കൊല്ലം : പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ഇന്ത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയിരിക്കുമെന്ന ആമുഖത്തിലെ ഭാഗം ഇല്ലാത്ത ഭരണഘടന എം പി മാർക്ക് നൽകുക വഴി, ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് എസ് എസ് എഫ്. നിയമനിർമാണത്തിൽ പാർലമെന്റിനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം സമീപനങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പാർലമെന്റിനെ നോക്കുകുത്തിയാക്കി നിരന്തരം നിയമനിർമാണങ്ങൾ നടത്തുകയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് മതവത്കരിക്കുകയും ചെയ്തതുൾപ്പെടെ ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് നേരെ നടത്തുന്ന കടന്നാക്രമണങ്ങൾ ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ പറഞ്ഞു. പച്ചമണ്ണ് നിറയെ കയ്യൊപ്പുകൾ എന്ന പേരിൽ കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥാന നേതൃ സംഗമത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
പുതിയ മന്ദിരത്തിലെ പ്രഥമ സമ്മേളനത്തിന്റെ രണ്ടാം ദിവസം ദാനിഷ് അലി എം പി ക്കെതിരെ അങ്ങേയറ്റം വർഗീയമായ പരാമർശം നടത്തിയ ബിജെപി എം പി രമേഷ് ബിധുരിക്കെതിരെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉചിതമായ നടപടി സ്വീകരിക്കാൻ സ്പീക്കർ ഇത് വരെ തയാറായിട്ടില്ല. അത്യന്തം നിന്ദ്യമായ പരാമർശം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോകമാകെയും ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴും, പ്രധാനമന്ത്രിക്കെതിരായ പരാമർശം നടത്തിയെന്നും മറ്റുമുള്ള പേരിൽ അനവധി അംഗങ്ങളെ സഭാസമ്മേളനങ്ങളിൽ നിന്നും പുറത്താക്കുകയും ചെയ്ത സ്പീക്കർ താക്കീതിൽ നടപടി ഒതുക്കിയത് ഇന്ത്യൻ പാർലമെന്റിന്റെ അന്തസ്സിന് നിരക്കാത്തതാണ്. ഉത്തർപ്രദേശിൽ നിന്നും തിരഞ്ഞെടുത്ത ഒരു എം പി യെ ലോക്സഭയിൽ വെച്ച് വർഗീയാധിക്ഷേപം നടത്തിയെന്നത് ക്രിമിനൽ കുറ്റകൃത്യമായി കാണണം. ഗൗരവമേറിയ വിഷയങ്ങളിൽ കർശനനടപടികൾ സ്വീകരിക്കാൻ തയാറാകാതിരിക്കുന്ന തുടർന്നും കൂടുതൽ സംഭവങ്ങൾ അരങ്ങേറാനും രാജ്യത്തിന്റെ മതേതരത്വം കൂടുതൽ നാശോന്മുഖമാകാനും കാരണമാകും. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സർക്കാർ വെല്ലുവിളിക്കുന്നുവെന്നതാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. വർഗീയപരാമർശം നടത്തിയ എം പി യുടെ ആക്രോശം കേട്ട് രണ്ട് കേന്ദ്രമന്ത്രിമാർ ചിരിക്കുന്നത് ഈ രാജ്യം സഞ്ചരിക്കുന്ന ആപത്കരമായ കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാരെയെല്ലാം ഒരു ജനതയായി കാണാനും രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉൾകൊള്ളാനും കേന്ദ്രസർക്കാർ തയാറാവണമെന്ന് പ്രമേയം അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷൻ പി എ ഹൈദ്രോസ് ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, കെ വൈ നിസാമുദ്ദീൻ ഫാളിലി, സി എൻ ജാഫർ സ്വാദിഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഫിർദൗസ് സുറൈജി സഖാഫി, സി ആർ കെ മുഹമ്മദ്, അനസ് അമാനി കാമിൽ സഖാഫി പുഷ്പഗിരി, ഇല്യാസ് സഖാഫി കൂമണ്ണ, ഡോ. അബൂബക്കർ എന്നിവർ സംസാരിച്ചു.