“ഈ കൊല്ലം വിഷുവിനു മുമ്പായി ചുറ്റുപാടുമുള്ള ഹിന്ദു സഹോദരങ്ങൾ വീട്ടിൽ വന്നു പറഞ്ഞു: ഞങ്ങൾ ഇക്കൊല്ലം വിഷുവിന് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നില്ല. ഞങ്ങളുടെയും കൂടി വാപ്പച്ചി ആണല്ലോ വിട്ടുപിരിഞ്ഞിരിക്കുന്നത്”.
സദസ്സിൽ മുഖാമുഖം ഇരുന്ന് നേർക്കുനേർ കേട്ട വാക്കുകൾ. ചെറിയ എ പി ഉസ്താദിൻറെ അനുസ്മരണ സഭയിൽ മകൻ പ്രസംഗിച്ച വരികൾ. എന്തുകൊണ്ടെന്ന് വേർതിരിച്ചു പറയാൻ പറ്റാത്ത പലകാരണങ്ങളാൽ ചെറിയ ഏപിഉസ്താദിനെ നേരത്തെ പെരുത്തിഷ്ടമായിരുന്നു. മകൻറെ വാക്കുകൾ കൂടി കേട്ടപ്പോൾ ചെറിയ ഏപി ഉസ്താദ് മനസ്സിൽ ഒന്നുകൂടി ആഴത്തിലാഴ്ന്നു.
എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ സുവർണ്ണ സായാഹ്നത്തിൽ കാവ്യചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളൂ. ഇളം പ്രായക്കാരായ കൊച്ചുകുട്ടുകാർ മുഖ്യധാര പതിപ്പുകളുടേയെല്ലാം ബലിഷ്ഠ കവാടങ്ങൾ മൂർച്ചയേറിയ കവിതകൾ കൊണ്ട് നേരത്തെ തന്നെ കുത്തിത്തുറന്നിരുന്നു. അതിനേക്കാളൊക്കെ ചൂടും എരിവും തുളക്ഷമതയുമുള്ള എമ്പാടും കവിതകളുമായാണ് അവർ വളഞ്ഞിരിക്കുന്നത്. കവിതകൾ ചൊല്ലിയും കവിതകളെ പറ്റി പാടിപ്പറഞ്ഞും ആ ഗോൾഡൻ സായാഹ്നത്തെ അവർ കാവ്യലായനിയിൽ കുതിർത്തു. കാണാൻ പോകുന്ന കാവ്യലോകത്തെക്കുറിച്ച് അവർ ഉദയ രശ്മികൾ പെയ്യിച്ചു.
പുറത്തേക്ക് നോക്കിയപ്പോൾ പുസ്തകങ്ങളുടെ പമ്പയും നിളയും പെരിയാറും ചാലിയാറും വളഞ്ഞു പുളഞ്ഞൊഴുകുന്നു, ഹ! ഇരുകരകളിലും പുസ്തകമുക്കുവന്മാർ ആർത്തിയോടെ പാത്തും പതുങ്ങിയും വലയുമായി നടന്നു നീങ്ങുന്നു, പിടക്കുന്നവ പിടിച്ച് സഞ്ചിയിൽ ഇടുന്നു. അപ്പുറത്തും ഇപ്പുറത്തും ആയി ഒട്ടുവളരെ പവലിയനുകൾ. തുടർ വിദ്യാഭ്യാസത്തിൻറെ താക്കോൽദ്വാര അന്വേഷണങ്ങൾ പൊടിപൊടിക്കുന്നു. ഒരിക്കലും നരക്കുകയോ വയസ്സാവുകയോ ചെയ്യാത്ത നിത്യയൗവനത്തിന്റെ എസ് എസ് എഫിന് ചുടുചോര തിളക്കുന്ന ഇളം അമ്പത് തികഞ്ഞതിന്റെ പിടപ്പ്, പുളപ്പ്, കസർത്ത് സർവ്വത്ര.
