സംഗമങ്ങൾക്കും ആലോചനകൾക്കും വിശ്രമമില്ല. ഘനമുള്ള വിചാരങ്ങളുടെ നൈരന്തര്യത്തിൽ, ദേശത്തെയും സമൂഹത്തെയും കുറിച്ചുള്ള ആധിയിൽ പ്രവർത്തകർ പിന്നെയും ഒത്തുകൂടുകയാണ്. സൗഹൃദങ്ങളുടെ, പങ്കു വെപ്പിന്റെ രാഷ്ട്രീയമാണ് ചർച്ചയുടെ കാതൽ. ഇഷ്ടങ്ങൾ സ്വന്തം അവകാശമല്ലെന്ന്, അത് സമൂഹത്തിന്റെ കൂടിയാണെന്ന് വിദ്യാർത്ഥികളെ ബോധിപ്പിക്കാനുള്ള ശ്രമങ്ങൾ. വൈവിധ്യങ്ങൾ സൗന്ദര്യമാണെന്ന്, ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്ന് അവരെ ഉണർത്തുന്നു. മതത്തിന്റെ ആത്മീക സന്തോഷത്തിൽ ഇത് രണ്ടും ഉൾച്ചേർന്നിരിക്കുന്നുണ്ട് എന്ന് അവരെ പഠിപ്പിക്കുന്നു. സംഘടനയുടെ 17 ജില്ലാ കേന്ദ്രങ്ങളിൽ ആർട്സ് കോളേജ് ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ഒത്തു ചേർന്ന് മനുഷ്യരെ ചർച്ച ചെയ്യുന്നു. പോകാനുണ്ട് ഇനിയുമേറെയെന്ന് പ്രവർത്തക ലക്ഷങ്ങൾ തിരിച്ചറിയുന്നു. ചിട്ടയൊത്ത വാക്കുകളിൽ എഴുതി വെക്കാനുള്ളതല്ല, ജീവിതം കൊണ്ട് പൂരിപ്പിക്കേണ്ടതാണ് മുദ്രാവാക്യങ്ങൾ എന്ന് എസ് എസ് എഫ് നിലപാട് പറയുന്നു.