എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളന പ്രധിനിധികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ രജിസ്ട്രേഷൻ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. കേരള വിദ്യാർത്ഥി സമ്മേളനത്തോടനുബന്ധിച്ച് 27,28,29 തിയതികളിൽ നടക്കുന്ന ക്യാമ്പിലെ സ്ഥിരാംഗങ്ങൾക്കാണ് രജിസ്ട്രേഷൻ സംവിധാനിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല എക്സിക്യൂട്ടീവ്, ഡയറക്ടറേറ്റ് അംഗങ്ങളും ഡിവിഷൻ സെക്രട്ടേറിയേറ്റ് അംഗങ്ങളുമടങ്ങുന്ന രണ്ടായിരം പ്രതിനിധികളാണ് ക്യാമ്പ് സ്ഥിരാംഗങ്ങൾ. ഏപ്രിൽ 22 ന് ആരംഭിക്കുന്ന കേരള വിദ്യാർഥി സമ്മേളനം 29 നാണ് സമാപിക്കുക. 1973 മുതൽ 2023 വരെയുള്ള മുഴുവൻ പ്രവർത്തകരുടെയും മഹാ സമ്മേളനത്തിനാണ് കണ്ണൂർ വേദിയാകുന്നത്. 50 സാംസ്കാരിക സംവാദങ്ങൾ, പ്രമുഖ സാമൂഹ്യ രാഷ്ട്രീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസാരങ്ങൾ, രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന കലാ പരിപാടികൾ, വിദ്യാഭ്യാസ എക്സ്പോ, പുസ്തകോത്സവം തുടങ്ങിയ പരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിലെ പത്ത് വേദികളിലായി നടക്കും. 50 വർഷത്തെ എസ് എസ് എഫിൻ്റെ ചരിത്രവും മുന്നേറ്റവും ഉൾകൊള്ളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 20 മുതൽ തന്നെ സമ്മേളന ആരവങ്ങൾ സജീവമാകും. പുസ്തകോത്സവം, ചരിത്രപ്രദർശനം ഉൾപ്പെടെയുള്ളവ സമ്മേളനത്തോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ സൗഹൃദ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വൈവിധ്യ പ്രചാരണാവിഷ്കാരങ്ങൾ കൊണ്ട് സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളും നഗര, ഗ്രാമങ്ങളും സജീവമാണ്.