ആദ്യ സാഹിത്യോത്സവിന് ആതിഥ്യമരുളിയ അൽ മഖർ ഇരുപത്തി എട്ട് വർഷത്തിനു ശേഷം വീണ്ടും വിരുന്നെത്തിയ സന്തോഷത്തിലാണ്. എസ് എസ് എഫ് ചരിത്രത്തിലെ മാത്രമല്ല മാപ്പിള കലാ ചരിത്രത്തിലെ തന്നെ നിർണ്ണായക വഴിത്തിരിവായ സാഹിത്യോത്സവിന്റെ ആദ്യ പതിപ്പിന് അരങ്ങൊരുക്കാൻ കഴിഞ്ഞത് അഭിമാനത്തോടെയാണ് ഇവിടത്തുകാർ ഓർക്കുന്നത്. അതോടെ സാഹിത്യോത്സവ് മാത്രമല്ല അൽ മഖർ കൂടിയാണ് ചരിത്രത്തിലിടം പിടിച്ചത്. 1993 ൽ എസ് എസ് എഫിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സാഹിത്യോത്സവ് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. അതിനു മുമ്പ് പലയിടത്തും ചില കലാ മത്സരങ്ങൾ നടക്കാറുണ്ടെങ്കിലും വ്യവസ്ഥാപിത രൂപത്തിലുള്ള ആദ്യ സാഹിത്യോത്സവായിരുന്നു അൽ മഖറിലേത്. ഒക്ടോബർ 23, 24 ന് നടന്ന അന്നത്തെ സാഹിത്യോത്സവിൽ 200ലധികം കലാപ്രതിഭകളാണ് മത്സരിച്ചത്. ഇന്നത് രണ്ടായിരം വിദ്യാർത്ഥികളായി വലുതായിരിക്കുന്നു. ഇന്ന് പ്രാസ്ഥാനിക രംഗത്തുള്ള എഴുത്ത്, പ്രഭാഷണം, നേതൃരംഗങ്ങളിലുള്ള പല പ്രമുഖരും അന്നത്തെ മത്സരാർത്ഥികളായിരുന്നു. ഇന്ന് പല മടങ്ങായി വളർന്ന് വികസിച്ച സാഹിത്യോത്സവിന്റെ പുരോഗതിയിൽ ആദ്യത്തെ ആതിഥേയർക്ക് സന്തോഷിക്കാം.