കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ് നൽകാനുള്ള ഫണ്ടിൽ നിന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചിലവഴിച്ചുവെന്ന സി എ ജി കണ്ടെത്തൽ സംസ്ഥാന സർക്കാറിൻ്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി നൽകേണ്ട ലക്ഷങ്ങൾ വകമാറ്റുകയും ഉദ്യോഗസ്ഥർക്ക് വേണ്ടി കാറുകൾ ഉൾപ്പടെയുള്ള വസ്തുവകകൾ വാങ്ങുന്നതിന് ഉപയോഗിക്കുകയും ചെയ്തത് ഗുരുതരമായ നിയമ ലംഘനമാണ്. നിരവധി വിദ്യാർഥികളുടെ അപേക്ഷകളാണ് തുടർ നടപടികൾ കാത്ത് ചുവപ്പ് നടയിൽ കുരുങ്ങി കിടക്കുന്നത്.2017-22 കാലയളവിൽ പട്ടികജാതി പ്രീ-മെട്രിക് സ്കോളർഷിപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്താൻ ഒരു സർവേയും നടത്തിയിട്ടില്ല. 2017-18ൽ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാർഥികളിൽ പത്തു ശതമാനത്തിനും 2020-21ൽ പ്രവേശനം നേടിയ 4.12 ലക്ഷത്തിൽ 12 ശതമാനത്തിനും ലംപ്സം ഗ്രാന്റ് ലഭിച്ചില്ല എന്നതും കേന്ദ്രീയ വിദ്യാലയങ്ങളിലെ 5828 പട്ടികജാതി വിദ്യാർഥികൾ വിദ്യാലയ വികാസ് നിധിയുടെ വർധിപ്പിച്ച നിരക്കിലേക്കടച്ച 3.60 കോടി രൂപ തിരിച്ചു നൽകാത്തതും ഇ-ഗ്രാന്റ് രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ 23,138 പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നഷ്ടമായതും അഴിമതിയുടെ ഗൗരവം വർധിപ്പിക്കുന്നു. ജില്ലകളിൽ ഇ-ഗ്രാന്റ് വിതരണത്തിൽ അഞ്ചുവർഷം വരെ കാലതാമസം നേരിടുന്നതും പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വകയിൽ ഭരണച്ചെലവുകൾക്ക് ലഭിക്കേണ്ട 96.65 ലക്ഷം രൂപയും പട്ടികവർഗക്കാരുടേതിൽ 15.89 ലക്ഷം രൂപയും കേന്ദ്രത്തിൽ നിന്ന് ക്ലെയിം ചെയ്യാത്തതിനാൽ നഷ്ടമായതും സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളുടെയും കെടുകാര്യസ്ഥതയുടെയും അടയാളങ്ങളാണ്. ഇത്തരം വിഷയങ്ങളിൽ ന്യൂനപക്ഷ – ദളിത് പിന്നാക്ക വിദ്യാർത്ഥികളോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണ്. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മൂലം നിരവധി വിദ്യാർത്ഥികൾക്ക് സമയ ബന്ധിതമായി സ്കോളർഷിപ്പ് നൽകാൻ കഴിയാതെ പോയതിന്റെ ഉത്തരവാദികൾ പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാർ സംവിധാനങ്ങളുമാണ്.
നിരവധി വിദ്യാർത്ഥികൾക്ക് സഹായകരമായ മാറേണ്ടിയിരുന്ന തുകയാണ് ഒരു സങ്കോചിവുമില്ലാതെ വകമാറ്റി ചിലവാക്കിയത്. ഈ സംഖ്യകളത്രയും ഏറ്റവും വേഗം സ്കോളർഷിപ് ഫണ്ടിലേക്ക് തിരിച്ചടക്കാനും അഴിമതിക്ക് കൂട്ടു നിന്ന മുഴുവൻ പേരെയും മാതൃകാപരമായി ശിക്ഷിക്കാനും സർക്കാർ സത്വര നടപടികൾ സ്വീകരിക്കണം.