admin
April 28 2023 Golden Fifty
പ്രവർത്തകരെ സ്ഫുടം ചെയ്യുന്ന പ്രതിനിധി സമ്മേളനം

എസ് എസ് എഫ് അമ്പതാം വാർഷിക സമ്മേളനം ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടത്തുന്ന പ്രതിനിധി സമ്മേളനം പ്രാസ്ഥാനത്തിന് പുതിയ ഊർജം പകരും. മൂന്ന് ദിനങ്ങളിലായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലാണ് ഡിവിഷൻ ഭാരവാഹികൾ, ജില്ല, സംസ്ഥാന എക്സിക്യൂട്ടീവുകളടങ്ങുന്ന 1000 പ്രതിനിധികളുടെ സമ്മേളനം നടക്കുന്നത്.

പി എച്ച് ഡി ഗവേഷകരും പ്രൊഫഷണലുകളും വിദ്യാഭ്യാസ വിചക്ഷണരും സർവ്വകലാശാലാ വിദ്യാർഥികളും കോളേജ് വിദ്യാർഥികളുമുണ്ട് പ്രതിനിധികളിൽ. കഴിഞ്ഞ വർഷങ്ങളിലെ സംഘടനയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം, പ്രതിനിധികൾക്ക് വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള ആശയപരമായ ഊർജം നൽകുന്ന ഉള്ളടക്കങ്ങളാണ് സമ്മേളനത്തിൽ. സമസ്തയിലെ മുതിർന്ന പണ്ഡിതർ, മുൻകാല സംഘടനാ നേതാക്കൾ തുടങ്ങിയവരാണ് പ്രധാനമായും സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. പ്രവർത്തകരുടെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ആലോചനകളെ ഉദ്ദീപിപ്പിക്കുന്നതും സംവാദാത്മകമായി പഠന വിധേയമാക്കുന്നതുമാണ് പ്രതിനിധി സമ്മേളന സെഷനുകൾ.

ആയുധങ്ങളോ വെറുപ്പോ അല്ല, ആദർശവും അറിവുമാണ് എസ് എസ് എഫ് കഴിഞ്ഞ അമ്പതു വർഷങ്ങളായി വിദ്യാർഥികൾക്ക് സമ്മാനിച്ചത്. പുസ്തകങ്ങൾ അടുക്കി വെച്ചത് പോലെ തയ്യാർ ചെയ്തിട്ടുള്ള സ്റ്റേജും ഈ ആശയത്തെ വിളിച്ചോതുന്നതാണ്. സമ്മേളനത്തിന്റെ അവസാന ദിവസമായ ഏപ്രിൽ 29 ന് ഉച്ചയോടെ കേരള വിദ്യാർഥി സമ്മേളനം നടക്കുന്ന കണ്ണൂർ നെഹ്റു സ്റ്റേഡിയത്തിലേക്കുള്ള റാലിയോട് കൂടെ പ്രതിനിധി സമ്മേളനം അവസാനിക്കും.