admin
August 30 2022 Sahityotsav
സാഹിത്യോത്സവ് അവാർഡ് എൻ. എസ് മാധവന്.

ഈ വർഷത്തെ എസ്. എസ്. എഫ് സാഹിത്യോത്സവ് അവാർഡ് പ്രമുഖ എഴുത്തുകാരൻ എൻ. എസ് മാധവന്. 50,000 രൂപയും ശിലാഫലകവുമടങ്ങുന്നതാണ് അവാർഡ്. കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ, മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, കവി വീരാൻ കുട്ടി, രിസാല മാനേജിംഗ് എഡിറ്റർ എസ്. ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് എൻ.എസ് മാധവനെ ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡിനായി തെരഞ്ഞെടുത്തത്. മലയാള കഥാസാഹിത്യ ചരിത്രത്തിലെ ഏറ്റവും ജാഗ്രത്തായ സാന്നിധ്യമായ എൻ.എസ് മാധവൻ കഥയിൽ പ്രകാശിതമാവുന്ന രാഷ്ട്രീയ ഉണർച്ചകളെ ജീവിതത്തിലും ആവിഷ്‌കരിച്ചു. നമ്മുടെ കാലം കലുഷിതമാവുമ്പോഴെല്ലാം ഇടപെടുകയും ഇന്ത്യാദേശത്തി ന്റെ മതേതര – ബഹുസ്വര ജീവിതത്തെ കൂടുതൽ ശക്തമാക്കാൻ നിരന്തരം എഴുതുകയും ചെയ്ത എഴുത്തുകാരനാണ് മാധവനെന്ന് ജൂറി അഭിപ്രായപ്പെട്ടു. സെപ്തംബർ നാല് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം ടൗൺഹാളിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് അവാർഡ് സമ്മാനിക്കും. ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും.