NEWS

പരിസ്ഥിതി ദിന സന്ദേശം

 

പുഴ വരണ്ടു,
നദി വറ്റി,
കിണറുണങ്ങി,
ജലം കിട്ടാക്കനിയായി,
മൃഗങ്ങള്‍ ചത്തൊടുങ്ങി,
കിളികള്‍ പിടഞ്ഞു വീണു.

ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അനുഗ്രഹമായി ഒഴുകിപ്പരന്നിരുന്ന ഉറവകള്‍ നിലച്ചിരിക്കുന്നു. കത്തുന്ന ചൂടിനെ ശപിച്ച്, പൊരിവെയിലിലുരുകി, വിയര്‍പ്പില്‍ കുതിര്‍ന്നാണ് നാം ഏതാനും മാസങ്ങള്‍ തള്ളിനീക്കിയത്.                  ഇലക്‌ട്രോണിക് പങ്കകള്‍ക്കും, ശീതീകരണ യന്ത്രങ്ങള്‍ക്കും നമ്മെ കുളിര്‍പ്പിക്കാനായില്ല. അപ്പോഴും നടക്കുന്നുണ്ടായിരുന്നു പ്രകൃതിക്കുമേലുള്ള മനുഷ്യതാണ്ഡവങ്ങള്‍. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കി ടിപ്പര്‍ ലോറികളില്‍ നാം                 എവിടേക്കോ മണ്ണ് കയറ്റിവിട്ടു. ഭൂമിക്കുള്ളിലെ അവസാന തുള്ളി ജലവും ഊറ്റിയെടുത്ത് കുത്തകകള്‍ കോളയും, പെപ്‌സിയും നിര്‍മിച്ചു.                കുടിവെള്ളം ബോട്ടിലിലാക്കി അവര്‍ വില്‍പനക്കു വെച്ചു. ഭൂമിയുടെ കണ്ണുനീരിന് പലനിറങ്ങള്‍ നല്‍കി പല വലിപ്പത്തിലുള്ള ബോട്ടിലുകളാക്കി ജലമാഫിയ കച്ചവടം കൊഴുപ്പിച്ചു. 

    വീടിന്റെ മുറ്റങ്ങള്‍ ഇന്റര്‍ലോക്ക് പതിച്ച്                   നാം 'വൃത്തിയുള്ളതാക്കി'. അകത്തും പുറത്തും                  പാദരക്ഷ വേണ്ടാത്ത വിധം നാം മണ്ണില്‍ നിന്ന്                   മുക്തരായി. ഒരിറ്റുവെള്ളം പോലും മണ്ണിനെ സ്പര്‍ശിക്കാതെ പുറത്തേക്കൊഴുകിപ്പോയി.                  ഒരു വീട്ടില്‍ ഓരോ അംഗത്തിനും ഓരോ                   വാഹനമായി. വാഹനപ്പുകയില്‍ അന്തരീക്ഷം     മലിനമായി. നാടു വളര്‍ന്നു. വികസനം                    മോഹിപ്പിക്കുന്ന പദമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നിഘണ്ടുവില്‍ ഇടം പിടിച്ചു. വ്യവസായങ്ങള്‍ വികസനത്തേരിലേറി ഗ്രാമത്തിലേക്കുമെത്തി. അതോടെ നമുക്ക് ശുദ്ധമെന്ന് പറയാന്‍ ഒന്നുമില്ലാതായി. വായു, വെള്ളം, മണ്ണ്... എല്ലാം മലിനമായി. കൃഷിഭൂമിയിലേക്ക് ആകാശത്ത്   നിന്ന് നാം വിഷമഴ വര്‍ഷിപ്പിച്ചു. വിള                           നശിക്കാതിരിക്കാനാണെന്ന് ന്യായം ചമച്ചു. സഹോദരിമാരുടെ ഉദരങ്ങളില്‍ പിറക്കാനിരുന്ന                       കുഞ്ഞുങ്ങളെകൂടി അങ്ങനെ നാം  വികൃതരൂപികളാക്കി.

    ഫാക്ടറികളില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന പുകയുടെയും മലിന ജലത്തിന്റെയും ബാക്കി പത്രമെന്താണെന്ന് ജനത്തിന്നറിയാം. ഭരണകൂടത്തിനുമറിയാം. 1984ലെ ഭോപ്പാല്‍ ദുരന്തം മറക്കാറായിട്ടില്ല. ആയിരങ്ങളാണ് വിഷവായു ശ്വസിച്ച് മരിച്ചൊടുങ്ങിയത്.    കുറ്റവാളികള്‍ പോറലേല്‍ക്കാതെ രക്ഷപ്പെട്ടു. മാവൂരിലെ ഗ്രാസിം കമ്പനിയില്‍ നിന്ന് ചാലിയാറിലേക്കൊഴുക്കി വിട്ട മലിനജലം എത്രയോ പേര്‍ക്ക് അര്‍ബുദം സമ്മാനിച്ചു. വിഷം                    പുറന്തള്ളാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ് നമ്മുടെ നഗരങ്ങളോരോന്നും. വിപണിയുടെ ലോകത്ത് മനുഷ്യത്വത്തിനല്ല  ലാഭത്തിനാണ് പ്രാധാന്യം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ                            സകലതിലും സര്‍വത്ര മായം. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും കീടനാശിനിയുടെ അതിപ്രസരം. ജീവിതം പ്രതിസന്ധി              യിലാണിപ്പോള്‍. ശ്വസിക്കാന്‍ ശുദ്ധവായു ഇല്ലാതെ, കുടിക്കാന്‍ തെളിനീര് ലഭിക്കാതെ മനുഷ്യന് എത്രകാലം ഭൂമുഖത്ത് നിലനില്‍ക്കാനാകും.              ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്ന ചോദ്യം കാതില്‍ വന്നലയ്ക്കുന്നു. ഉത്തരം നല്‍കാതെ നിര്‍വ്വാഹമില്ല. നമുക്ക്                   ജീവിക്കണം, വരും തലമുറക്കായി ഈ ഭൂമി കാത്തുവെക്കണം.

