കോഴിക്കോട്: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ് എസ് എഫ് (സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.
ജനുവരി മാസത്തിൽ മാത്രം സംസ്ഥാനത്ത് ആറ് കൊലപാതകങ്ങളാണ് ലഹരിയുടെ ഉപയോഗം മൂലം നടന്നത്. അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്നത് വൻതോതിലുള്ള ലഹരി വസ്തുക്കളാണ്. ഇതിൽ കുറഞ്ഞ അളവിലുള്ളത് മാത്രമാണ് പിടിക്കപ്പെടുന്നത്. ലഹരി വിതരണക്കാർക്ക് പിന്നിലുള്ള വൻ റാക്കറ്റുകളെ പിടിക്കാൻ പോലീസിനോ എക്സൈസ് വകുപ്പിനോ സാധിക്കാതിരിക്കുന്നത് കൂടിയാണ് ഇത്തരത്തിലുള്ള ലഹരിയുടെ അതിവ്യാപനത്തിന്റെ കാരണം.
ജനുവരി ഇരുപതിന് സംസ്ഥാനത്തെ നൂറ്റി മുപ്പത്തി രണ്ട് കേന്ദ്രങ്ങളിൽ ഡിവിഷൻ ഘടകങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രഖ്യാപനത്തോടെയാണ് പദ്ധതികൾക്ക് ഔദ്യാഗിക തുടക്കംകുറിച്ചത്. സംസ്ഥാനത്തെ 10000 ഗ്രാമങ്ങളിൽ നടത്തുന്ന ‘പ്രക്ഷോഭ തെരുവിൽ’ മൂന്ന് ലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കും. മുഴുവൻ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലെയും അധികൃതർക്ക് സംഘടനയുടെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ പൗരാവകാശ രേഖ സമർപ്പിക്കും.
രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങി പ്രാദേശിക നേതൃത്വം മുതലുള്ള എല്ലാവരെയും ഒരുമിച്ചുകൂട്ടി നടത്തുന്ന സ്നേഹ സംവാദസദസ്സുകളിൽ ബോധവത്ക്കരണ ശ്രമങ്ങൾക്ക് ആവശ്യമായ പ്രവർത്തനപദ്ധതികൾ ചർച്ച ചെയ്യും. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികൾ വിവിധ ഘടകങ്ങളിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളിൽ പങ്കെടുക്കും.
ഫെബ്രുവരി ആദ്യവാരം സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവികളുടെ കാര്യാലയങ്ങൾക്ക് മുന്നിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിദ്യാർത്ഥി മാർച്ച് സംഘടിപ്പിക്കും. ജില്ലാ ഭരണകൂടങ്ങൾക്കും മുഴുവൻ ജനപ്രതിനിധികൾക്കും നിവേദനം സമർപ്പിക്കും. സോഷ്യൽ മീഡിയ ക്യാമ്പയിൻ, ലഘുലേഖ വിതരണം, സ്കൂളുകളിലും കോളേജുകളിലും സംഘടയുടെ കലാലയ ഘടകങ്ങളുടെ ആഭിമിഖ്യത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ തുടങ്ങി അമ്പതിലധികം വൈവിധ്യമായ പരിപാടികൾ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും