admin
April 28 2023 Golden Fifty
അമ്പത് പതാകകൾ ഉയർന്നു : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന് തുടക്കം

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന് പതാക ഉയർന്നു. അൻപത് വർഷങ്ങളെ ഉണർത്തി മുൻകാല ഭാരവാഹികളായ അബൂബക്കർ മുസ്‌ലിയാർ പട്ടുവം, ബി എസ് അലിക്കുഞ്ഞി ഫൈസി, പി എ കെ മുഴപ്പാല, അബൂബക്കർ ശർവാനി, എ കെ സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ അൻപത് പതാകകളാണ് ഉയർത്തിയത്. കേരളത്തിലെ അൻപത് മസാറുകളിൽ നിന്നും സിയാറത്തിന് ശേഷം പ്രത്യേകം ഏറ്റുവാങ്ങിയ പതാകയുമായി പ്രവർത്തകർ പതാക ജാഥയോടെ നഗരിയിലെത്തി നാലരയോടെ പതാകകൾ വാനിലേക്കുയർന്നു.

1973 ൽ സംഘടന രൂപീകരിച്ചതു മുതൽ അമ്പതാണ്ട് വരെയുള്ള അടയാളപ്പെടുത്തലുകളെ കുറിക്കുന്നതാണ് ഓരോ പതാകകളും. എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനം നടക്കുന്ന കണ്ണൂർ പോലീസ് മൈതാനിയിലാണ് പതാകകൾ ഉയർത്തിയത്. 1973 മുതൽ 2023 വരെയുള്ള മുഴുവൻ പ്രവർത്തകരുടെയും മഹാ സമ്മേളനത്തിനാണ് കണ്ണൂരിൽ വേദിയൊരുങ്ങിയിരിക്കുന്നത്. പുസ്തകോത്സവം, സാംസ്കാരിക സംവാദങ്ങൾ, പ്രമുഖ സാമൂഹ്യ രാഷ്ട്രീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസാരങ്ങൾ, രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന കലാ പരിപാടികൾ, വിദ്യാഭ്യാസ എക്സ്പോ തുടങ്ങിയ പരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിലെ പത്ത് വേദികളിലായി നടക്കുന്നുണ്ട്.