State News

റാഗിംഗ്: നിയമം കാര്‍ക്കശ്യമാക്കണം – എസ് എസ് എഫ്

കോഴിക്കോട്: നിയമം കാര്‍ക്കശ്യമായി പ്രയോഗിക്കപ്പെടാത്തതു കൊണ്ടാണ് റാഗിംഗ് തുടര്‍ക്കഥയാകുന്നതെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. റാഗിംഗ് കേസുകളിലെ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അലംഭാവമുണ്ടാകുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കും. മണ്ണാര്‍ക്കാട് എം ഇ എസ് കോളേജില്‍ 

Read More

യൂണിറ്റുകളില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സുകള്‍ സംഘടിപ്പിക്കും എം എ ഉസ്താദ് തലമുറകളുടെ മതബോധം രൂപപ്പെടുത്തിയ പണ്ഡിതന്‍ - എസ് എസ് എഫ്

കോഴിക്കോട്:കേരളത്തിന്റെ മതബോധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പണ്ഡിതനായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എം എ ഉസ്താദിന്റെ ആലോചനയില്‍ 

Read More

ലിംഗസമത്വവും മാധ്യമനൈതികതയും ചൂടേറിയ വാദങ്ങളുമായി കലാലയം സംവാദം

കോഴിക്കോട് : ലിംഗസമത്വവും മാധ്യമ നൈതികതയും വിഷയത്തില്‍ എസ് എസ് എഫ് സാസ്‌കാരിക വിഭാഗമായ കലാലയം സംഘടിപ്പിച്ച സംവാദം ചൂടേറിയ വാദമുഖങ്ങളാല്‍ ശ്രദ്ധേയമായി. ജനങ്ങള്‍ക്കിടയില്‍ അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി എസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. സ്ത്രീകളോടുള്ള വിവേചനം പ്രതിഷേധാര്‍ഹമെങ്കിലും ചുംബന സമരം പോലുള്ള ആശയങ്ങള്‍ സമത്വം കൊണ്ടുവരാന്‍ പര്യാപ്തമല്ലെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. സെക്കുലര്‍ ഫണ്ടമെന്റലിസമാണ് കേരളം ഇന്നഭിമുഖീകരിക്കുന്ന വലിയ ഭീഷണിയെന്നും ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. 
ഇന്ത്യന്‍ മാധ്യമങ്ങള്‍ എക്കാലവും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും മാധ്യമങ്ങളെ അവഗണിച്ച് ഒരു സമൂഹത്തിനും മുന്നേറാന്‍ കഴിയില്ലെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. ഗുജറാത്തിലുള്‍പ്പെടെ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴി മരുന്നിട്ടതില്‍ മാധ്യമങ്ങളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്നായിരുന്നു ഒ അബ്ദുള്ളയുടെ നിരീക്ഷണം. സമൂഹത്തിന്റെ ധാര്‍മികമായ നില നില്‍പ്പിന് ചില നിയന്ത്രണങ്ങള്‍ കൂടിയേതീരൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
സമൂഹത്തില്‍ ഇന്ന് കാണുന്ന അസമത്വങ്ങളില്‍ പലതും സ്വാഭാവികമായുണ്ടായതാണെന്നും അതില്‍ മതം ഉത്തരവാദിയല്ലെന്നും വിഷയമവതരിപ്പിച്ച ചേറൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു. എന്‍ എം സ്വാദിഖ് സഖാഫി മോഡറേറ്ററായിരുന്നു. കലാലയം ചെയര്‍മാന്‍ ഫൈസല്‍ അഹ്‌സനി ഉളിയില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും സി കെ റാശിദ് ബുഖാരി നന്ദിയും പറഞ്ഞു. എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍ കലാം, എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ് സംബന്ധിച്ചു.

Read More

ക്ലീന്‍ അപ് ദി വേള്‍ഡ്; ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍

ക്ലീന്‍ അപ് ദി വേള്‍ഡ്;
ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍

ദുബൈ: ലോക പരിസ്ഥിതി ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി യു.എന്‍.ഇ.പി സംഘടിപ്പിക്കുന്ന ക്ലീന്‍ അപ് ദി വേള്‍ഡില്‍ ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരും പങ്കാളികളായി. വ്യത്യസ്ത സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇരുപത്തി രണ്ടാമത് ക്ലീന്‍ അപ് ദി വേള്‍ഡില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ പരിസരത്ത് രണ്ടായിരത്തോളം ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സംബന്ധിച്ചു. ഐസിഎഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി, ആര്‍ എസ് സി ഗള്‍ഫ് കൗസില്‍, നാഷനല്‍ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു. സുലൈമാന്‍ കന്മനം, അബ്്ദുറസാഖ് മാറഞ്ചേരി, അബ്്ദുസലാം മാസ്റ്റര്‍ കാഞ്ഞിരോട്, ഷമീം തിരൂര്‍, അബൂബക്കര്‍ അസ്്ഹരി, മുസ്തഫ ഇ കെ, നജീം തിരുവനന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിസര ശുചിത്വം വ്യക്തിശുചിത്വം പോലെ പ്രധാനമാണെന്നും ശുചിത്വസന്ദേശം നെഞ്ചേറ്റി പ്രകൃതിയുടെ കാവലാളാവാന്‍ ഈ യജ്ഞം പ്രചോദനമാകട്ടെ എന്നും ആര്‍ എസ് സി യു എ ഇ നാഷനല്‍ കണ്‍വീനര്‍ അഹ്്മദ് ഷെറിന്‍ സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി. കൂടുതല്‍ സന്നദ്ധ സേവകരെ അണിനിരത്തി ആര്‍ എസ് സി ഈ വര്‍ഷവും അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. ദുബൈ സോണ്‍ ഭാരവാഹികളായ അബ്ദുറശീദ് സഖാഫി, നൗഫല്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

Read More

കലാലയം പ്രഭാഷണ പരിശീലന ക്യാമ്പ് ഇന്ന് (വെള്ളി) ആരംഭിക്കും

കോഴിക്കോട്: എസ് എസ് എഫ് സാംസ്‌കാരിക വിഭാഗമായ കലാലയം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിശീലന ക്യാമ്പിന്റെ മൂന്നാം ഘട്ടം ഇന്നും നാളെയുമായി കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് സ്‌കൂളിള്‍ നടക്കും. എന്‍ അലി അബ്ദുല്ല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ അബ്ദുല്‍കലാം, ഡോ.കെ വി തോമസ്, സിവിക് ചന്ദ്രന്‍, വള്ളിയാട് മുഹമ്മദലി സഖാഫി, എം അബ്ദുല്‍ മജീദ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

Read More

എസ് എസ് എഫ് വിജ്ഞാന പരീക്ഷ; ജേതാക്കളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച ‘സയ്യിദുല്‍ ബശര്‍’ അടിസ്ഥാനമാക്കി മുതഅല്ലിമുകള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന ദഅ്‌വാ സമിതി സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയുടെ സംസ്ഥാനതല ജേതാക്കളെ പ്രഖ്യാപിച്ചു. കാരന്തൂര്‍ മര്‍കസില്‍ നിന്നുള്ള ജാഫര്‍ സി കെ ഒന്നാമതെത്തി. മലപ്പുറം കാരാട് അജ്മീര്‍ ഗേറ്റ് വിദ്യാര്‍ത്ഥി അല്‍ത്വാഫ്, കോടമ്പുഴ ദഅ്‌വാ കോള്ജില്‍ നിന്നുള്ള നജ്മുദ്ദീന്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കൊണ്ടോട്ടി ദഅ്‌വാ കോളജ് വിദ്യാര്‍ഥി ഉവൈസ് കെ എ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
 

Read More

മുതഅല്ലിംകള്‍ക്ക് പ്രഭാഷണം, കാലിഗ്രഫി പരിശീലനം നല്‍കുന്നു

കോഴിക്കോട് : എസ് എസ് എഫ് സാംസ്‌കാരിക വിഭാഗമായ കലാലയം മതവിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാഷണം, അറബിക് കാലിഗ്രാഫി വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ജനുവരി 28ന് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10.30 വരെ നടക്കുന്ന ക്യാമ്പില്‍ പ്രഭാഷണം, ഭാഷ, വഅള് എന്നീ സെഷനുകളില്‍ പ്രമുഖര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

അറബി കയ്യക്ഷരം, കാലിഗ്രഫി എന്നീ സെഷനുകളില്‍ ഫെബ്രുവരി 5 നാണ് ക്യാമ്പ് നടക്കുന്നത്. വൈകീട്ട് 4 മണിക്ക് ആരംഭിച്ച് രാത്രി 8 മണിക്ക് സമാപിക്കും. പ്രഭാഷണ ക്യാമ്പില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന മുതഅല്ലിമുകള്‍ 8281871313 എന്ന നമ്പറിലും കാലിഗ്രഫി ക്യാമ്പിലേക്ക് താല്‍പര്യപ്പെടുന്നവര്‍ 9048231949 എന്ന നമ്പറിലും വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കലാലയം കണ്‍വീനര്‍ അറിയിച്ചു.

Read More

എസ് എസ് എഫ് വിജിലന്‍ഷ്യ ഇന്ന് (ശനി) ആരംഭിക്കും

കോഴിക്കോട്: മാര്‍ച്ച് 11, 12, 13 തീയതികളില്‍ നടക്കുന്ന പ്രൊഫ്‌സമ്മിറ്റിന്റെ  ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രൊഫഷണല്‍ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ് വിജിലന്‍ഷ്യ ഇന്ന് ആരംഭിക്കും. കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന പരിപാടി കാലത്ത് ഒമ്പത് മണിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് നടക്കുന്ന സെഷനില്‍ അന്താരാഷ്ട്ര പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ സയ്യിദ് ഹബീബ് അല്‍ ജിഫ്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, ഫൈസല്‍ അഹ്‌സനി, എം അബ്ദുല്‍ മജീദ്, വി പി എം ഇസ്ഹാഖ് വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ക്യാമ്പ് സമാപിക്കും.

Read More

എസ് എസ് എഫ് വിജിലന്‍ഷ്യ സമാപിച്ചു

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ക്യാമ്പ് വിജിലന്‍ഷ്യ-2016 സമാപിച്ചു. രണ്ടു ദിനങ്ങളിലായി കാരന്തൂര്‍ മര്‍കസില്‍ നടന്ന പരിപാടി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.  അന്താരാഷ്ട്ര പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ സയ്യിദ് ഹബീബ് അല്‍ ജിഫ്രി മുഖ്യാതിഥിയായി പങ്കെടുത്തു.
    സി.മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, കെ സി അമീര്‍ ഹസന്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, എം അബ്ദുല്‍ മജീദ്, സി.കെ റാശിദ് ബുഖാരി, കെ. സൈനുദ്ധീന്‍ സഖാഫി,  നുഐമാന്‍, സി.പി ശഫീഖ് ബുഖാരി, ഫൈളുറഹ്മാന്‍ ഇര്‍ഫാനി  വിവിധ സെഷനുകളില്‍ ക്ലാസെടുത്തു.