എസ് എസ് എഫിന്റെ സെക്രട്ടറിയോ പ്രസിഡണ്ടോ യൂണിറ്റ് മെമ്പറോ ഒന്നും ആവാത്ത കുറെ ആളുകളുണ്ട്. ഔദ്യോഗിക ജോയിൻറ് സെക്രട്ടറിക്കും വൈസ് പ്രസിഡണ്ടിനുമൊക്കെ രണ്ട്പരിമിതികൾ ഉണ്ട്. ഒന്ന് അവർ അതുമാത്രമാണ്. പ്രസിഡൻറ് പ്രസിഡൻറ് മാത്രം , സെക്രട്ടറി സെക്രട്ടറി മാത്രം. അതേസമയം അതൊന്നുമല്ലാത്ത പതിനായിരമിരട്ടിക്കുമേൽ വരുന്ന സാധാരണക്കാരനായ പ്രവർത്തകർ ഓരോരുത്തരും ഓരോ എസ് എഫ് കമ്മിറ്റി അപ്പാടെയാണ്. രണ്ടാമതായി ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവരെ അച്ചടക്ക കാരണങ്ങളാൽ ഏത് സംഘടനക്കും എന്ന പോലെ എസ്എസ്എഫിനും പുറത്താക്കാനാവും. പക്ഷേ അത്തരക്കാരെ ഒരുകാലത്തും ഒരാൾക്കും പുറത്താക്കാൻ ആവാത്ത വിധം അവർ എസ് എസ് എഫ് ന്റെയും എസ്എസ്എഫ് അവരുടെയും മജ്ജയായി, മാംസമായി, ചോരയായി നീരായി അകമേ അലിഞ്ഞിരിക്കും. അകത്തലിഞ്ഞതിനെ വായിൽ വലിച്ചു പുറത്തു തുപ്പാൻ ആർക്കാണാവുക?
ഗോൾഡൻ ഫിഫ്റ്റിയുടെ ഓരോ കോശത്തിലും തെളിമയുടെ സുവർണ്ണ തന്മാത്രകൾ പതിഞ്ഞു കാണുന്നു. ഇത് ഇത്രയും ഭംഗിയായി, കാര്യക്ഷമമായി, വ്യവസ്ഥാപിതമായി ചെയ്യാനാവന്നുവല്ലോ എന്നതിലല്ല അതിശയം ഇത് ഇങ്ങനെയായി തീരാൻ ഇതിൻറെ പിന്നിൽ ഉറക്കം ഒഴിഞ്ഞുള്ള എത്രയെല്ലാം തലച്ചോറധ്വാനങ്ങൾ/സീരിയസ് ഡെലിബറേഷൻസ് നടന്നു കാണും എന്നതിലാണ്.
ഉപരിപഠനത്തിന്റെയും തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും വിദേശ പഠനത്തിന്റെയും പവലിയനുകളിൽ കൂർത്ത ദാഹത്തോടെ ക്യൂനിൽക്കുന്നവരുടെ കണ്ണുകളിൽ കാണുന്ന പ്രതീക്ഷയും പ്രാർത്ഥനയും മതി ഗോൾഡൻ ഫിഫ്റ്റിയുടെ രാജശിരസ്സിൽ സുവർണ്ണ കിരീടം ചാർത്താൻ.
ഓർമ്മവേണം, ഒരിക്കൽ പോലും ചുവരെഴുത്തിൽ ചേർത്ത ഒരു വാക്കുകൊണ്ടുപോലും, തെരുവ് പ്രസംഗത്തിലെ ഒരു പദപ്രയോഗം കൊണ്ടുപോലും ഒരാളെയും പ്രകോപിപ്പിക്കാത്ത വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്എസ്എഫ്. മസിലുകളിൽ തുടിപ്പിച്ചു പിടിക്കുന്ന പേശി ഭൂപടത്തിൽ ഒട്ടും ആത്മരതി കൊള്ളാത്തവരാണ് എസ് എസ് എഫ് കാർ. മനസ്സിൻറെ മായികാലോകത്ത് വിരിയുന്ന ഭ്രാന്തമായ ആനന്ദ സ്വപ്നങ്ങളിലും അവർക്കശേഷം താല്പര്യമില്ല. തങ്ങൾ തങ്ങളായി തീരാൻ അന്യരുടെ അസ്തിത്വത്തിന്റെ അംശങ്ങൾ ചേർത്തുവയ്ക്കണമെന്ന അസ്തിത്വപ്രച്ഛന്നദണ്ണം ലെവലേശമില്ലാത്തവരാണവർ. തലച്ചോറ്റിന്റെ ആഴ്ചുഴികളിൽ വിരിയുന്ന നേർചിന്തകളിലാണ് അവരുടെ ആസ്പദം. ഒപ്പം ആത്മീയതയുടെ അഭൗമമായ പ്രഭാവങ്ങളിലും. സാത്വികരായ സയ്യിദന്മാരുടെയും ആലിമകളുടെയും കരുതലിലും.
എസ് എസ് എഫ് കാഴ്ചയിൽ മയിലു പോലെ ഇരിക്കും,ചന്തമായിട്ട്. കേൾവിയിൽ കുയിലായിരിക്കും, രാഗഗന്ധർവ്വമായിട്ട്. തൊട്ടാൽ മലര് പോലെ, മൃദുലമായിട്ട്. രുചിച്ചാൽ മധുപോലെ, മധുരമായിട്ട്. പക്ഷേ ആവശ്യമില്ലാതെ എസ് എസ് എഫിനെ പോയി മൂക്കിനു തോണ്ടി നോക്കിയേ. അത് ചോരക്കറയുള്ള കരടിയായി, തീനാക്കുള്ള പുലിയായി ചീറിവരും എന്നു കരുതണ്ട! അതു പാടിയും പറഞ്ഞും എഴുതിയും വരച്ചും നിങ്ങളെ നിരായുധനാക്കും. നിങ്ങളെ തോൽപ്പിച്ചു കിടത്താതെ നിങ്ങളിലെ മനുഷ്യനെ മൃഗത്തിൽ നിന്ന് അഴിച്ചെടുത്ത് നിങ്ങളെയും ജയിപ്പിച്ചു വിടും. എസ് എസ് എഫ് തോൽക്കാനുള്ളതല്ല എന്നതുപോലെ തോൽപ്പിക്കാനുള്ളതുമല്ല. തോൽക്കുന്നവരെ പോലും ജയിപ്പിച്ചു വിടാൻ ഒരുമ്പിട്ടിറങ്ങിയവർക്ക് എവിടെ അന്യരെ തോൽപ്പിക്കാൻ നേരം?
നാളിതുവരെ എസ്എസ്എഫ് ചെയ്ത ഏറ്റവും വലിയ പ്രവർത്തനം എന്നത് ഇതര വിദ്യാർത്ഥി സംഘടനകളെ കഠോരമായി അസൂയപ്പെടുത്തിക്കൊണ്ടേയിരിക്കുക എന്നതാണ്. ഇതുവരെയുള്ള പ്രവർത്തനത്തിന്റെ ഫലമായി എസ്എസ്എഫിനുണ്ടായ ഏറ്റവും വലിയ പരാജയം എന്നത് തങ്ങൾക്ക് ഒരു ശത്രു സംഘടനയെ ഉണ്ടാക്കാൻ പറ്റിയില്ല എന്ന തോ തങ്ങൾ ഒരാളുടെയും ശത്രു സംഘടനയായി നിന്നില്ല എന്നതോ-ഏതാണ്? ഇനിമുതൽ അവനും വേണ്ട… ഇവനും വേണ്ട… നീയും വേണ്ട… നീയും വേണ്ട… എന്നിങ്ങനെ ഓരോരുത്തനെയായി തള്ളി താഴെയിടും കെടുംകാലത്ത് ആ പുണ്ണുമനസ്സിനെയും വീണുമുറിഞ്ഞു കിടക്കുന്ന സകലരെയും ചേർത്തുപിടിച്ച് നമ്മൾ ഇന്ത്യൻ ജനത എന്ന് ഉറക്കെ പറയിക്കാൻ ഈ ലോകത്ത് എസ്എസ്എഫിനല്ലാതെ സാധിക്കുക ഒരാൾക്ക് മാത്രമാണ്-എസ്എസ്എഫിന്!
വാ! ചേർന്നുചേർന്നു നിൽക്ക്. ഹൃദയങ്ങൾ ഇതാ ഇങ്ങനെ കോർക്ക് ! നമുക്കൊന്നായി കൂക്കാം : നമ്മൾ ഇന്ത്യൻ ജനത. നമുക്കൊന്നായി പൂക്കാം :നമ്മൾ ഇന്ത്യൻ ജനത!