവര്‍ത്തനം ഏര്‍പെടുത്തുകയും വേണ്ടതുണ്ട്. 

 

ഇന്റര്‍നാഷന്‍ ഹബ്/എയര്‍പോര്‍ട്ട് സുരക്ഷ

ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസികളുള്ള സംസ്ഥാനമായ കേരളത്തിന് രാജ്യാന്തര പദവി നഷ്ടപ്പെടുക എന്നത് അപകടരമായ അവസ്ഥയാണ്. രാഷട്രീയ പ്രാദേശിക വിവേചനത്തിന്റെ ഇരകളാകാന്‍ എക്കാലത്തും വിധിക്കപ്പെട്ട മലയാളി സമൂഹത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനമാകും ഇത്. പരിഹരിക്കുന്നതിനായി കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടതുണ്ട്. 

വിമാനത്താവളങ്ങളുടെ സുരക്ഷയും സൗകര്യവും വളരെ മുഖ്യമാണ്. കരിപ്പൂര്‍ ഉള്‍പെടെയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിക്കൊണ്ടു തന്നെ വികസനം സാധ്യമാക്കണം. 

 

ഓണ്‍ലൈന്‍ വോട്ടിംഗ് 

വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ ഏതാണ്ട് തീരുമാനമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യം ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിയ സര്‍വേയില്‍ 70 ശമാനത്തിനു മുകളില്‍ പ്രവാസികളും പ്രതിദിനം ഓണ്‍ലൈന്‍ ഉപയോഗിക്കുന്നവരാണ്. ശേഷിക്കുന്നവര്‍ അപൂര്‍വമായും ഉപയോഗിക്കുന്നു. മുഴുവന്‍ പ്രവാസികള്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന മാര്‍ഗം എന്ന നിലയില്‍ ഓണ്‍ലൈന്‍ വോട്ടു രീതിയാണ് ഫലം ചെയ്യുക. 

 

തടവുകാരുടെ കൈമാറ്റം 

ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ കൈമാറ്റത്തിനു മുഴുവന്‍ രാജ്യങ്ങളുമായും കരാര്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളെ വല്ലപ്പോഴും കാണാനുള്ള അവസരമെങ്കിലും ഇതുവഴി സൃഷ്ടിക്കപ്പെടും. തടവു കാലം കഴിഞ്ഞും വിവിധ കാരണങ്ങളാല്‍ ജയില്‍ മോചനം സാധിക്കാത്ത പൗരന്‍മാരുടെ മോചനവും സര്‍ക്കാറുകളുടെ പരിഗണനയില്‍ വരേണ്ടതുണ്ട്. തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ പതിവായി സന്ദര്‍ശിക്കുന്നതിനും അവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും എംബസികളില്‍ സ്ഥിര സംവിധാനം വേണം. ജയില്‍ സന്ദര്‍ശനത്തില്‍ പ്രവാസി സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പെടുത്തണം.  

 

കുടിയേറ്റ നിയമഭേദഗതി 

തൊഴില്‍ തേടിയുള്ള വിദേശ കുടിയേറ്റം ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറുകയും രാജ്യത്തേക്ക് വിദേശ നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ധനാഗമനത്തിന് പ്രവാസികള്‍ അയക്കുന്ന പണം വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ കുടിയേറ്റ നിയമം ഭേദഗതിക്കു വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദേശ തൊഴില്‍ സാഹചര്യം അംഗീകരിച്ചു കൊണ്ടും പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ അംഗീകരിച്ചും കുടിയേറ്റ നിയമം ഭേദഗതിക്കു വിധേയമാക്കേണ്ടതുണ്ട്.