Read More

രോഹിത് വെമുല സംഘ്പരിവാര്‍ അസഹിഷ്ണുതയുടെ ഇര - എസ് എസ് എഫ്

തിരുവനന്തപുരം : ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ ഇന്ത്യയിലെ സംഘ്പരിവാറിന്റെ തനിനിറം തുറന്നുകാട്ടുന്നതായി എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് രോഹിത് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശ പ്രകാരം സര്‍വ്വകലാശാലയില്‍ നിന്നു പുറത്താക്കിയത്. വിമര്‍ശകരെയും എതിരാളികളെയും നിശബ്ദരാക്കുകയെന്ന ഫാഷിസ്റ്റ് ശൈലിയാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ പ്രയോഗിച്ചത്. രാജ്യത്ത് ശക്തിപ്പെടുന്ന സംഘ്പരിവാര്‍ അസഹിഷ്ണുതയുടെ ഇരയാണ് രോഹിത് വെമുല. സവര്‍ണ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴില്‍ ദളിത് സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നതിന്റെ ഉത്തരം കൂടിയാണ് ഈ ഗവേഷക വിദ്യാര്‍ത്ഥിയോട് സംഘ്പരിവാര്‍ സ്വീകരിച്ച മനുഷ്യത്വരഹിതമായ സമീപനം. ജാതിയില്‍ താഴ്ന്നവരോട് കാട്ടുന്ന അസ്പൃശ്യതയാണ് രോഹിതിന്റെ പുറത്താക്കലില്‍ കലാശിച്ചത്. ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തേണ്ട ഭരണകൂടം തെറ്റായ നടപടികളിലൂടെ പൗരന്‍മാരുടെ ജീവനെടുക്കുന്ന കാഴ്ചയാണ് ഇന്ത്യയില്‍ പ്രകടമാകുന്നത്. ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടുകൊന്ന കാടത്തത്തിന് തുല്യമായ അതിക്രമമാണിത്. ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമെതിരായ പ്രതികാര നടപടികള്‍ സംഘ്പരിവാര്‍ അവസാനിപ്പിക്കണം. രോഹിത് വെമുലയെ കൊലക്കുകൊടുത്ത ആര്‍ എസ് എസ് കൈരാതത്തിനെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ എസ് എസ് എഫ് ആവശ്യപ്പെട്ടു.

Read More

എസ് എസ് എഫ് ധര്‍മജാഗരണ യാത്രക്ക് പ്രൗഢമായ തുടക്കം

തിരുവനന്തപുരം : ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥന കമ്മിറ്റി സംഘടിപ്പിക്കുന്ന തെക്കന്‍ കേരള ധര്‍മജാഗരണ യാത്രക്ക് തിരുവനന്തപുരം ബീമാ പള്ളിയില്‍ നിന്ന് പ്രൗഢമായ തുടക്കം. വൈകിട്ട് 4 മണിക്ക് നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ യാത്രാ ക്യാപ്്റ്റന്‍ പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. എ സൈഫുദ്ദീന്‍ ഹാജി, അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവര്‍ സംബന്ധിച്ചു. കണിയാപുരം, വര്‍ക്കല, നെടുമങ്ങാട്, എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ മറ്റ് സ്വീകരണ കേന്ദ്രങ്ങള്‍. കൊല്ലം ജില്ലയില്‍ അഞ്ചല്‍, കുന്നിക്കോട്, ഉമയനല്ലൂര്‍, ചക്കുവള്ളി, ഇടപ്പള്ളിക്കോട്ട, പത്തനംതിട്ടയില്‍ അടൂര്‍, പരുമല, കോട്ടയത്ത് മുണ്ടക്കയം, തലയോലപ്പറമ്പ്, കോട്ടയം, ഇടുക്കിയില്‍ മുരിക്കാശ്ശേരി, ഉടുമ്പന്നൂര്‍, തൊടുപുഴ, ആലപ്പുഴ ജില്ലയില്‍ മണ്ണഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളത്തില്‍ ജനപ്രതിനിധികളും പ്രാസ്ഥാനിക നേതാക്കളും യാത്രയെ അഭിവാദ്യം ചെയ്യും. എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കും. യാത്രയെ അനുഗമിക്കുന്ന 33 അംഗ ധര്‍മ്മസംഘം വ്യക്തി സമ്പര്‍ക്കത്തിലൂടെയും ലഘുലേഖകള്‍ വഴിയും സമ്മേളന സന്ദേശം കൈമാറും. യാത്ര ജനുവരി 26 ന് കായംകുളത്ത് സമാപിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

Read More

രോഹിത് വെമുല : ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എസ് എസ് എഫ് ധര്‍ണ സംഘടിപ്പിക്കും

കോഴിക്കോട് : സംഘ് പരിവാറിന്റെ ദളിത് വേട്ട അവസാനിപ്പിക്കുക, രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളായ കേന്ദ്ര മന്ത്രിമാരെയും ഹൈദരാബാദ് സര്‍വ്വകലാശാല വിസിയെയും പുറത്താക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി എസ് എസ് എഫ് നാളെയും (വെള്ളി) മറ്റന്നാളെയുമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ധര്‍ണസംഘടിപ്പിക്കും.
ദളിതര്‍ക്കെതിരെ സംഘ് പരിവാര്‍ തുടരുന്ന മനുഷ്യത്വ രഹിതമായ നിലപാടുകളില്‍ ബഹുജനാഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. 
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനവും പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് എസ് എസ് എഫിന്റെ മുഴുവന്‍ ഘടകങ്ങളും ഇ-മെയില്‍ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read More

അസഹിഷ്ണുത: മുഖ്യകാരണം ഭരണഘടനാ മൂല്യങ്ങളോടുള്ള നിഷേധമനോഭാവം

കായംകുളം: ഭരണഘടനാ മൂല്യങ്ങളോടുള്ള നിഷേധമനോഭാവമാണ് രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ മുഖ്യകാരണം എന്ന്
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കായംകുളത്ത് എസ്എസ്എഫ് ധര്‍മജാഗരണ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൗരന്‍മാരും തുല്യരാണെന്നും മത, ജാതി വ്യത്യാസങ്ങളുടെ പേരില്‍ ആരോടും വിവേചനം പാടില്ലെന്നുമാണ് ഭരണഘടന അനുശാസിക്കുന്നത്. അതിനു കടക വിരുദ്ധമായ എത് പ്രവര്‍ത്തനവും എതിര്‍ക്കപ്പെടേണ്ടതാണ്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് എല്ലാ പൗരന്‍മാരുടെയും ബാധ്യതയാണെങ്കിലും ഭരണ കുടമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുല എന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം ജാതീയമായ വിവേചനങ്ങള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്. എല്ലാ മത, ജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പഠനത്തിലും തൊഴിലിലും അവസര സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നിട്ടും ദളിത് വിദ്യാര്‍ത്ഥികളോട് ഭരണകൂടവും സര്‍വ്വകലാശാല അധികൃതരും കാട്ടിയ മനുഷ്യത്വ വിരുദ്ധമായ സമീപനം നമ്മുടെ രാജ്യത്തിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്നതാണ്.
രാജ്യത്തിന്റെ സിവിലിയന്‍ ബഹുമതികള്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ഇത്തരം അവാര്‍ഡുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തും. ഭരിക്കുന്ന കക്ഷിയോടൊപ്പം നില്‍ക്കുന്നു എന്നതാകരുത് പത്മ അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡം. എല്ലാ വിഭാഗങ്ങളെയും വിശ്വസത്തിലെടുക്കാനും എല്ലാവരുടെയും അവകാശങ്ങള്‍ വകവെച്ചു നല്‍കാനും ഭരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.
മതശാസനകള്‍ യുക്തിബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വീകരിക്കേണ്ടതല്ല. യുക്തിക്കു വഴങ്ങുന്നില്ല എന്നത് കൊണ്ട് മതം വിലക്കിയ ഒരു കാര്യം അനുവദനീയമാകുന്നില്ല. പഠനമാധ്യമങ്ങള്‍ മാറുന്നതും സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതും അംഗീകരിക്കുമ്പോള്‍ തന്നെ അതിനനുസൃതമായി മത സിദ്ധാന്തങ്ങള്‍ മാറ്റിയെഴുതണമെന്ന് പറയുന്നത് അബദ്ധമാണ്. സ്‌കൂളുകളിലും കോളേജുകളിലും വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്നു എന്നത് സിനിമ ഹലാലാണെന്ന് പറയാനുള്ള ന്യായീകരണമല്ല.
മതം പഠിക്കേണ്ടത് ആധികാരിക സ്രോതസ്സുകളില്‍ നിന്നും അങ്ങനെ പഠിച്ച പണ്ഡിതന്‍മാരില്‍ നിന്നുമാണ്. തങ്ങള്‍ പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുകയും അത് സമൂഹത്തിനു മുന്നില്‍ തുറന്നു പറയുകയും ചെയ്യുന്നവരെ അപരിഷ്‌കൃതരായി ചിത്രീകരിച്ചിട്ട് കാര്യമില്ല. ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വായിച്ചറിഞ്ഞവര്‍ ആധികാരികമെന്നോണം മതവിഷയങ്ങളില്‍ അഭിപ്രായം പറയുന്നതും അത്തരക്കാരെ ക്ഷണിച്ചു വരുത്തി അഭിപ്രായം പറയിക്കുന്നതും ഇസ്‌ലാമിക തത്വങ്ങള്‍ മാറ്റി മറിക്കണമെന്നാഗ്രഹിക്കുന്നവരാണ്. അതിന് കൂട്ടുനില്‍ക്കാന്‍ മതം പഠിച്ച പണ്ഡിതന്‍മാര്‍ക്കാകില്ല. പര്‍ദ്ദയെന്ന് കേള്‍ക്കുമ്പോഴേക്ക് ഹാലിളകുകയും ചാടിക്കയറി അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ സ്ത്രീ സമൂഹത്തിനെതിരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു നേരെ മൗനം പാലിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷിതത്വമാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള മത നിര്‍ദ്ദേശങ്ങളുടെ ഭാഗമാണ് അവരുടെ വസ്ത്രവും. ആര്‍ക്കെങ്കിലും അത് രസിക്കുന്നില്ല എന്നത് കൊണ്ട് മതത്തിനു വിരുദ്ധമായി അഭിപ്രായം പറയാന്‍ ഞങ്ങളെ കിട്ടില്ല. വിമര്‍ശകര്‍ക്ക് അഭിപ്രായ സാതന്ത്ര്യമുണ്ട് എന്നത് പോലെ പഠിച്ചതനുസരിച്ച് പറയാന്‍ ഞങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് വിമര്‍ശകര്‍ വകവെച്ചു തന്നാലുമില്ലെങ്കിലും പഠിച്ച കാര്യങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.

