admin
August 29 2023 Mazhavil
വേർതിരിവിന്റെ ക്ലാസ് മുറികൾക്ക് ഒരുമയുടെ സ്നേഹ പാഠം

നിഷ്കളങ്കമായ സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന ക്ലാസ് മുറികൾ വരെ വർഗീയതയുടെയും അപരവിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും അജണ്ടകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇന്ന് നമ്മുടെ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ മനസ്സിൽ പരസ്പര സ്നേഹവും സഹവർത്തിത്വവും സഹാനുഭൂതിയും പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ക്രൂരമായ മത വിവേചനങ്ങൾക്ക് മുന്നിൽ നിൽക്കുന്നു എന്നത് രാജ്യത്ത് സംജാതമായിട്ടുള്ള അപകടകരമായ സ്ഥിതിവിശേഷത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ ഹൃദയങ്ങളിൽ ഇതര മതസ്ഥരോടുള്ള വൈര്യം നിറച്ച് രാജ്യത്തിന്റെ ബഹുസ്വരതയെ നശിപ്പിക്കാനുള്ള അജണ്ടകൾക്ക് നമ്മുടെ ക്ലാസ് മുറികളെയും വിദ്യാലയങ്ങളെയും വിട്ടു കൊടുത്തുകൂടാ. കുട്ടികളുടെ മനസ്സിൽ വർഗീയതയും വെറുപ്പും കുത്തിവെച്ച് രാഷ്ട്രീയ അജണ്ടകൾക്കുള്ള ഉൽപ്പന്നങ്ങൾ ആക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുമായാണ് സ്നേഹപാഠത്തിന്റെ ക്ലാസ് മുറികളൊരുക്കി SSF സമര മുഖത്തെത്തുന്നത്. ബഹുസ്വരതയും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്ന ഒരു തലമുറയുടെ വളർച്ചയിലൂടെ മാത്രമേ രാജ്യത്തെ ജനാധിപത്യം നിലനിൽക്കുകയുള്ളൂ. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന തലമുറയെ വളർത്തിക്കൊണ്ട് വരണമെങ്കിൽ നമ്മുടെ രാജ്യത്തെ ക്ലാസ് മുറികൾ വിവേചന രഹിതമായിരിക്കണം. അതിലേക്കുള്ള ഓർമ്മപ്പെടുത്തലാണ് SSF ന്റെ സ്നേഹപാഠം ക്ലാസ് മുറികൾ പകർന്നു നൽകുന്നത്.