അസമിൽ അര നൂറ്റാണ്ടിലേറെയായി താമസിച്ചു പോരുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് പുനരധിവസിക്കാനുള്ള സമയമോ, സൗകര്യമോ ലഭ്യമാക്കാതെ 800 കുടുംബങ്ങളെ പുറം തള്ളുകയും, കുടിയൊഴിപ്പിക്കലിന്റെ പേരിൽ സമാനതകളില്ലാത്ത ക്രൂരത നടത്തുകയും ചെയ്ത ഭരണകൂട നടപടി മനുഷ്യത്വ വിരുദ്ധവും, നിഷ്ഠൂരനീതിയുമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പറഞ്ഞു. കേരള സാഹിത്യോത്സവിന്റെ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർക്കാർ സ്ഥലങ്ങളിൽ പതിറ്റാണ്ടുകളായി പുരകെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കുമ്പോൾ അവരെ തെരുവിലേക്ക് തള്ളിവിടുകയല്ല ഭരണകൂടം ചെയ്യേണ്ടത് മാന്യമായി പുനരധിവസിപ്പിക്കാനുള്ള വഴി കാണുകയാണ് വേണ്ടത്. സ്വന്തം പൗരൻമാരോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാൻ ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ട്.
ഒരു സുപ്രഭാതത്തിൽ അഭയാർത്ഥികളാകേണ്ടി വരുന്നവരിൽ നിന്ന് പ്രതിഷേധങ്ങളും, പ്രതികരണങ്ങളും സ്വാഭാവികമാണ്. അതിനെ അടിച്ചമർത്തുന്നതിന് പകരം ശരിയായ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
വംശീയ ഉൻമൂലന ലക്ഷ്യത്തോടെ പെരുമാറുകയും വെടിയേറ്റു വീണ വ്യക്തിയുടെ നെഞ്ചിൽ കയറി ആനന്ദ നൃത്തം ചവിട്ടുകയും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് ചിലർ മാറുന്നത് വർഗീയ ശക്തികളുടെ മസ്തിഷ്ക പ്രക്ഷാളനം മൂലമാണ്. വർഗീയത ഉദ്പാദിപ്പിക്കുന്ന അത്തരം സംഘങ്ങളെ അപലപിക്കാനും, അവർക്കെതിരെ പ്രതികരിക്കാനും, പ്രതിരോധിക്കാനും പൊതു സമൂഹം രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.