കോഴിക്കോട്: എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി പ്രചാരണങ്ങളിൽ വൈവിധ്യാവിഷ്കാരങ്ങളൊരുക്കി തെരുവുകൾ. നഗര ഗ്രാമയോരങ്ങളിൽ വർണ്ണ മനോഹര കാഴ്ച്ചകൾക്കൊപ്പം സമ്മേളന പ്രമേയമായ ‘നമ്മൾ ഇന്ത്യൻ ജനത ‘ എന്ന ഭരണഘടനാ ആമുഖ വാക്യത്തെ കൂടി ആവിഷ്കരിക്കുന്നതാണ് നിർമിതികൾ. നമ്മളൊന്നെന്ന ചേർന്നു നിൽപ്പിൻ്റെ ഹ്യൂമൺ ലോഗോകൾ, കടൽ തുരുത്തിൽ കൂറ്റൻ കട്ടൗട്ടുകൾ, ഡിസ്പോസിബ്ൾ ബോട്ടിലുകളിൽ തീർത്ത ഗോൾഡൻ ഫിഫ്റ്റി ലോഗോ തുടങ്ങി വൈവിധ്യ പ്രചരണങ്ങൾ കൊണ്ട് അമ്പത് വർഷത്തെ അടയാളപ്പെടുത്തലുകളായാണ് തെരുവുകൾ കീഴടക്കി കൊണ്ടിരിക്കുന്നത്.
കൂടാതെ സാമുദായിക സൗഹാർദത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകങ്ങളായി ഓരോ യൂണിറ്റുകളിലെയും ഹാർമണി ഹട്ടുകൾ പഴമയുടെ നിറമുള്ള ദൃശ്യമൊരുക്കിയിരിക്കുകയാണ്. സമ്മേളനം അവിസ്മരണീയ അനുഭവമാക്കാനുള്ള അത്യാവേശ പ്രചരണത്തിലാണ് പ്രവർത്തകരും പൂർവ്വകാല നേതാക്കളും.
ഏപ്രിൽ 22 ന് ആരംഭിക്കുന്ന കേരള വിദ്യാർഥി സമ്മേളനം 29 നാണ് സമാപിക്കുക. 1973 മുതൽ 2023 വരെയുള്ള മുഴുവൻ പ്രവർത്തകരുടെയും മഹാ സമ്മേളനത്തിനാണ് കണ്ണൂർ വേദിയാകുന്നത്. 50 സാംസ്കാരിക സംവാദങ്ങൾ, പ്രമുഖ സാമൂഹ്യ രാഷ്ട്രീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസാരങ്ങൾ, രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന കലാ പരിപാടികൾ, വിദ്യാഭ്യാസ എക്സ്പോ, പുസ്തകോത്സവം തുടങ്ങിയ പരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിലെ പത്ത് വേദികളിലായി നടക്കും. 50 വർഷത്തെ എസ് എസ് എഫിൻ്റെ ചരിത്രവും മുന്നേറ്റവും ഉൾകൊള്ളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 20 മുതൽ തന്നെ സമ്മേളന ആരവങ്ങൾ സജീവമാകും. പുസ്തകോത്സവം, ചരിത്രപ്രദർശനം ഉൾപ്പെടെയുള്ളവ സമ്മേളനത്തോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ സൗഹൃദ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വൈവിധ്യ പ്രചാരണാവിഷ്കാരങ്ങൾ കൊണ്ട് സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളും നഗര, ഗ്രാമങ്ങളും സജീവമാണ്.