Read More

എസ് എസ് എഫ് വിസ്ഡം ഹബ്ബ് സമര്‍പ്പണം നാളെ (ഞായര്‍)

കോഴിക്കോട് : എസ് എസ് എഫ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 6300 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന വിസ്ഡം ഹബ്ബിന്റെ ഒന്നാഘട്ടം സമര്‍പ്പണം നാളെ നടക്കും. എസ് എസ് എഫിന്റെ കീഴില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പദ്ധതിയുടെ തുടര്‍ച്ചയാണ് വിസ്ഡം ഹബ്ബ് നിലവില്‍ വരുന്നത്. 500 യൂണിറ്റുകളിലാണ്. ആദ്യഘട്ടത്തില്‍ ഹബ് തുറക്കുന്നത്. 
    ഉപരിപഠനം, സ്‌കോളര്‍ഷിപ്പ്, പി എസ് സി, യു പി എസ് സി പരിശീലനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, മോട്ടിവേഷന്‍ പ്രോഗ്രാം, പരീക്ഷാധിഷ്ഠിത പരിശീലനങ്ങള്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ഹബ്ബില്‍ ലഭ്യമാകും. 
    നാളെ കാലത്ത് 9 മണിക്ക് തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരകഹാളില്‍ അലിഗഢ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ പികെ അബ്ദുല്‍ അസീസ് ഹബ് സമര്‍പ്പണം നിര്‍വ്വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാന ന്യൂനപക്ഷ ചെയര്‍മാന്‍ അഡ്വ എം വീരാന്‍ കുട്ടി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, ഡോ എപി അബ്ദുല്‍ ഹകീം അസ്ഹരി, ആര്‍ പി ഹുസൈന്‍, എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുല്‍ മജീദ് പ്രസംഗിക്കും 

Read More

എസ് എഫ് ഐ ഗുണ്ടാ രാഷ്ട്രീയം അവസാനിപ്പിക്കണം: എസ് എസ് എഫ്

കോഴിക്കോട്: എസ്എഫ് ഐ അക്രമ രാഷ്ട്രീയമവസാനിപ്പിച്ച് ജനാധിപത്യത്തിന്റെ  വഴി തിരഞ്ഞെടുക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എറണാകുളം മഹാരാജാസിലും കോവളത്തും എസ്എഫ് ഐ നടത്തിയത് ഗുണ്ടാവിളയാട്ടമാണ്. രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എസ് എഫ് ഐ ക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. ഹൈദരാബാദ് വിഷയത്തില്‍ ഇടതു വിദ്യാര്‍ഥി സംഘടനയുടെ ഇടപെടല്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഇതേ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഏത് സമരത്തോടും ഐക്യപ്പെടുകയാണ് എസ് എഫ് ഐ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം, രോഹിത് വിഷയത്തില്‍ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന എസ് എഫ് ഐ ധാര്‍ഷ്ട്യമാണ് മഹാരാജാസില്‍ പ്രകടമായത്. എസ്എഫ് ഐക്ക് മൃഗീയാധിപത്യമുള്ള കാമ്പസുകളില്‍ ഫാഷിസ്റ്റ് സ്വഭാവത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കാറുള്ളത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം പോലുമുണ്ട്.              കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ താല്പര്യം എന്തു തന്നെയായിരുന്നാലും ടി പി ശ്രീനിവാസനെ അക്രമിച്ചതിന് അത് ന്യായീകരണമാകുന്നില്ല. സംഘടനയുടെ ക്ഷമാപണം സത്യസന്ധമെങ്കില്‍ ശ്രീനിവാസനെ അക്രമിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കണം. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളിലൂടെ അവിവേകികളുടെ ആള്‍കൂട്ടമായി എസ് എഫ് ഐ മാറുന്നു എന്ന സംശയം ബലപ്പെടുകയാണ് . ആഗോള വിദ്യാഭ്യാസ സംഗമത്തെ പ്രതിയുള്ള  എസ് എഫ് ഐ യുടെ മുന്‍വിധിയാണ് അവരെ സമരത്തിന് പ്രേരിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍കരണം എതിര്‍ക്കപ്പെടേണ്ടതെങ്കിലും ഇത്തരത്തിലൊരു സംഗമവും കേരളത്തില്‍ നടക്കരുതെന്ന ദുശാഠ്യം ജനാധിപത്യവിരുദ്ധമാണ്. വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് മുമ്പ് എസ് എഫ് ഐ നന്നായി ഗൃഹപാഠം ചെയ്യണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.

Read More

എസ് എസ് എഫ് വിസ്ഡം ഹബ്ബ് നാടിന് സമര്‍പ്പിച്ചു

തിരൂര്‍ : വിദ്യാഭ്യാസ രംഗത്ത് പുതിയ കുതിപ്പുകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ എസ് എസ് എഫ് ആരംഭിക്കുന്ന വിസ്ഡം ഹബ്ബ് നാടിനു സമര്‍പ്പിച്ചു. വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായ സംരംഭങ്ങളുമായി വിസ്ഡം ഹബ്ബുകള്‍ നാടിന്റെ വികസന വിപ്ലവത്തിന് അരങ്ങൊരുക്കും. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അലിഗഡ് സര്‍വ്വകലാശാല മുന്‍ വി സി ഡോ. പികെ അബ്ദുല്‍ അസീസ് ആണ് വിസ്ഡം ഹബ്ബ് സമര്‍പ്പണം നടത്തിയത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു.
കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം വീരാന്‍ കുട്ടി അതിഥിയായി പങ്കെടുത്തു. ആര്‍ പി ഹുസൈന്‍, എം അബ്ദുല്‍ മജീദ്, സി എന്‍ ജാഫര്‍, എം അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. 
ഉപരി പഠനരംഗത്ത് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ പഠനാവസരമൊരുക്കുക, സര്‍ക്കാര്‍, സര്‍ക്കാറിതര സംഘടനകള്‍ നല്‍കുന്ന ഗ്രാന്റുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവരം നല്‍കുക, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള തൊഴിലവസരങ്ങള്‍ അറിയിക്കുക, പഠന, തൊഴില്‍ മേഖലകളില്‍ അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യമൊരുക്കുക, പരീക്ഷാ സംബന്ധ മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിസ്ഡം ഹബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആദ്യഘട്ടം 500 യൂണിറ്റുകളിലാണ് ഹബ്ബുകള്‍ തുടങ്ങുന്നത്. 2016 ഏപ്രില്‍ - മെയ് മാസത്തോടെ 6300 യൂണിറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും.

Read More

എം എ ഉസ്താദിന്റെ ലോകം കലാലയം സെമിനാര്‍ നാളെ(ബുധന്‍)

കോഴിക്കോട് : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന എം എ ഉസ്താദ് ലോകം സെമിനാര്‍ നാളെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. വൈകിട്ട് 3.30ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിക്കും.
പ്രാസ്ഥാനികം, ചിന്ത, വിദ്യാഭ്യാസം, ജീവിതം, മൗദൂദി വിമര്‍ശം സെഷനുകളില്‍ തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, എന്‍ അലി അബ്ദുള്ള, ഡോ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, എന്‍ എം സ്വാദിഖ് സഖാഫി തുടങ്ങിയവര്‍ സംസാരിക്കും

Read More

എം.എ ഉസ്താദ് പ്രബോധനം ജീവിത ദൗത്യമാക്കിയ പണ്ഡിതന്‍ : കാന്തപുരം

കോഴിക്കോട് : പ്രബോധനത്തിന്റെ സര്‍വ്വ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ടൗണ്‍ഹാളില്‍ എസ് എസ് എഫ് സാംസ്‌കാരിക വിഭാഗം കലാലയം സംഘടിപ്പിച്ച എം എ ഉസ്താദിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പ്രബോധനത്തെ ജീവിത ദൗത്യമാക്കാന്‍ എം എ ഉസ്താദിന് സാധിച്ചു. എഴുത്ത്, പ്രഭാഷണം, സംഘാടനം, അധ്യാപനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി. തുടങ്ങിവെച്ച സംരംഭങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് കൃത്യമായ ജീവിത നിഷ്ഠയിലൂടെയും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളിലൂടെയുമാണ്. 
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ കലാലയം എക്‌സിക്യൂട്ടീവ് മെമ്പര്‍ കോട്ടുമല ഉമറുല്‍ ഫാറൂഖ് സഖാഫിക്ക് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കാന്തപുരം സമ്മാനിച്ചു. എന്‍ അലി അബ്ദുള്ള, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, കെ അബ്ദുല്‍ കലാം, ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിച്ചു.

Read More

അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ രംഗത്തിറങ്ങുക: എസ് എസ് എഫ്

കോഴിക്കോട്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജനാധിപത്യ ശക്തികള്‍ കൂട്ടായ പ്രക്ഷോഭത്തിനിറങ്ങണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ സമരങ്ങളെ ദേശദ്രോഹ മുദ്രചാര്‍ത്തി അടിച്ചമര്‍ത്തുകയാണ് കേന്ദ്ര ഭരണകൂടം. സംഘ് പരിവാറിനോട് വിയോജിക്കുന്നവരെ കൊലപ്പെടുത്തിയും കള്ളക്കേസ് ചുമത്തി ജയിലിലടച്ചും നിശബ്ദരാക്കാനുള്ള നീക്കത്തിലൂടെ പൗരന്‍മാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. മഹാത്മാഗാന്ധി മുതല്‍ എം എസ് കല്‍ബുര്‍ഗി വരെയുള്ളവരെ കൊലപ്പെടുത്തിയ അതേ ഫാഷിസ്റ്റ് ബോധമാണ്  ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെയും പ്രയോഗിക്കപ്പെടുന്നത്. ജെഎന്‍യു പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച രാഷ്ട്രീയ നേതാക്കളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്ന സംഘ് പരിവാര്‍ ഗാന്ധി വധം, ബാബരി തകര്‍ച്ച ഉള്‍പടെയുള്ള ദേശദ്രോഹപ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്തോട് മാപ്പ് ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷനുകൂല നിലപാടെടുത്ത ആര്‍ എസ് എസില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ദുര്‍ഗതി ഇന്ത്യന്‍ ജനതക്കില്ല. ജെ എന്‍ യു പ്രശ്‌നത്തില്‍ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി നേതാക്കളെയും മോചിപ്പിക്കാനും അവര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.

Read More

വിസ്ഡം സിവില്‍ സര്‍വ്വീസ് പ്രീ-കോച്ചിംഗ് സെന്റര്‍ 2016-17 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: വിസ്ഡം സിവില്‍ സര്‍വീസ് അക്കദമിക്ക് കീഴില്‍ 2016-17 അധ്യായന വര്‍ഷം പ്രീ-കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വ്വീസ് ആഭിമുഖ്യം വളര്‍ത്തുക, പി എസ് സി, യു പി എസ് സി തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുക, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠന മികവിനുള്ള നൂതന തന്ത്രങ്ങള്‍ പരിച്ചയപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമാക്കി നാലു  വര്‍ഷമായി പ്രീകോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ എട്ട്, ഒമ്പത്,പത്ത്,ഹയര്‍ സെക്കണ്ടറി  ക്ലാസ്സുകളില്‍  പഠിക്കുന്ന  വിദ്യാര്‍ഥികള്‍ക്കാണ്  പ്രീ-കോച്ചിംഗ്  സെന്ററുകളില്‍        പ്രവേശനം നല്‍കിയിട്ടുള്ളത്. അടുത്ത അധ്യായന വര്‍ഷം പ്രീ-കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍:9961786500, 8281149326. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2016 ഫെബ്രുവരി 29

 

Read More

പ്രവാസി അവകാശ രേഖ

ആമുഖം 

പ്രവാസികള്‍; കാലഭേദങ്ങള്‍ക്കനുസരിച്ച് നിര്‍വചനം മാറിക്കൊണ്ടിരിക്കുന്ന സമൂഹം. സമ്പന്നരും ജീവിത സൗകര്യങ്ങള്‍ അനുഭവിക്കുന്നവരുമെന്നും എല്ലാ കാലത്തും അവഗണനയും പ്രയാസങ്ങളും വിവേചനവും നേരിടേണ്ടി വരുന്ന സമൂഹമെന്നുമുള്ള വ്യാഖ്യാനങ്ങളുടെ വിധേയര്‍. മാതൃനാട്ടില്‍ നിന്നും വേരറുത്തിടാതെ താത്കാലികമായി മാത്രം പരദേശവാസം നയിക്കുന്ന പ്രവാസികള്‍, പൗരര്‍ എന്ന അരര്‍ഥത്തിലുള്ള അവകാശങ്ങളില്‍ നിന്നും പടിക്കു പുറത്തു നിര്‍ത്തപ്പെടുന്നു എന്ന വിശകലനത്തെ സാധൂകരിക്കുന്നുണ്ട് ചില വ്യവസ്ഥകള്‍. 

