admin
September 25 2021 Sahityotsav
വിഭജനശ്രമങ്ങളെ മതേതര ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ച് ചെറുത്ത് തോൽപ്പിക്കുക: മന്ത്രി അഹ്മദ് ദേവർ കോവിൽ

കേരള സാഹിത്യോത്സവിന് തുടക്കം

കോഴിക്കോട്: രാജ്യത്ത് പലയിടത്തും വിഭജന ശ്രമങ്ങൾ നടക്കുകയാണ്. ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഒരു മതവിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന പ്രവണതയും വ്യാപകമായി കൊണ്ടിരിക്കുന്നു. ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിച്ച് ഇവയെ ചെറുത്ത് തോൽപിക്കുകയാണ് വേണ്ടതെന്ന് തുറമുഖം വകുപ്പ് മന്ത്രി അഹ്മദ്‌ ദേവർ കോവിൽ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഇരുപത്തി എട്ടാമത് കേരള സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ തകർക്കാൻ ഇന്ത്യക്കകത്തും പുറത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭിന്നിപ്പിച്ച് സ്വാതന്ത്ര്യ വാജ്ഞയെ ഇല്ലാതാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. അതിന്റെ പരിണിത ഫലമായി ഇന്ത്യ സ്വതന്ത്രമായപ്പോൾ രാജ്യം വെട്ടിമുറിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ വിഭജന തന്ത്രങ്ങളിൽ വീണതിന് രാജ്യവും, ജനങ്ങളും വലിയ വില നൽകേണ്ടി വന്നു. പുതിയ സാഹചര്യത്തിൽ സ്ഥാപിത താത്പര്യക്കാർ നടത്തുന്ന വിഭജന ശ്രമങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, സി.പി സൈതലവി മാസ്റ്റർ, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, കെ.വൈ നിസാമുദ്ദീൻ ഫാളിലി, സി.എൻ ജഅഫർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ കാസര്‍ഗോഡ്, മുഹമ്മദലി കിനാലൂർ എന്നിവർ സംസാരിച്ചു. ഒക്ടോബർ രണ്ടുവരെ നീണ്ടു നിൽക്കുന്ന കേരള സാഹിത്യോത്സവിൽ തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത കലാ, സാഹിത്യ, സാംസ്കാരിക പരിപാടികൾ നടക്കും. ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെയാണ് കേരള സാഹിത്യോത്സവ് നടക്കുന്നത്. സമാപന സമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ ഉദ്ഘാടനം ചെയ്യും.