പ്ലസ് വൺ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാർത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം അപക്വവും അന്തസിന് നിരക്കാത്തതുമാണ്. മുൻ വർഷങ്ങളിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് വാദമെങ്കിൽ, കേരളത്തിലെ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ കാർത്തികേയൻ നായർ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണ് എന്നത് കൂടി മന്ത്രി വ്യക്തമാക്കണം.
വടക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റില്ല എന്ന കാര്യം സർക്കാർ കണക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.
കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകൾ വേണമെന്നുമുള്ള വിദ്യാർത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും യാഥാർഥ്യമാകാതെ കിടക്കുകയാണ്. തികച്ചും അശാസ്ത്രീയമായി, ഒരു ക്ലാസിൽ 65 മുതൽ 70 വരെ കുട്ടികളെ ഇരുത്തുന്നതിനുള്ള ഉത്തരവുകൾ ഇറക്കിയാണ്, കാലാകാലങ്ങളിലുള്ള സർക്കാറുകൾ ഇതിനെ കൈകാര്യം ചെയ്യാറുള്ളത്.
മികച്ച മാർക്ക് നേടിയിട്ടും പ്ലസ് വണ്ണിന് സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവന. സീറ്റുകളും ബാച്ചുകളും കുറവുള്ളത് വടക്കൻ കേരളത്തിലെ ജില്ലകളിൽ ആണെന്ന വസ്തുത നിലനിൽക്കെ, അനാരോഗ്യകരമായ വടക്ക് – തെക്ക് വിലയിരുത്തലാണ് നടക്കുന്നതെന്ന് കേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമുള്ള മന്ത്രി ആരോപിക്കുന്നത് സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന വില കുറഞ്ഞ സമീപനമാണ്.