admin
December 1 2023 Uncategorized
എൻ എം സി ലോഗോയിലെ മതചിഹ്നം ; രാജ്യത്തിന്റെ മതേതരത്വത്തിന് നേരെയുള്ള കടന്നാക്രമണം

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ നിന്ന് ദേശീയചിഹ്നം ഒഴിവാക്കി ധന്വന്തരിയുടെ ചിത്രം ചേർത്ത് പരിഷ്കരിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യത്തിന്റെ മതേതരസ്വഭാവത്തെ കടന്നാക്രമിക്കുന്നതാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്കുകളുടെ ഭാഗമാണ് ആരോഗ്യസംവിധാനങ്ങളെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഇത്തരം നീക്കങ്ങൾ. ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നവരുടെ ആത്മവീര്യം ചോർത്തിയ ഈ നടപടിയിൽ നിന്ന് പിന്മാറാൻ സർക്കാർ തയാറാവണം. ഹെൽത്ത് സെന്ററുകളുടെ പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നാക്കി റീബ്രാൻഡ് ചെയ്യാനും പേരിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈൻ ചേർക്കാനും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് ഈയിടെ നിർദേശം നൽകിയിരുന്നു. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളിൽ പരമാവധി അഞ്ച് ശതമാനം മാത്രമാണ് കേന്ദ്രപങ്കാളിത്തം. സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികളിലും പ്രൊജക്ടുകളിലും ഉൾപ്പെടുത്തി വികസിപ്പിച്ചെടുക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്ക് പേരും ബോർഡും മാറ്റാൻ നിർദേശിക്കുന്നതിൽ രാഷ്ട്രീയതാത്പര്യമുണ്ട്. ജനങ്ങളെ നേരിട്ട് സ്പർശിക്കുന്ന ആരോഗ്യസംവിധാനങ്ങളെ അധികാര താത്പര്യങ്ങൾക്കും രാഷ്ട്രീയ പ്രചാരണങ്ങൾക്കും വേണ്ടി ദുരുപയോഗിക്കുന്ന നടപടികൾ തുടർന്ന് പോരുന്നത് ജനാധിപത്യരാജ്യത്തെ സർക്കാരിന് ഭൂഷണമല്ല. ഹെൽത്ത് സെന്ററുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങളും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതിന് പകരം പേര് മാറ്റം പോലുള്ള ഗിമ്മിക്കുകൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ, പൗരന്മാരെ ചെറുതായി കാണുകയും അപഹസിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നത്.