കാലം മാറുന്നതനുസരിച്ച്, സമൂഹം ആഗോളവത്കരിക്കപ്പെടുന്നതിനൊത്ത് കാഴ്ചപ്പാടുകളില്‍ മാറ്റം വരുന്നുണ്ട്. എങ്കിലും ഒരു ഒരു പൗര സമൂഹം എന്ന അര്‍ഥത്തിലുള്ള പരിഗണനയുടെ മുറ്റത്തേക്ക് പ്രവാസികള്‍ ചേര്‍ത്തു നിര്‍ത്തപ്പെട്ടിട്ടില്ല. ജനാധാപത്യ ഭരണക്രമത്തില്‍ നയരൂപവത്കരണം നടത്തുന്ന രാഷ്ട്രീയ മാനിഫെസ്റ്റോകളിലെ പിശകുകളാണ് ഒരു കൊച്ചു സംസ്ഥാനത്തോളം വരുന്ന പ്രവാസി സമൂഹം ഇപ്പോഴും സ്റ്റേറ്റിന്റെ പരിഗണനയില്‍ വരുന്ന സമൂഹമാകാതെ പുറത്തു നിര്‍ത്തപ്പെടുന്നത്. 

എന്നാല്‍, സ്വയാര്‍ജിത സ്വത്വം പ്രവാസികള്‍ മുഖ്യധാരയിലേക്കു വരുന്നതിനു വഴികളൊരുക്കിയിട്ടുണ്ട്. അപ്പോഴും പ്രവാസികള്‍ എന്ന സാമാന്യ പരികല്‍പനയില്‍ പെട്ടുപോകുന്ന വലിയൊരു വിഭാഗം അധസ്ഥിത ജനം പ്രവാസികളുടെ ഇടയില്‍ കാഴ്ചപ്പുറത്തു നിന്നു മാറി ഉപജീവനം നടത്തുന്നുണ്ട്. പ്രവാസികളിലെ സാമ്പത്തിക മേല്‍ത്തട്ടും കീഴ്ത്തട്ടും തന്നെയാണ് ഈ വിഭജനത്തിന്റെ അതിര്‍രേഖ. അടിസ്ഥാന വിഷയം പ്രവാസികളുടെ സാമൂഹീകരണവും അതനുസരിച്ച് നാളെകളിലേക്കു നടക്കാനുള്ള കാഴ്ചപ്പാടുമാണ്. 

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റില്‍ ചര്‍ച്ച ചെയ്ത പ്രവാസികളുടെ ജീവിതാവസ്ഥകളില്‍ നിന്ന് രൂപപ്പെടുത്തിയ അവകാശരേഖ പ്രവാസി സമൂഹത്തിന്റെയും പ്രവാസി സമൂഹം പരിഗണിക്കപ്പെടേണ്ട ഭരണ, രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിന്റെയും മുന്നില്‍ വെക്കുന്നു.     

 

ജനറല്‍ കണ്‍വീനര്‍

ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍  

 

 

പ്രവാസി സമൂഹം (കമ്യൂണിറ്റി) 

പ്രവാസി ഇന്ത്യക്കാരെ അഥവാ തൊഴില്‍ ആവശ്യാര്‍ഥം വിദേശ രാജ്യങ്ങളില്‍ വന്ന് ജീവിക്കുന്നവരെ പ്രത്യേക സമൂഹമായി അംഗീകരിക്കാന്‍ സര്‍ക്കാറും ഇന്ത്യന്‍ പൗരസമൂഹവും തയാറാകണം. ഈ ദിശയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ട്. 

ജാതി, മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ സമൂഹമായി അംകീകരിക്കപ്പെട്ടതു പോലെയാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സമൂഹം അംഗീകരിക്കപ്പെടേണ്ടത്. ഇപ്രകാരം അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യം പ്രവാസിക്കു നല്‍കുന്ന പരിഗണന ഒരു സ്റ്റേറ്റിനെ സംബന്ധിച്ച് അതിപ്രധാനമായി കരുതുന്നു. സമൂഹം എന്ന നിലയില്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമായിരിക്കും പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും സംബോധന ചെയ്യപ്പെടുകയും പരിഹരിക്കപ്പെടുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പടുകയും ചെയ്യുക എന്നു കരുതുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ഭരണ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രത്തില്‍ ഒരു സമൂഹം എന്ന നിലയിലുള്ള പരിഗണനക്ക് വര്‍ധിത പ്രാധാന്യം കൈവരുമെന്നതു തീര്‍ച്ച. കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ വിഭജിക്കപ്പെട്ടതാണ് ഈ സമൂഹം എങ്കില്‍ കൂടി അതു ഫലപ്രദമായിരിക്കും. പാര്‍ട്ടികളുടെ പരിഗണനയിലും അതിനു സ്വാധീനമുണ്ടാകും. 

പ്രവാസികള്‍ സമൂഹമായി അംഗീരിക്കപ്പെടുമ്പോള്‍ നിയമനിര്‍മാണ സഭകളിലും അധികാര വികേന്ദ്രീകരണത്തിന്റെ അവകാശി സമൂഹത്തിലുമെല്ലാം പ്രവാസി പരിഗണിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ വേണ്ടതുണ്ടെന്ന കാഴ്ചപ്പാടുകൂടി ഉയര്‍ന്നു വരും. രണ്ടു പാര്‍ലിമെന്റ് മണ്ഡലത്തോളവും 14 നിയമസഭാ മണ്ഡലത്തോളവും ജനസംഖ്യയുള്ള ഒരു സമൂഹമാണ് പ്രവാസികള്‍ എന്നത് സാമൂഹികീകരണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 

 

സ്റ്റേറ്റിന്റെ പരിഗണന 

പ്രവാസികളെ പ്രവാസി വകുപ്പിന്റെ പരിഗണനയില്‍ മാത്രം ചേര്‍ത്തു നിര്‍ത്തപ്പെടുന്ന സാഹചര്യം ഒരു സമൂഹം എന്ന നിലയിലുള്ള വിശാല താത്പര്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും സ്റ്റേറ്റ് ശ്രദ്ധ പതിപ്പിക്കുന്ന സ്ഥിതിയുണ്ടാകേണ്ടതുണ്ട്. തൊഴില്‍, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, വ്യവസായം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങള്‍ക്കെല്ലാം പ്രവാസി സമൂഹത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ടു തന്നെ ഇടപെടാനുണ്ട്. എന്നാല്‍ പ്രവാസി സമൂഹത്തിന്റെ ഈ സാഹചര്യങ്ങളെ സര്‍ക്കാറുകളോ വകുപ്പുകളോ വിശാലാര്‍ഥത്തില്‍ പരിഗണിച്ചു കാണുന്നില്ല. അതു കൊണ്ടു തന്നെ പ്രവാസി വകുപ്പിന്റെ കേവല പരിഗണനയിലേക്കു നീക്കി നിര്‍ത്തപ്പെടുന്ന പ്രവാസികള്‍ക്ക് പൗരന്‍ എന്ന അര്‍ഥത്തിലുള്ള സാമൂഹിക പരിഗണന ലഭിക്കാതെ പോകുന്നു. ഗള്‍ഫു നാടുകളില്‍ വന്ന് രാജ്യാന്തര സമൂഹത്തോടു ചേര്‍ന്ന് വിവിധ തൊഴില്‍, വ്യവസായ, ഭരണ രംഗങ്ങളിലും ആശയവിനിമയത്തിലും അവഗാഹം നേടുന്ന പ്രവാസികളുടെ മനുഷ്യവിഭവം രാജ്യത്തിനു വേണ്ടി പ്രയോഗിക്കുന്നതിലും സ്റ്റേറ്റിന് താത്പര്യമുണ്ടാകണം.  

രാഷ്ട്രീയ നയരൂപത്കരണം

രാഷ്ട്രത്തിന്റെ നിര്‍മാണ, ഭരണ പ്രക്രിയക്കു നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം ജനാധിപത്യ രീതിയോടു ചേര്‍ന്നു രൂപപ്പെട്ടു വന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ പ്രവാസി സമൂഹത്തെ സംബോധന ചെയ്യുന്നതിലും പരിഗണിക്കുന്നതിലും സര്‍ക്കാറുകളുടെ നയം രൂപപ്പെടുക ഭരണത്തിനു നേതൃത്വം നല്‍കുന്നവരും നിയമനിര്‍മാണ സഭകളില്‍ പ്രതിനിധീകരിക്കുന്നവരുമായ പാര്‍ട്ടികളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ പാര്‍ട്ടികള്‍ക്ക് പ്രവാസികളെ സംബന്ധിക്കുന്ന നയം ഉണ്ടായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി നയം സമ്പന്നമോ സുതാര്യമോ അല്ല. പ്രവാസി സമൂഹത്തെ രേഖാപരമായി പരാമര്‍ശിക്കുക പോലും ചെയ്യാത്ത പാര്‍ട്ടി മാനിഫെസ്റ്റോകളും നയരേഖകളുമാണ് മുഖ്യരാഷ്ട്രീയ പാര്‍ട്ടികളുടെതും. ഈ അവസ്ഥക്ക് കാതലായ മാറ്റം വരണം. 

 

സാമൂഹിക വികസനം 

ബഹുമുഖ രംഗങ്ങളില്‍ മികവുകളുള്ള വലിയ സമൂഹമാണ് പ്രവാസലോകത്തുള്ളത്. ഫലപ്രദമായി വിനിയോഗിച്ചാല്‍ നാടിന് വലിയ ഫലം ചെയ്യുന്നതായിരിക്കും ഈ സമൂഹം. സാമൂഹിക വികസനം ലക്ഷ്യം വെച്ച് പ്രവാസി സമൂഹത്തില്‍ സര്‍ക്കാറുകള്‍ ഇടപെടുന്നില്ല. പ്രവാസി സമൂഹത്തെ പരിഗണിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കൊണ്ടുവരേണ്ട വൈവിധ്യവത്കരണത്തിലേക്ക് സ്റ്റേറ്റിന്റെ ശ്രദ്ധ കൂടുതല്‍ ഉണ്ടാകേണ്ടത് ഇതിലൂടെയും ബോധ്യപ്പെടുന്നു.

പൗര സമൂഹം എന്ന നിലയില്‍ പ്രവാസി സമൂഹത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലും പ്രവാസി ഇന്ത്യക്കാരിലെ പ്രധാന ഭാഷാ വിഭാഗം എന്ന നിലയിലും മലയാളി കമ്യൂണിറ്റിയെ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. രാഷ്ട്രീയ, സംസ്‌കാര വൈവിധ്യങ്ങളിലും ഒരു സംസ്ഥാനത്തെ, ഭാഷാ ഐക്യ സമൂഹം എന്ന നിലയില്‍ മലയാളി സമൂഹം രൂപപ്പെടുത്തപ്പെട്ടിട്ടില്ല. മലയാളി സമൂഹം എന്നാല്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘങ്ങള്‍ക്കൊപ്പം ചേര്‍ക്കപ്പെട്ട സമൂഹമാണ്. ഒരു സ്റ്റേറ്റിനാല്‍ പ്രവാസി സമൂഹം ഏകോപിപ്പിക്കപ്പെടുന്നില്ല.

