കളമശ്ശേരി സ്ഫോടനത്തെ ചൊല്ലി മാധ്യമങ്ങളിപ്പോഴും കഥകൾ മെനയുന്ന തിരക്കിലാണ്. അങ്ങേയറ്റം നീചമായ ശൈലികളും ആഖ്യാനങ്ങളും മുഖ്യധാര മാധ്യമങ്ങളുൾപ്പെടെ തുടർന്ന് കൊണ്ടിരിക്കുന്നു. നിഗമനങ്ങൾക്കും തീർപ്പുകൾക്കും വിദഗ്ധ കുറ്റാന്വേഷകരേക്കാൾ മതിയായവരാണെന്ന ധിക്കാരം മാത്രമല്ല അത്. വളർച്ചക്കോ നിലനിൽപ്പിനോ വേണ്ടി നൈതികത മറക്കുന്നതിന്റെ കെടുതി കോടിക്കണക്കിന് മനുഷ്യരാണ് അനുഭവിക്കുകയെന്നെങ്കിലും ചിന്തിക്കാനുള്ള വിവേകം മാധ്യമപ്രവർത്തകരിൽ പലരും കാണിക്കുന്നേയില്ല. ഫാസിസ്റ്റ് കോർപറേറ്റുകൾ വിലക്ക് വാങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ നിന്ന് പക്വത പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല. കുറ്റാരോപിതരുടെ മാത്രമല്ല, മുൻവിധികളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിധേയരാവുന്നവരുടെ പോലും ആകാരവും നിറവും വസ്ത്രവും നോക്കി സെൻസേഷണൽ കെട്ടുകഥകൾ വെച്ചു വിളമ്പി കൊടുംവിഷം വിതരണം ചെയ്യുന്ന പണി അവരിന്ന് തുടങ്ങിയതുമല്ല.
കളമശ്ശേരി സ്ഫോടനത്തിൽ ആദ്യം പുറത്തു വന്ന വാർത്തകളും വിശകലനങ്ങളും കുറ്റമേറ്റ് മാർട്ടിൻ ഡോമിനിക് കീഴടങ്ങിയപ്പോൾ മുതലുള്ളവയും തമ്മിലെ അന്തരം രാഷ്ട്രീയവിദ്യാർത്ഥികളുടെ പഠനവിഷയമാകേണ്ടതുണ്ട്. ന്യൂസ് 18, റിപ്പോർട്ടർ ടി വി ഉൾപ്പെടെയുള്ള ചാനലുകൾ സ്ഫോടനം നടന്നയുടൻ വാർത്തയിലും ചർച്ചകളിലും സ്വീകരിച്ച സമീപനം നികൃഷ്ടമാണ്. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തോടുള്ള പ്രതികരണമെന്നുൾപ്പെടെ നിരീക്ഷണം നടത്തി, സംഘപരിവാർ നുണഫാക്റികളിൽ നിന്നുള്ള വ്യാജങ്ങളെ വെളുപ്പിച്ചെടുക്കുന്ന നിലപാടാണ് മുതിർന്ന മാധ്യമപ്രവർത്തകരുൾപ്പെടെ സ്വീകരിച്ചത്. കുറ്റമേറ്റയാളെ പിടികൂടിയ ശേഷം പത്തി അല്പം താഴ്ത്തിയെങ്കിലും വീണ്ടും കുളം കലക്കാനുള്ള സാധ്യതകൾ അന്വേഷിച്ച് നീങ്ങുന്ന പത്ര-ദൃശ്യ മാധ്യമങ്ങളെയും ഓൺലൈൻ പോർട്ടലുകളെയും ജനം സഹിക്കാൻ നിർബന്ധിതരായിരിക്കുന്നു. പണത്തിനും നിലനിൽപ്പിനും വേണ്ടി ജനങ്ങളെ വിഷം തീറ്റിക്കുന്നതിലും ഭേദം കളമൊഴിഞ്ഞു വേറെ ജോലി കണ്ടെത്തുകയാണെന്ന് പൊതുജനം പറയുന്നത് വെറുതെയല്ല.
മുസ്ലിംകളെ അപരവത്കരിച്ച് അധികാരം കണ്ടെത്തുകയും അതിന്റെ മറവിൽ കോർപറേറ്റ് പ്രീണനം നടത്തി ജനങ്ങളെ മുടിക്കുകയും ചെയ്യുകയെന്ന സംഘപരിവാർ പദ്ധതി രാജ്യമാകെയും നാം കണ്ട് ശീലിച്ചതാണ്. അത്തരമൊരു ക്യാമ്പയിന് നിലമൊരുക്കുന്ന എല്ലാ തരം ശ്രമങ്ങളെയും കേരളം പരാജയപ്പെടുത്തണം. ഒളിഞ്ഞും തെളിഞ്ഞും ഫാസിസ്റ്റ് ജിഹ്വകളായി മാറിയ മാധ്യമങ്ങളെയും എല്ലാ തരം സാങ്കേതികതകളും ദുരുപയോഗിച്ച് മനുഷ്യർക്കിടയിൽ വിള്ളൽ വീഴ്ത്തുന്ന സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളെയും തിരിച്ചറിയാൻ കഴിയുംവിധം ഉൽബുദ്ധരാവുക എന്നത് പ്രധാനമാണ്.
കേരളം ഇത് വരെ സ്വീകരിച്ചു പോന്ന ജാഗ്രത ശക്തിപ്പെടുത്തേണ്ട കാലമാണിത്.
• ജനറൽ സെക്രട്ടറി, SSF കേരള
https://m.facebook.com/story.php?story_fbid=pfbid02jq7xencKFM8XkK8o2X3hS4Ry2uawQQJLCEewUNS7Pz9ueWKGqABNjEUw2amguoLpl&id=100065064723083