PEN STRIKE
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്
പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ എസ്.എസ്.എഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് പെന്‍സ്ട്രൈക്ക് നടത്തി. ബാച്ചിലർ ഡിഗ്രി, പിജി വിഭാഗങ്ങളിലെ നിരവധി സെമെസ്റ്റർ പരീക്ഷകൾ ഇനിയും പ്രഖ്യാപിക്കുക പോലും ചെയ്തിട്ടില്ല. പഠന സഹായികളോ അനുബന്ധ ക്ലാസുകളോ നടത്തുകയോ അതിന്റെ അറിയിപ്പുകൾ നൽകുകയോ ചെയ്തിട്ടില്ല. തുടർ പഠനത്തിന് കൂടെ യോഗ്യമാകും വിധം ക്രമീകരിക്കേണ്ട പരീക്ഷകൾ തികച്ചും നിരുത്തരവാദപരമായാണ് കലാശാല കൈകാര്യം ചെയ്യുന്നത്. വരുന്ന ഒരു വിദ്യാഭ്യാസ വർഷത്തിൽ നാലും അഞ്ചും സെമെസ്റ്റർ പരീക്ഷകൾ എഴുതേണ്ട വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം അധികാരികൾ മനസ്സിലാക്കണം. കോവിഡ് കാലം പരിഗണിച്ച് പല യൂണിവേഴ്സിറ്റികളും വിദ്യാർത്ഥി സൗഹൃദ നിലപാടുകൾ എടുക്കുകയും സാങ്കേതിക സാധ്യതകളെ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അത്തരമൊരു നടപടിയും ഇതേ വരെ ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളെ കേവലം ഫീസ് വാങ്ങാനുള്ള ഉപകരണങ്ങൾ മാത്രമായി കാണുന്ന യൂണിവേഴ്സിറ്റി നിലപാടിനെതിരിൽ എസ്എസ്എഫ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിൽ നൂറു കണക്കിന് വിദ്യാർത്ഥികൾ പേന ഉയർത്തിയും പ്ലകാർഡുകൾ പിടിച്ചും പ്രതിഷേധിച്ചു. യൂണിവേഴ്സിറ്റിക്ക് മുന്നിൽ നടന്ന സമര സംഗമം എസ്എസ്എഫ് കേരള പ്രസിഡന്റ് നിസാമുദ്ധീൻ ഫാളിലി കൊല്ലം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി എൻ ജാഫർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി.
കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ കോളേജുകൾക്ക് മുന്നിൽ ഐക്യ ദാർഢ്യ സമരങ്ങളും നടന്നു.