 

പ്രവാസി യുവത്വം 

കേരള സര്‍ക്കാറിനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സി ഡി എസ്) നടത്തിയ പഠനം അനുസരിച്ച് പ്രവാസി മലയാളികളില്‍ 80 ശതമാനം പേരും 24നും 40നും മധ്യേ പ്രായമുള്ള യുവാക്കളാണ്. എന്നാല്‍ പ്രവാസി സമൂഹത്തിലെ യുവ മനുഷ്യവിഭവങ്ങള്‍ ഈയര്‍ഥത്തില്‍ സംബോധന ചെയ്യപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്യുന്നില്ല. 

അഭ്യസ്ഥവിദ്യരും സാങ്കേതിക മികവുകള്‍ കൈവരിച്ചവരുമായ ഈ സമൂഹത്തിന്റെ ബൗദ്ധിക ഊര്‍ജം നാടിനു വേണ്ടി വിനിയോഗിക്കുകയും സാമ്പത്തികവും രാഷ്ട്രീയവുമായ നിര്‍മാണ പ്രക്രിയയില്‍ ഭാഗവാക്കുകയും വേണ്ടതുണ്ട്. ഈയര്‍ഥത്തില്‍ രാഷ്ട്രീയ നയരൂപവ്തകരണത്തിലും സ്റ്റേറ്റിന്റെ പരിഗണനയിലും പ്രവാസികളിലെ യുവത്വം പ്രത്യേകമായി തന്നെ ഉള്‍പെടേണ്ടതുണ്ട്.  

 

തൊഴില്‍ രംഗം  

ഗള്‍ഫിലേക്കു തൊഴില്‍ തേടി നിരവധി മലയാളികള്‍ വന്നു കൊണ്ടിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കകത്തു തന്നെ നിരവധി പേര്‍ തൊഴില്‍ മാറുകയും പുതിയ ജോലി തേടുകയും ചെയ്യുന്നു. ഈ രംഗത്ത് ഒരു കമ്യൂണിറ്റിയുടെ വികസനം ലക്ഷ്യം വെച്ച് മലയാളി സമൂഹത്തിന് സാധിക്കുമായിരുന്ന സംയോജനം സാധ്യമായിട്ടില്ല. സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ   ഏകോപിപ്പിച്ചും സഹകരിപ്പിച്ചും കേന്ദ്രീകൃത തൊഴില്‍ സേവന ദാതാക്കളാകാനും റിക്രൂട്ട്‌മെന്റ് സഹായ സെല്‍ ആയി പ്രവര്‍ത്തിക്കാനും സ്റ്റേറ്റിന്റെ ആസൂത്രിത ഇടപെടലുകള്‍ക്കു സാധിക്കും. തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനം ഗള്‍ഫ് സമൂഹത്തിലേക്കു വികസിപ്പിക്കുക  വഴി ഈ മേഖലയില്‍ ഗുണപരമായി തന്നെ പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തനം ഏകോപിപ്പിക്കാനോ കഴിയും. 

 

തൊഴില്‍ സുരക്ഷിതത്വം 

ഗള്‍ഫുനാടുളില്‍ തൊഴിലിനായി എത്തുന്നവരുടെ തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, ശമ്പളമുള്‍പെടെയുള്ള അവകാശങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നവിധം വിദേശ രാജ്യങ്ങളുമായി സഹകരണ കരാറില്‍ എത്തണം. വീട്ടുജോലിക്കാരുടെ സുരക്ഷിതത്വത്തിനായി ഉണ്ടാക്കിയ കരാറുകള്‍ ഫലം ചെയ്തിട്ടുണ്ട്. 

 

പ്രവാസികളിലെ ദരിദ്രര്‍ 

ഗള്‍ഫുകാര്‍ എന്ന പൊതു വിശേഷണത്തിന്റെ പരിധിയില്‍ വന്നു എന്ന കാരണത്താല്‍ സാമ്പത്തികമായി മേല്‍തട്ടിലേക്ക് മാറ്റി നിര്‍ത്തുകയും സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നു. എ പി എല്‍, ബി പി എല്‍ വിഭജനവും ഇതുവഴി നിശ്ചയിക്കുന്ന സര്‍ക്കാര്‍ പരിഗണനകളും തന്നെയാണ് മുഖ്യവിഷയം. വളരെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുകയും നാട്ടില്‍ കൂലിപ്പണി ചെയ്യുന്നവര്‍ക്കു ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളം പറ്റുകയും ചെയ്യുന്ന നിരവധിയാളുകള്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്.  

ഈ അവസ്ഥ പരഹിരിക്കുന്നതിനായി പ്രവാസികള്‍ക്കിടയില്‍ സുതാര്യമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സര്‍വേ നടത്തുകയും സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്നവരെ ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പെടുത്തുകയും വേണം. ഇതനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന സാഹചര്യവുമൊരുക്കേണ്ടതുണ്ട്. 

 

പ്രവാസി സര്‍വകലാശാല 

ലോകത്തു തന്നെ വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഈയര്‍ഥത്തില്‍ പ്രവാസി യൂനിവേഴ്‌സിറ്റി എന്ന സംരംഭത്തിന് വലിയ പ്രസക്തിയുണ്ട്. പ്രവാസി യൂനിവേഴ്‌സിറ്റി എന്ന ആശയം സര്‍ക്കാര്‍ പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ആരംഭിക്കാന്‍ നടപടികളായിട്ടില്ല. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് സംവരണം ലഭിക്കുന്നതും ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അടയാളപ്പെടുത്തുന്നതുമായ പ്രവാസി സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്. പ്രവാസി ഇന്ത്യക്കാരിലെ വലിയ വിഭാഗം കേരളീയരാണെന്നതിനാല്‍ പദ്ധതി കേരളത്തിലേക്കു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇന്ത്യക്കാര്‍ തൊഴില്‍ പ്രവാസത്തിനു തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലെ രീതികളും തൊഴില്‍ സാധ്യതകളും പഠനവിധേയമാക്കിക്കൊണ്ടുള്ള കരിക്കുലങ്ങള്‍ക്ക് പ്രവാസി സര്‍വകലാശാലയില്‍ പ്രധാന്യം ഉണ്ടാകണം. പഠനം പൂര്‍ത്തിയാക്കാതെ പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നവര്‍ക്ക് ഉപരിപഠനം നടത്തുന്നതിനുള്ള പ്രത്യേക കോഴ്‌സുകളും സര്‍വകലാശാല പ്രത്യേകമായി നടപ്പിലാക്കേണ്ടതുണ്ട്.  

 

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍/സ്‌കൂളുകള്‍

ലക്ഷക്കണക്കിനു ഇന്ത്യന്‍ കുടുംബങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നു. ഇതില്‍ ബഹുഭൂരിഭാഗവും ഗള്‍ഫ് നാടുകളിലാണ്. ഈ കുടുംബങ്ങളോടൊപ്പം കഴിയുന്ന ആയിരക്കണക്കിനു കുട്ടികളാണ് ഗള്‍ഫ് നാടുകളില്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്നത്. ധാരാളം ഇന്ത്യന്‍ സ്‌കൂളുകള്‍ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലും പല പ്രധാന നഗരങ്ങളിലും പ്രവാസി ഇന്ത്യക്കാരുടെ കുട്ടികള്‍ക്ക് പഠനാവസരം ഒരുക്കാന്‍ പര്യാപ്തമായ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഈ അധ്യയന വര്‍ഷവും തെളിയിക്കുന്നു.

പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തില്‍ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകുന്നില്ല. ഇന്ത്യയില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമായി നിലനില്‍ക്കുമ്പോള്‍ തൊഴില്‍ ആവശ്യാര്‍ഥം വിദേശത്തു വന്നു കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മൗലികവും നിലവാരമുള്ളതും ചൂഷണരഹിതവുമായ വിദ്യാഭ്യാസം നേടുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനും ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളെ  നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനും സംവിധാനമുണ്ടാകണം. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ നിയമങ്ങള്‍ക്കു വിധേയമായി തന്നെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിനും നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിനും നടപടികളുണ്ടാകേണ്ടതുണ്ട്. 

 

ഉപരിപഠനം 

പ്രവാസികളായ വിദ്യാര്‍ഥികള്‍ വലിയ പ്രതിസന്ധി നേരിടുന്നത് ഉപരിപഠനത്തിനാണ്. ഹയര്‍ സെക്കന്‍ഡറി വരെയുള്ള പഠനം ഗള്‍ഫില്‍ നിലനില്‍ക്കുന്ന സ്‌കൂളുകളുടെ ഭാഗമായി പൂര്‍ത്തീകരിക്കപ്പെടുന്നു. ചിലരെങ്കിലും പത്താം തരം കഴിഞ്ഞ് ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി നാടു തിരഞ്ഞെടുക്കുന്നു. ഗള്‍ഫിലെ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയായി ബിരുദപഠനത്തിനു ശ്രമിക്കുന്നവരാണ് ശരിയായ ഗൈഡന്‍സ് ലഭിക്കാതെയും നിലവാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാതെയും പ്രയാസത്തിലാകുന്നത്. എന്‍ ആര്‍ ഐ ആണെന്ന പരിഗണനയില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന സാമ്പത്തിക ചൂഷണം വേറേയും. പ്രവാസി വിദ്യാര്‍ഥികളുടെ ഉപരിപഠനം സുരക്ഷിതമാക്കുന്നതിന് സംവിധാനങ്ങളുണ്ടാകേണ്ടതുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സീറ്റുകള്‍ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഉപരിപഠനം എന്നതിനാല്‍ കുട്ടികളെ ശരിയായ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവാരമുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. 

 

പി എസ് സി സെന്ററുകള്‍ 

സാഹചര്യങ്ങള്‍ ഗള്‍ഫിലേക്കു പറഞ്ഞയച്ച വലിയൊരു വിഭാഗം അഭ്യസ്ഥവിദ്യരായ യുവാക്കളും നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവരും ജോലി ലഭിച്ചാല്‍ തിരിച്ചു പോകാന്‍ സന്നദ്ധരുമാണ്. എന്നാല്‍ പി എസ് സി പരീക്ഷയുള്‍പെടെയുള്ള കടമ്പകള്‍ കടക്കാനുള്ള സാങ്കേതിക പ്രയാസം അധിക പേരെയും സങ്കടത്തിലാക്കുന്നു. ഇത് മികച്ച ഉദ്യോഗാര്‍ഥികളെ കേരളത്തിന് നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്. ഇതിനു പരിഹാരമായി പി എസ് സി പരീക്ഷാ സെന്ററുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കണം. ഓണ്‍ലൈന്‍ പരീക്ഷ പി എസ് സി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. മുഴുവന്‍ വിഭാഗങ്ങളിലും ഓണ്‍ലൈന്‍ പരീക്ഷക്ക് അവസരം ഒരുക്കണം. പ്രവാസി ആയാല്‍ സര്‍ക്കാര്‍ ജോലി അടഞ്ഞ അധ്യായമെന്ന നിലവിലെ അവസ്ഥക്ക് മാറ്റം വരാന്‍ ഇതിലൂടെ സാധിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വെരിഫിക്കേഷന്‍ നടപടികളും ഗള്‍ഫ് നാടുകളില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കാവുന്ന സംവിധാനം ഏര്‍പെടുത്തേണ്ടതുണ്ട്. 

