admin
April 28 2023 Golden Fifty
ജി ഫിഫ്റ്റിക്ക് നിറം പകരുന്ന സന്നദ്ധ സേവകർ

നിർമ്മാണാത്മകമായ ഒരു സമൂഹത്തിനേ ഔട്ട് ലൈൻ മാത്രം വരച്ചു വച്ച ചിത്രത്തെ വർണ്ണവും വിചാരവും നൽകി ആശയ പൂർണ്ണമാക്കാൻ സാധിക്കൂ. നിശ്ചലമായ യുവത്വത്തിന് ഭൂമിയിൽ യാതൊരു മാറ്റവും സൃഷ്ടിക്കാനാകില്ലെന്ന കാഫ്കൻ ആലോചനയിൽ നിന്ന് കണ്ണൂരിലെ കേരള വിദ്യാർഥി സമ്മേളനത്തിലേക്ക് നോക്കുമ്പോൾ മാസങ്ങളായി ചിത്രത്തിന് ചായം തേക്കുന്ന വലിയൊരു സമൂഹത്തെ അവിടെ കണ്ടെത്താൻ കഴിയും. സംഘടനാ പ്രവർത്തനത്തിന്റെ വിവിധ രൂപങ്ങളാണ് കണ്ണൂരിൽ സൃഷ്ടിക്കപ്പെടുന്നത്.

ഗോൾഡൻ ഫിഫ്റ്റി പ്രഖ്യാപിച്ചത് മുതൽ 1500 ലധികം വരുന്ന വലിയൊരു വ്യൂഹം അതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സമ്മേളനത്തിന്റെ ഓരോ സ്‌പന്ദനങ്ങളും ആവിഷ്കരിക്കാനും നിയന്ത്രിക്കാനുമായി 313 അംഗങ്ങളുള്ള സ്വാഗത സംഘം പ്രവർത്തനമാരംഭിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. അതോടു കൂടെ തന്നെ ടീം ജി-ഫിഫ്റ്റിയും പ്രവർത്തിക്കുന്നു. മറ്റൊരു പ്രധാന ആകർഷണമായ 1001 അംഗ വളണ്ടിയർ സംഘം സമ്മേളനത്തിന് സജ്ജമായിട്ടുണ്ട്. കണ്ണൂർ പോലീസ് മൈതാനത്തേക്ക് മൗലാന അബുൽ കലാം ആസാദ് കവാടം കടന്നു വന്ന ഉടനെ പുസ്തകങ്ങളുടെ അനന്തമായ ശേഖരങ്ങളടങ്ങിയ പുതിയ വാതായനങ്ങൾ നമുക്കു മുന്നിൽ തുറക്കപ്പെടുന്നു. ആവശ്യമായ പുസ്തകങ്ങൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ വായനക്കാരെ പരിചയപ്പെടുത്താൻ മാത്രമായി 50 ൽ പരം വായനക്കാരായ സഹായികൾ നമ്മെ കാത്തിരിക്കുകയാണ്.

പുസ്തകലോകത്തിന്റെ മറ്റൊരു ഭാഗത്തായി ഒരുക്കിയ എജുസൈൻ ഇന്ത്യയിലെ തന്നെ വലിയ കരിയർ എക്സ്പോയാണ്. കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന 250 ലധികം കരിയർ മെൻ്റർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. 25 ലധികം കേന്ദ്ര സർവകലാശാലാ പ്രതിനിധികളും 15 ലധികം അന്താരാഷ്ട്ര യൂണിവേഴ്സിറ്റി പ്രതിനിധികളും സംബന്ധിക്കുന്ന വിപുലമായ കരിയർ എക്സ്പോ കേരളത്തിൽ ആദ്യമാണ്. ഇതെല്ലാം അനുഭവിമ്പോൾ ഈ ചിത്രം എത്ര വർണ്ണങ്ങളാൽ സമ്പന്നമാണെന്ന് കാണാൻ സാധിക്കും. സമ്മേളനത്തിലെ നിറമാർന്ന ചിത്രങ്ങളും വീഡിയോയും സമൂഹത്തിലേക്കെത്തിക്കാനായി ഒരുങ്ങിയിരിക്കുന്ന 50 അംഗ മീഡിയ ടീം സംഭവങ്ങളെ കൂടുതൽ ജനകീയമാക്കുന്നുണ്ട്. ഈ സംഖ്യകളിലൊന്നും പെടാത്ത ധാരാളം ഉമ്മമാരും മുതിർന്നവരും മറ്റുള്ളവരും പ്രാർത്ഥനകളിലൂടെയും മറ്റുമായി സമ്മേളനത്തിനായി ഏറെ നാളുകളായി ഉറക്കമൊഴിയുന്നു. ആയിരങ്ങൾ നിറം പകർന്നാണ് ഗോൾഡൻ ഫിഫ്റ്റി എന്ന ചിത്രം ഇത്രയേറെ സുന്ദരമാകുന്നത്.