വിദൂര വിദ്യാഭ്യാസ സംവിധാനം റെഗുലർ സർവ്വകലാശാലകളിൽ നിന്ന് ഓപ്പൺ സർവ്വകലാശാലകളിലേക്ക് മാറ്റാനുള്ള സർക്കാർ നടപടി, വിദ്യാർത്ഥികളുടെ പഠനസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിർധന വിദ്യാർത്ഥികൾക്കുമേൽ വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമാണ്. റെഗുലർ സർവകലാശാലകൾക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അലോട്ട്മെൻ്റിൽ നേരിട്ട് പ്രവേശനം നേടാൻ കഴിയാത്ത അനേകം വിദ്യാർത്ഥികളുടെ ആശ്രയവും ആവശ്യവുമാണ്. എന്നിരിക്കെ, സ്വകാര്യ – കോ-ഓപ്പറേറ്റീവ് കോളേജുകളിലെ വിഷയങ്ങളും കോഴ്സുകളും വെട്ടിക്കുറക്കുമ്പോൾ വഴിയാധാരമാകുന്നത് നിരവധി വിദ്യാർത്ഥികളുടെ പഠനവും ഭാവിയുമാണ്. ഇത്തരം കോളേജുകൾക്ക് കീഴിലല്ലാതെ പഠനം നടത്തുന്ന അനേകം വിദ്യാർത്ഥികൾ പുറത്തുമുണ്ട് എന്നത് സർക്കാർ നടപടിയുടെ ഗൗരവം വർധിപ്പിക്കുന്നു. കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കോളേജുകളിൽ മാത്രമായി ഒരു ലക്ഷം വിദ്യാർഥികളും കോളേജുകൾക്ക് കീഴിലല്ലാതെ അതിലേറെ വിദ്യാർത്ഥികളും പഠനം നടത്തുന്നുണ്ട്. 2021 ൽ പ്രാബല്യത്തിൽ വന്ന ശ്രീനാരായണഗുരു ഓപ്പണ് യൂണിവേഴ്സിറ്റി ആക്ട് ആണ് നിലവിലുള്ള പ്രതിസന്ധികൾക്ക് തുടക്കമിട്ടത്. ഇതിൻ്റെ ഭാഗമായാണ് റെഗുലർ സർവകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കുള്ള ഡിസ്റ്റൻസ് എജുക്കേഷൻ സംവിധാനം ഘട്ടംഘട്ടമായി സർക്കാർ നിർത്തലാക്കുന്നത്. ഈ നീക്കം കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് തുടങ്ങിയ മലബാർ ജില്ലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കാലികറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിൽ വിരലിലെണ്ണാവുന്ന വിഷയങ്ങൾക്ക് മാത്രമാണ് നിലവിൽ അംഗീകാരമുള്ളത്. വരുംവർഷങ്ങളിൽ ഈ കോഴ്സുകൾക്ക് കൂടി അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥയാണിപ്പോൾ.വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമായി ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി (SNGOU) യെ മാറ്റുന്നത് വിദ്യാഭ്യാസ രംഗത്തെ സമ്പൂർണ്ണ നിയന്ത്രണത്തിനാണ് വഴിയൊരുക്കുക. ഡിഗ്രി കോഴ്സുകൾക്ക് എസ്.എൻ.ജി.ഒ.യു, സാധാരണ സർവകലാശാലകളെക്കാൾ ഇരട്ടിയിലധികം നിരക്ക് ഈടാക്കുന്നതും പാവപ്പെട്ട വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കും. കാലിക്കറ്റ് സർവകലാശാല ഒരു കോഴ്സിന് ഈടാക്കുന്നതിന്റെ രണ്ടിരട്ടിയിലധികമാണ് ഓപ്പൺ യൂണിവേഴ്സിറ്റി നിരക്ക്. മറ്റൊരു പ്രശ്നം ഇതര സർവകലാശാലകളെ അപേക്ഷിച്ച് തൊഴിൽ വിപണിയിലും ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റിന് വലിയ സ്വീകാര്യതയില്ല എന്നതാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ സംവിധാനം കാണേണ്ടതുണ്ട്.#distanceeducation#sngou#openuniversity#ssfkerala