 

തുല്യത/വിദൂരപഠനം

പഠനം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് ഗള്‍ഫിലേക്ക് വരാന്‍ നിര്‍ബന്ധിക്കപ്പെട്ട നല്ലൊരു ശതമാനം പ്രവാസി യുവാക്കള്‍ ഗള്‍ഫ് നാടുകളിലുണ്ട്. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിയ  പഠനവും ഇതു തെളിയിക്കുന്നു. മതിയായ വിദ്യാഭ്യാസയോഗ്യതകള്‍ ഇല്ലാത്തതിനാല്‍ തൊഴിലില്‍ ഉയര്‍ച്ച കൈവരിക്കാന്‍ കഴിയാത്തവരുടെ അനുഭവങ്ങളും നിരവധിയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രവാസി യുവാക്കളുടെ ഉപരിപഠനത്തിനും പഠന പൂര്‍ത്തീകരണത്തിനും സര്‍ക്കാറും പ്രവാസി സന്നദ്ധ സംഘടനകളും പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര കോഴ്‌സുകള്‍ക്ക് അവസരം സൃഷ്ടിച്ചിരുന്ന അംഗീകൃത കേന്ദ്രങ്ങള്‍ അടുത്തിടെ കേരള ഹൈകോടതി വിധിയെത്തുടര്‍ന്ന് നിര്‍ത്തലാക്കി. വിവിധ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററുകളില്‍ റജിസ്റ്റര്‍ ചെയ്ത് പഠനം നടത്തിയിരുന്ന നൂറു കണക്കിനു പ്രവാസി വിദ്യാര്‍ഥികളുടെ പഠനഭാവി ഇതിലൂടെ പ്രതിസന്ധിയിലായി. യൂനിവേഴ്‌സിറ്റിയുടെയും സര്‍ക്കാറിന്റെയും ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ ഫപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സമാന്തര വിദ്യാഭ്യാസത്തിനുള്ള അടിയന്തരവും പ്രായോഗികവുമായ പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. എസ് എസ് എല്‍ സി പൂര്‍ത്തിയാക്കാത്തവരായി തന്നെ നിരവധി പേര്‍ ഗള്‍ഫ് നാടുകളിലുണ്ട്. ഇവര്‍ക്കായി പഠന സൗകര്യമേര്‍പെടുത്താന്‍ സന്നദ്ധ സംഘടനകള്‍ രംഗത്തു വന്നുവെങ്കിലും പത്തിരട്ടിയിലധികം ഫീസ് വാങ്ങിയുള്ള ചൂഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രവാസി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ താഴെ. 

1. യൂനിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പഠനത്തിന് പ്രത്യേക കരിക്കുലവും അധ്യയന വര്‍ഷവും അടിസ്ഥാനപ്പെടുത്തിയുള്ള വിദൂര പഠന സൗകര്യം 

2. തുല്യതാ പഠന കേന്ദ്രങ്ങള്‍ ഗള്‍ഫില്‍ വ്യാപകമാക്കുകയും കുറഞ്ഞ ഫീസില്‍ പഠനവും പരീക്ഷയും ഒരുക്കുക 

3. സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുക. ഈ വിഭാഗത്തിന് ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുക. 

4. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവാസി വിദ്യാഭ്യാസത്തിനു പ്രത്യേക വിഭാഗവും പദ്ധതിയും ആവിഷ്‌കരിക്കുക. യുവാക്കളുടെ പഠനത്തിന് പ്രാധാന്യം നല്‍കുക. 

 

പ്രവാസി ഡാറ്റാ ബേങ്ക്  

പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ വശം ലഭ്യമല്ല. വിദേശങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും വിവരം ലഭ്യമല്ല. വിദേശ രാജ്യങ്ങളിലെ എംബസി, കോണ്‍സുലേറ്റുകള്‍ വഴി റജിസ്‌ട്രേഷന് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും പത്തു ശതമാനം പേര്‍ പോലും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ല. പൗരന്‍മാര്‍ എന്ന നിലയില്‍ പ്രവാസികളുടെ കണക്കുകള്‍ ശേഖരിക്കാന്‍ സ്വമേധയാ ഉള്ള റജിസ്‌ട്രേഷന്‍ നടപടി മാത്രം പര്യാപ്തമാകില്ല. ചില നിര്‍ദേശങ്ങള്‍

1. വിദേശത്തു വന്നിറങ്ങുന്ന ഇന്ത്യക്കാരുടെ വിസ, തൊഴില്‍  വിവരങ്ങള്‍ സഹിതം നയതന്ത്ര കാര്യാലയങ്ങള്‍ക്കു കൈമാറാന്‍ വിദേശ രാജ്യങ്ങളുമായി ഇന്ത്യ വിവര കൈമാറ്റ കരാറിലെത്തുക. 

2. ഇന്ത്യയില്‍ നിന്നു തൊഴില്‍ വിസയില്‍ പുറം രാജ്യങ്ങളിലേക്കു പോകുന്നവരുടെ വിവരങ്ങള്‍ പ്രത്യേക ഫോമില്‍ ഇമിഗ്രേഷന്‍ വിഭാഗം വഴി ശേഖരിച്ച് ജനറല്‍ ഡാറ്റയില്‍ മെര്‍ജ് ചെയ്യുക. 

3. വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്നവരുടെ വിവരങ്ങളും ശേഖരിച്ച് ഡാറ്റ കൃത്യമാക്കുക. 

 

പ്രതിനിധി കാര്യാലയങ്ങള്‍ 

സന്നദ്ധ സംഘടനകളെ പ്രയോജനപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങളിലെ പ്രദേശങ്ങളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധി കാര്യാലയം തുറക്കേണ്ടതുണ്ട്. കേരള സര്‍ക്കാറുമായി സാധാരണ പ്രവാസി സമൂഹത്തിന് സമ്പര്‍ക്കം പുലര്‍ത്തുന്നതിന് നിലവില്‍ സംവിധാനങ്ങളുടെ അപാര്യാപ്തത നില നില്‍ക്കുന്നുണ്ട്. 

ഗവണ്‍മെന്റ് ഓഡിനന്‍സുകളും അവകാശങ്ങളും വിശിഷ്യാ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സാധാരണ പ്രവാസി സമൂഹത്തിനു അറിയേണ്ടതുണ്ട്. ഗള്‍ഫ് നാടുകളില്‍ ആധികാരികമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തി സര്‍ക്കാറുകളുടെ പ്രതിനിധി സംവിധാനം ഏര്‍പെടുത്തേണ്ടത് അനിവാര്യതയാണ്. 

 

സാമൂഹികക്ഷേമം 

ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ നടപ്പിലാക്കുന്ന സാമ്പത്തിക ഭൗതിക സഹായങ്ങളെക്കുറിച്ച് ഭൂരിഭാഗം പ്രവാസികളും അജ്ഞരാണ്. നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുഴുവന്‍ പ്രവാസി സമൂഹങ്ങളിലേക്കും എത്തുന്നതിലെ പ്രയാസമാണ് പ്രധാനകാരണം. പ്രവാസി ഇന്ത്യക്കാരിലെ വലിയ സമൂഹം എന്ന നിലയില്‍ മലയാളികളുടെ ക്ഷേമത്തില്‍ കേരളം പ്രത്യേക ശ്രദ്ധ പുലര്‍ത്തി സാമൂഹികക്ഷേമ പദ്ധതികളുടെ ആനുകൂല്യം സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണം. സാമൂഹികക്ഷേമ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഇതുവഴി സാധിക്കണം. 

 

നിക്ഷേപം/വ്യവസായം 

പ്രാവാസികളുടെ സുരക്ഷിതമായ ധനനിക്ഷേപം ഇനിയും കൃത്യതയിലെത്തിയിട്ടില്ല. നിക്ഷേപം സമാഹരിക്കുന്നതിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ, പൊതുമേഖലാ സാമ്പത്തിക വ്യവസായ സ്ഥാപനങ്ങളാലും ഉണ്ടാകുന്നുവെങ്കിലും  സ്ഥിര സ്വഭാവമോ സുരക്ഷിതത്വമോ ഉണ്ടാകുന്നില്ല. സ്റ്റേറ്റിന് സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണ് എന്ന കണക്കുകള്‍ നിലനില്‍ക്കുമ്പോഴും പ്രവാസികളുടെ ധനത്തെ കേന്ദ്രീകരിപ്പിക്കുന്നതും ക്രിയാത്മകമാക്കുന്നതുമായ പദ്ധതി എടുത്തു പറയാനില്ല. ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇസ്‌ലാമിക് ബേങ്കിംഗ് പദ്ധതി ഈ രംഗത്ത് പ്രതീക്ഷ നല്‍കി. എന്നാല്‍ പ്രാവര്‍ത്തികമായില്ല. പ്രവാസികളെ കേന്ദ്രീകരിച്ചുള്ള ധന ഇടപാടു സംരംഭങ്ങള്‍ ശരീഅ അനുസൃതമാക്കുക എന്നത് പ്രധാനമാണ്. 

 

കമ്യൂണിറ്റി ഹോസ്പിറ്റല്‍ 

ഉയര്‍ന്ന ചികിത്സാ നിരക്കുകള്‍ വിദേശ രാജ്യങ്ങളില്‍ സമയത്ത് ചികിത്സ നേടാത്തത് പ്രവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. പരിഹാരമായി സര്‍ക്കാര്‍ താത്പര്യമെടുത്ത് നയതന്ത്ര കാര്യാലയങ്ങളുടെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ആശുപത്രി (ഹെല്‍ത്ത് സെന്റര്‍) തുടങ്ങണം. സ്വകാര്യ ആശുപത്രികള്‍, ഡോക്ടര്‍മാരുടെ സംഘടന, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ലാഭരഹിത സ്വഭാവത്തില്‍ ഇത്തരം അവശ്യ സേവനങ്ങളിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധ വരണം. 

 

പ്രവാസി സമ്മേളനങ്ങള്‍ 

സര്‍ക്കാര്‍ വന്‍ തുക ചെലവിട്ടു നടത്തുന്ന പ്രവാസി ഭാരതീയ ദിവസ്, ആഗോള പ്രവാസി സംഗമം തുടങ്ങിയവ പ്രവാസികളുടെ യഥാര്‍ഥ ജീവിതത്തെ സംബോധന ചെയ്യുന്നതിനും സമൂഹമായി അംഗീകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ച് പിന്തുടരുന്നതിനും പര്യാപ്തമാണെന്ന വിശ്വാസം ആര്‍ജിച്ചിട്ടില്ല. നിക്ഷേപാധിഷ്ഠിതമായ സംഗമം എന്ന സന്ദേശമാണ് ഇത്തരം സമ്മേളനങ്ങള്‍ പ്രസരിപ്പിക്കുന്നത്. ക്രിയാത്മക ഫലം ഉണ്ടാക്കുന്ന രീതിയില്‍ വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന പൗരന്‍മാരുടെ പാര്‍ലിമെന്റുകളായി പ്രവാസി സംഗമങ്ങള്‍ പരിഗണിക്കപ്പെടണം. 

പ്രവാസി സംഗമങ്ങളില്‍ പണം നല്‍കി റജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുന്നവര്‍ ആരെ പ്രതിനിധാനം ചെയ്യുന്നു എന്നതും പ്രശ്‌നമാണ്. എല്ലാ വിഭാഗം പ്രവാസികളെയും  പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഡെലിഗേഷന്‍ സ്വഭാവം പ്രവാസി സംഗമങ്ങളില്‍ കൊണ്ടു വരികയും സംഗമങ്ങളില്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ചകളും തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തി അവയുടെ പിന്തുടര്‍ച്ച ഉറപ്പു വരുത്തുകയും വേണ്ടതുണ്ട്. പ്രാവാസി സമൂഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അഭിപ്രായ സമാഹരണവും ലക്ഷ്യം വെച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളിലും സംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കേണ്ടതുണ്ട്. 