    നമ്മുടെ പാതകങ്ങള്‍ക്ക് പ്രകൃതി പിഴ ചോദിക്കുകയാണിപ്പോള്‍. സ്വയം കൃതാനര്‍ത്ഥങ്ങള്‍ക്ക് തിരിച്ചടി ഏറ്റുവാങ്ങാതെ തരമില്ല. എങ്കിലും നമുക്ക് പ്രായശ്ചിത്തം ചെയ്യണം. ഒരു വൃക്ഷത്തൈ കയ്യിലെടുക്കുക. വീട്ടുപറമ്പില്‍, വഴിയോരത്ത്    അത് വെച്ചുപിടിപ്പിക്കുക. നാളേക്കൊരു തണല്‍ വിരിക്കുക. നാളെ ലോകം അവസാനിക്കുമെന്നറിയുമെങ്കിലും കയ്യിലൊരു വൃക്ഷത്തൈ ഉണ്ടെങ്കില്‍ അത് നട്ടേക്കണമെന്ന് പ്രവാചക വചനമുണ്ട്. ഒരു ചെടിയും വെറുതെയാകില്ല. ആര്‍ക്കാണ് ഉപകാരപ്പെടുന്നത് എന്നതിലല്ല, നാളേക്ക് വേണ്ടി നിങ്ങളെന്ത് ബാക്കിവെക്കുന്നു എന്നതിലാണ് കാര്യം. 

    ഒരു മലയും ഇനി ടിപ്പര്‍ ലോറിയില്‍                         കയറില്ലെന്ന് നാം തീരുമാനിക്കുക. ഒരു                      ജലസ്രോതസ്സും മലിനപ്പെടുത്തില്ലെന്ന് ശപഥം ചെയ്യുക. വിഷനാശിനികളില്‍ വിളയുന്ന ഒരു കൃഷിയും വേണ്ടെന്നു വെക്കുക. നമുക്ക് വേണ്ടത് പരിസ്ഥിതി സൗഹൃദ വികസനമാണ്. മനുഷ്യ സൗഹൃദ വ്യവസായവും. മണി പവറും മസില്‍ പവറും കാട്ടി പ്രകൃതി വിഭവം കൊള്ളയടിക്കാന്‍ ഒരു കുത്തകയും ഇങ്ങോട്ടുവരേണ്ടതില്ലെന്ന്                    നിശ്ചയദാര്‍ഢ്യത്താല്‍ പറയണം നമ്മള്‍. ഉറച്ച                  തീരുമാനങ്ങള്‍ക്ക് മാത്രമേ ലോകത്തെ                        മാറ്റിപ്പണിയാനാകൂ.

    പരിസ്ഥിതിക്കു വേണ്ടിയുള്ള ഏത്                 ഇടപെടലും മനുഷ്യരുള്‍പ്പെടെ സര്‍വ്വ ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുക. ഭൂമിയില്‍ നിലനില്‍ക്കാന്‍ മനുഷ്യര്‍ക്ക് മാത്രമല്ല,   മറ്റു ജീവജാലങ്ങള്‍ക്കും അവകാശമുണ്ട്.                       ആ അവകാശം അവര്‍ക്ക് വകവെച്ചു                      നല്‍കേണ്ടത് വിവേകവും ബുദ്ധിയും കൊണ്ടനുഗ്രഹീതരായ മനുഷ്യരാണ്. 

    ജൂണ്‍ 1 -7 എസ് എസ് എഫ് പരിസ്ഥിതി           വാരാചാരമാഘോഷിക്കുന്നു. വിവിധങ്ങളായ പദ്ധതികള്‍ ഈ ദിനങ്ങളില്‍ നടക്കും. ഹരിത കാമ്പസുകളുടെ സൃഷ്ടിപ്പാണ് പ്രധാന ഉന്നം. ഓരോ വിദ്യാര്‍ത്ഥിയും കാമ്പസില്‍ ഒരു വൃക്ഷത്തൈ നട്ടുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളിയാകും. 


ഓര്‍ക്കുക, 
ഇത് നാളേക്കു വേണ്ടിയുള്ള പരിശ്രമമാണ്. 

ഈ യത്‌നം നിഷ്ഫലമാകില്ല. 
നിങ്ങള്‍ നട്ട ചെടി വളര്‍ന്നു മരമാകട്ടെ,
ആ മരച്ചുവട്ടിലിരുന്ന് തലമുറകള്‍ തണലാസ്വദിക്കട്ടെ,
ആ മരത്തലപ്പുകളില്‍ കിളികള്‍ കൂടുവെക്കട്ടെ,
ആ കിളിനാദങ്ങളില്‍ വരും കാലത്തിന്റെ പ്രഭാതമുണരട്ടേ.