 

എംബസി ഓപണ്‍ ഹൗസുകള്‍ 

ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും സാമൂഹിക സംഘടനകള്‍ക്ക് വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നതിന് എംബസികള്‍ സന്നദ്ധമാകണം. ചില രാജ്യങ്ങളില്‍ കൃത്യമായി നടന്നു വരുന്ന ഓപണ്‍ ഹൗസുകള്‍ ഇന്ത്യന്‍ സമൂഹത്തിന് വലിയ ഫലം ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനകളെ എംബസിയുടെ മാനുഷീക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നതിനും സംവിധാനം ഉണ്ടാക്കണം.  

 

വിമാനയാത്രാ നിരക്ക് 

പൂര്‍വകാലങ്ങളെ അപേക്ഷിച്ച് നാട്ടിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സ്വകാര്യ വിദേശ വിമാനക്കമ്പനികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മാത്സര്യത്തിന്റെ ഫലവും പ്രവാസി സമൂഹത്തിന് അനുഭവിക്കാന്‍ കഴിയുന്ന സാഹചര്യം ഗുണപരമായി വിലയിരുത്താം. എന്നാല്‍ തിരക്കുള്ള സമയങ്ങളിലെ അമിത നിരക്കു വര്‍ധനയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. പീക്ക് പിരീയഡുകളിലെ നിരക്കു വര്‍ധനക്ക് മാനദണ്ഡമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ പരിധി നിശ്ചയിക്കുകയും റഗുലേറ്ററി ഏജന്‍സികളുടെ പ്രവര്‍ത്തനം ഏര്‍പെടുത്തുകയും വേണ്ടതുണ്ട്. 

 

ഇന്റര്‍നാഷന്‍ ഹബ്/എയര്‍പോര്‍ട്ട് സുരക്ഷ

ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസികളുള്ള സംസ്ഥാനമായ കേരളത്തിന് രാജ്യാന്തര പദവി നഷ്ടപ്പെടുക എന്നത് അപകടരമായ അവസ്ഥയാണ്. രാഷട്രീയ പ്രാദേശിക വിവേചനത്തിന്റെ ഇരകളാകാന്‍ എക്കാലത്തും വിധിക്കപ്പെട്ട മലയാളി സമൂഹത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനമാകും ഇത്. പരിഹരിക്കുന്നതിനായി കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടതുണ്ട്. 

വിമാനത്താവളങ്ങളുടെ സുരക്ഷയും സൗകര്യവും വളരെ മുഖ്യമാണ്. കരിപ്പൂര്‍ ഉള്‍പെടെയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിക്കൊണ്ടു തന്നെ വികസനം സാധ്യമാക്കണം. 

 

ഓണ്‍ലൈന്‍ വോട്ടിംഗ് 

വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ ഏതാണ്ട് തീരുമാനമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യം ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിയ സര്‍വേയില്‍ 70 ശമാനത്തിനു മുകളില്‍ പ്രവാസികളും പ്രതിദിനം ഓണ്‍ലൈന്‍ ഉപയോഗിക്കുന്നവരാണ്. ശേഷിക്കുന്നവര്‍ അപൂര്‍വമായും ഉപയോഗിക്കുന്നു. മുഴുവന്‍ പ്രവാസികള്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന മാര്‍ഗം എന്ന നിലയില്‍ ഓണ്‍ലൈന്‍ വോട്ടു രീതിയാണ് ഫലം ചെയ്യുക. 

 

തടവുകാരുടെ കൈമാറ്റം 

ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ കൈമാറ്റത്തിനു മുഴുവന്‍ രാജ്യങ്ങളുമായും കരാര്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളെ വല്ലപ്പോഴും കാണാനുള്ള അവസരമെങ്കിലും ഇതുവഴി സൃഷ്ടിക്കപ്പെടും. തടവു കാലം കഴിഞ്ഞും വിവിധ കാരണങ്ങളാല്‍ ജയില്‍ മോചനം സാധിക്കാത്ത പൗരന്‍മാരുടെ മോചനവും സര്‍ക്കാറുകളുടെ പരിഗണനയില്‍ വരേണ്ടതുണ്ട്. തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ പതിവായി സന്ദര്‍ശിക്കുന്നതിനും അവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും എംബസികളില്‍ സ്ഥിര സംവിധാനം വേണം. ജയില്‍ സന്ദര്‍ശനത്തില്‍ പ്രവാസി സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പെടുത്തണം.  

 

കുടിയേറ്റ നിയമഭേദഗതി 

തൊഴില്‍ തേടിയുള്ള വിദേശ കുടിയേറ്റം ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറുകയും രാജ്യത്തേക്ക് വിദേശ നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ധനാഗമനത്തിന് പ്രവാസികള്‍ അയക്കുന്ന പണം വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ കുടിയേറ്റ നിയമം ഭേദഗതിക്കു വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദേശ തൊഴില്‍ സാഹചര്യം അംഗീകരിച്ചു കൊണ്ടും പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ അംഗീകരിച്ചും കുടിയേറ്റ നിയമം ഭേദഗതിക്കു വിധേയമാക്കേണ്ടതുണ്ട്.

Read More

ആര്‍ എസ് സി പ്രവാസി അവകാശ രേഖ പ്രസിദ്ധപ്പെടുത്തി

രിസാല സ്റ്റഡി സര്‍ക്കിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ യുവ വികസനസഭയുടെ ഭാഗമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രവാസി അവകാശ രേഖ പ്രസിദ്ധപ്പെടുത്തി. സംഘടനയുടെ ഫേസ് ബുക്ക് പേജിലാണ് അവകാശരേഖ പ്രസിദ്ധീകരിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രേഖ ദേശീയ, സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എം പിമാര്‍, എം എല്‍ എമാര്‍, ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘനടാ പ്രതിനിധികള്‍ക്ക് അയച്ചു കൊടുത്തു. പ്രവാസികളെ സമൂഹമായി അംഗീകരിക്കുക, സ്റ്റേറ്റിന്റെ പരിഗണനയില്‍ കൊണ്ു വരിക, രാഷ്ട്രീയ പാര്‍ട്ടികളുടെ നയരൂപവത്കരണത്തില്‍ പ്രവാസി സമൂഹത്തെ സംബോധന ചെയ്യുക, സാമൂഹിക വികസന പദ്ധതികളില്‍ പരിഗണിക്കുക, പ്രവാസി യുവജനങ്ങളെ പരിഗണിക്കുക, തൊഴില്‍ സുരക്ഷിതത്വം, പാവപ്പെട്ട പ്രവാസികളെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, പ്രവാസികളുടെ മക്കളെ വിദ്യാഭ്യാസ അവകാശ പരിധിയില്‍ കൊണ്ടു വരിക, കുടിയേറ്റ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രവാസി അവകാശ രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗള്‍ഫിലെ ആറു രാജ്യങ്ങളിലും എം എല്‍ എമാരെ പങ്കെടുപ്പിച്ച് നടത്തിയ യൂത്ത് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്താണ് അവകാശ രേഖ തയാറാക്കിയത്. അവകാശരേഖയുടെ പകര്‍പ്പ് ആവശ്യമുള്ള സംഘനടകയും വ്യക്തിത്വങ്ങളും rscgulf@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ +971 56 846 2979 എന്ന വാട്‌സ് ആപ്പ് നമ്പരിലോ ആവശ്യപ്പെടണം.

Read More

പരിസ്ഥിതി ദിന സന്ദേശം

 

പുഴ വരണ്ടു,
നദി വറ്റി,
കിണറുണങ്ങി,
ജലം കിട്ടാക്കനിയായി,
മൃഗങ്ങള്‍ ചത്തൊടുങ്ങി,
കിളികള്‍ പിടഞ്ഞു വീണു.

ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അനുഗ്രഹമായി ഒഴുകിപ്പരന്നിരുന്ന ഉറവകള്‍ നിലച്ചിരിക്കുന്നു. കത്തുന്ന ചൂടിനെ ശപിച്ച്, പൊരിവെയിലിലുരുകി, വിയര്‍പ്പില്‍ കുതിര്‍ന്നാണ് നാം ഏതാനും മാസങ്ങള്‍ തള്ളിനീക്കിയത്.                  ഇലക്‌ട്രോണിക് പങ്കകള്‍ക്കും, ശീതീകരണ യന്ത്രങ്ങള്‍ക്കും നമ്മെ കുളിര്‍പ്പിക്കാനായില്ല. അപ്പോഴും നടക്കുന്നുണ്ടായിരുന്നു പ്രകൃതിക്കുമേലുള്ള മനുഷ്യതാണ്ഡവങ്ങള്‍. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കി ടിപ്പര്‍ ലോറികളില്‍ നാം                 എവിടേക്കോ മണ്ണ് കയറ്റിവിട്ടു. ഭൂമിക്കുള്ളിലെ അവസാന തുള്ളി ജലവും ഊറ്റിയെടുത്ത് കുത്തകകള്‍ കോളയും, പെപ്‌സിയും നിര്‍മിച്ചു.                കുടിവെള്ളം ബോട്ടിലിലാക്കി അവര്‍ വില്‍പനക്കു വെച്ചു. ഭൂമിയുടെ കണ്ണുനീരിന് പലനിറങ്ങള്‍ നല്‍കി പല വലിപ്പത്തിലുള്ള ബോട്ടിലുകളാക്കി ജലമാഫിയ കച്ചവടം കൊഴുപ്പിച്ചു. 

    വീടിന്റെ മുറ്റങ്ങള്‍ ഇന്റര്‍ലോക്ക് പതിച്ച്                   നാം 'വൃത്തിയുള്ളതാക്കി'. അകത്തും പുറത്തും                  പാദരക്ഷ വേണ്ടാത്ത വിധം നാം മണ്ണില്‍ നിന്ന്                   മുക്തരായി. ഒരിറ്റുവെള്ളം പോലും മണ്ണിനെ സ്പര്‍ശിക്കാതെ പുറത്തേക്കൊഴുകിപ്പോയി.                  ഒരു വീട്ടില്‍ ഓരോ അംഗത്തിനും ഓരോ                   വാഹനമായി. വാഹനപ്പുകയില്‍ അന്തരീക്ഷം     മലിനമായി. നാടു വളര്‍ന്നു. വികസനം                    മോഹിപ്പിക്കുന്ന പദമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നിഘണ്ടുവില്‍ ഇടം പിടിച്ചു. വ്യവസായങ്ങള്‍ വികസനത്തേരിലേറി ഗ്രാമത്തിലേക്കുമെത്തി. അതോടെ നമുക്ക് ശുദ്ധമെന്ന് പറയാന്‍ ഒന്നുമില്ലാതായി. വായു, വെള്ളം, മണ്ണ്... എല്ലാം മലിനമായി. കൃഷിഭൂമിയിലേക്ക് ആകാശത്ത്   നിന്ന് നാം വിഷമഴ വര്‍ഷിപ്പിച്ചു. വിള                           നശിക്കാതിരിക്കാനാണെന്ന് ന്യായം ചമച്ചു. സഹോദരിമാരുടെ ഉദരങ്ങളില്‍ പിറക്കാനിരുന്ന                       കുഞ്ഞുങ്ങളെകൂടി അങ്ങനെ നാം  വികൃതരൂപികളാക്കി.

    ഫാക്ടറികളില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന പുകയുടെയും മലിന ജലത്തിന്റെയും ബാക്കി പത്രമെന്താണെന്ന് ജനത്തിന്നറിയാം. ഭരണകൂടത്തിനുമറിയാം. 1984ലെ ഭോപ്പാല്‍ ദുരന്തം മറക്കാറായിട്ടില്ല. ആയിരങ്ങളാണ് വിഷവായു ശ്വസിച്ച് മരിച്ചൊടുങ്ങിയത്.    കുറ്റവാളികള്‍ പോറലേല്‍ക്കാതെ രക്ഷപ്പെട്ടു. മാവൂരിലെ ഗ്രാസിം കമ്പനിയില്‍ നിന്ന് ചാലിയാറിലേക്കൊഴുക്കി വിട്ട മലിനജലം എത്രയോ പേര്‍ക്ക് അര്‍ബുദം സമ്മാനിച്ചു. വിഷം                    പുറന്തള്ളാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ് നമ്മുടെ നഗരങ്ങളോരോന്നും. വിപണിയുടെ ലോകത്ത് മനുഷ്യത്വത്തിനല്ല  ലാഭത്തിനാണ് പ്രാധാന്യം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ                            സകലതിലും സര്‍വത്ര മായം. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും കീടനാശിനിയുടെ അതിപ്രസരം. ജീവിതം പ്രതിസന്ധി              യിലാണിപ്പോള്‍. ശ്വസിക്കാന്‍ ശുദ്ധവായു ഇല്ലാതെ, കുടിക്കാന്‍ തെളിനീര് ലഭിക്കാതെ മനുഷ്യന് എത്രകാലം ഭൂമുഖത്ത് നിലനില്‍ക്കാനാകും.              ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്ന ചോദ്യം കാതില്‍ വന്നലയ്ക്കുന്നു. ഉത്തരം നല്‍കാതെ നിര്‍വ്വാഹമില്ല. നമുക്ക്                   ജീവിക്കണം, വരും തലമുറക്കായി ഈ ഭൂമി കാത്തുവെക്കണം.

    നമ്മുടെ പാതകങ്ങള്‍ക്ക് പ്രകൃതി പിഴ ചോദിക്കുകയാണിപ്പോള്‍. സ്വയം കൃതാനര്‍ത്ഥങ്ങള്‍ക്ക് തിരിച്ചടി ഏറ്റുവാങ്ങാതെ തരമില്ല. എങ്കിലും നമുക്ക് പ്രായശ്ചിത്തം ചെയ്യണം. ഒരു വൃക്ഷത്തൈ കയ്യിലെടുക്കുക. വീട്ടുപറമ്പില്‍, വഴിയോരത്ത്    അത് വെച്ചുപിടിപ്പിക്കുക. നാളേക്കൊരു തണല്‍ വിരിക്കുക. നാളെ ലോകം അവസാനിക്കുമെന്നറിയുമെങ്കിലും കയ്യിലൊരു വൃക്ഷത്തൈ ഉണ്ടെങ്കില്‍ അത് നട്ടേക്കണമെന്ന് പ്രവാചക വചനമുണ്ട്. ഒരു ചെടിയും വെറുതെയാകില്ല. ആര്‍ക്കാണ് ഉപകാരപ്പെടുന്നത് എന്നതിലല്ല, നാളേക്ക് വേണ്ടി നിങ്ങളെന്ത് ബാക്കിവെക്കുന്നു എന്നതിലാണ് കാര്യം. 

    ഒരു മലയും ഇനി ടിപ്പര്‍ ലോറിയില്‍                         കയറില്ലെന്ന് നാം തീരുമാനിക്കുക. ഒരു                      ജലസ്രോതസ്സും മലിനപ്പെടുത്തില്ലെന്ന് ശപഥം ചെയ്യുക. വിഷനാശിനികളില്‍ വിളയുന്ന ഒരു കൃഷിയും വേണ്ടെന്നു വെക്കുക. നമുക്ക് വേണ്ടത് പരിസ്ഥിതി സൗഹൃദ വികസനമാണ്. മനുഷ്യ സൗഹൃദ വ്യവസായവും. മണി പവറും മസില്‍ പവറും കാട്ടി പ്രകൃതി വിഭവം കൊള്ളയടിക്കാന്‍ ഒരു കുത്തകയും ഇങ്ങോട്ടുവരേണ്ടതില്ലെന്ന്                    നിശ്ചയദാര്‍ഢ്യത്താല്‍ പറയണം നമ്മള്‍. ഉറച്ച                  തീരുമാനങ്ങള്‍ക്ക് മാത്രമേ ലോകത്തെ                        മാറ്റിപ്പണിയാനാകൂ.

    പരിസ്ഥിതിക്കു വേണ്ടിയുള്ള ഏത്                 ഇടപെടലും മനുഷ്യരുള്‍പ്പെടെ സര്‍വ്വ ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുക. ഭൂമിയില്‍ നിലനില്‍ക്കാന്‍ മനുഷ്യര്‍ക്ക് മാത്രമല്ല,   മറ്റു ജീവജാലങ്ങള്‍ക്കും അവകാശമുണ്ട്.                       ആ അവകാശം അവര്‍ക്ക് വകവെച്ചു                      നല്‍കേണ്ടത് വിവേകവും ബുദ്ധിയും കൊണ്ടനുഗ്രഹീതരായ മനുഷ്യരാണ്. 

    ജൂണ്‍ 1 -7 എസ് എസ് എഫ് പരിസ്ഥിതി           വാരാചാരമാഘോഷിക്കുന്നു. വിവിധങ്ങളായ പദ്ധതികള്‍ ഈ ദിനങ്ങളില്‍ നടക്കും. ഹരിത കാമ്പസുകളുടെ സൃഷ്ടിപ്പാണ് പ്രധാന ഉന്നം. ഓരോ വിദ്യാര്‍ത്ഥിയും കാമ്പസില്‍ ഒരു വൃക്ഷത്തൈ നട്ടുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളിയാകും. 


ഓര്‍ക്കുക, 
ഇത് നാളേക്കു വേണ്ടിയുള്ള പരിശ്രമമാണ്. 

ഈ യത്‌നം നിഷ്ഫലമാകില്ല. 
നിങ്ങള്‍ നട്ട ചെടി വളര്‍ന്നു മരമാകട്ടെ,
ആ മരച്ചുവട്ടിലിരുന്ന് തലമുറകള്‍ തണലാസ്വദിക്കട്ടെ,
ആ മരത്തലപ്പുകളില്‍ കിളികള്‍ കൂടുവെക്കട്ടെ,
ആ കിളിനാദങ്ങളില്‍ വരും കാലത്തിന്റെ പ്രഭാതമുണരട്ടേ. 
    

Read More

സാഹിത്യോത്സവ് എംബ്ലം ക്ഷണിക്കുന്നു

കോഴിക്കോട് . എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ എംബ്ലം പരിഷ്കരിക്കുന്നു. പുതിയ എംബ്ലം എൻട്രികൾ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന എൻട്രികൾക്ക് അവാർഡ് നൽകുന്നതാണ്. Keralastatessf@gmail.com എന്ന മെയിലിലേക്ക് അയക്കുകയോ സെപ്തംബർ 8,9 തിയ്യതികളിൾ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് നഗരിയിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. വരയും ഡിസൈനും സ്വീകരിക്കും.

 

 

Read More

എസ് എസ് എഫ് സാഹിത്യോത്സവ് അവാർഡ് കെ പി രാമനുണ്ണിക്ക്

കോഴിക്കോട് എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക്. സാഹിത്യരംഗത്തെ വിശിഷ്ട സംഭാവനകൾക്കും മാനവസൗഹൃദത്തിന് വേണ്ടി ഇടപെടുന്ന എഴുത്തുകാരൻ എന്ന നിലക്കുമാണ് രാമനുണ്ണിയെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ കെ സച്ചിദാനന്ദൻ അറിയിച്ചു. സെപ്തംബർ 8 ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Read More

കലാലയം പ്രതിനിധി സഭ ജമാല്‍ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സ്വന്തമായി മാര്‍ക്കറ്റ് ചെയ്യാനറിയാത്ത എഴുത്തുകാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി അഭിപ്രായപ്പെട്ടു. കലാലയം സാംസ്‌കാരിക വേദി ഹെംലറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് കാലങ്ങളില്‍ പ്രസാധകരും വിതരണക്കാരുമായിരുന്നു പുസ്തകങ്ങള്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ എഴുത്തുകാര്‍ തന്നെ അതേറ്റെടുത്തിരിക്കയാണ്. ചടങ്ങില്‍ സി.പി ശഫീഖ് ബുഖാരി അധ്യക്ഷത വഹിച്ചു. ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ്, മുഹമ്മദലി കിനാലൂര്‍, സംസാരിച്ചു. ആറ് മാസക്കാലയളവിലെ പ്രവര്‍ത്തന പദ്ധതികള്‍ വിലയിരുത്തുകയും പുതിയ പദ്ധതികളുടെ ചര്‍ച്ചയും നടന്നു. സി.കെ മുഹമ്മദ് ഫാറൂഖ് സ്വാഗതവും പി.എ മുഹ്‌യദ്ധീന്‍ സഖാഫി നന്ദിയും പറഞ്ഞു.

Read More

സ്റ്റുഡൻസ് ഇസ് ലാമിക് സെൻസോറിയംഫെബ്രുവരി 9,10,11 ന് കോഴിക്കോട്

കോഴിക്കോട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ സ്റ്റുഡൻസ് ഇസ് ലാമിക് സെൻസോറിയം 2018 ഫെബ്രുവരി 9 മുതൽ 11 വരെ കോഴിക്കോട് വെച്ച് നടക്കും. ധൈഷണ‌ീക വിദ്യാർഥിത്വം സർഗാത്മ ആവിഷ്കാരം എന്ന പ്രമേയം സെൻസോറിയം മുന്നോട്ട് വെക്കും.  സമസ്ത പ്രസിഡണ്ട്  സുലൈമാൻ മുസ്ലിയാർ പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ചു.  സമസ്ത മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി, ഐപിബി ഡയറക്ടർ എം.അബ്ദുൽ മജീദ് അരിയല്ലൂർ, റാഷിദ് ബുഖാരി,എൻവി അബ്ദുൽ റസാഖ് സഖാഫി പ്രഭാഷണം നടത്തി. 
സെൻസോറിയത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും സമ്മേളനങ്ങളും നടക്കും

Read More

സ്റ്റുഡൻസ് ഇസ് ലാമിക് സെൻസോറിയം; ഫെബ്രുവരി 9,10,11 ന് കോഴിക്കോട്

കോഴിക്കോട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ സ്റ്റുഡൻസ് ഇസ് ലാമിക് സെൻസോറിയം 2018 ഫെബ്രുവരി 9 മുതൽ 11 വരെ കോഴിക്കോട് വെച്ച് നടക്കും. ധൈഷണ‌ീക വിദ്യാർഥിത്വം സർഗാത്മ ആവിഷ്കാരം എന്ന പ്രമേയം സെൻസോറിയം മുന്നോട്ട് വെക്കും.  സമസ്ത പ്രസിഡണ്ട്  സുലൈമാൻ മുസ്ലിയാർ പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ചു.  സമസ്ത മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി, ഐപിബി ഡയറക്ടർ എം.അബ്ദുൽ മജീദ് അരിയല്ലൂർ, റാഷിദ് ബുഖാരി,എൻവി അബ്ദുൽ റസാഖ് സഖാഫി പ്രഭാഷണം നടത്തി. 
സെൻസോറിയത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും സമ്മേളനങ്ങളും നടക്കും

Read More