എറണാകുളം | ഒൻപതാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് അവാർഡ് എഴുത്തുകാരൻ എൻ എസ് മാധവന് സമ്മാനിച്ചു. എറണാകുളം ടൗൺഹാളിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബാണ് പുരസ്കാരം സമ്മാനിച്ചത്. 50,000 രൂപയും ശിലാഫലകവുമടങ്ങുന്നതാണ് അവാർഡ്. ബുദ്ധികൊണ്ട് സർഗ ശേഷിയിലേക്ക് കടന്ന് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് എൻ എസ് മാധവനെന്ന് തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. വികാരം വ്രണപ്പെടുത്തുന്നു എന്ന വകുപ്പ് ഉപയോഗിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഉൻമൂലനം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഒരു പൗരനെന്ന നിലയിൽ എഴുത്തുകാരനായി തുടരണോ എന്ന ആലോചനകൾ അലട്ടുന്ന സമയത്ത് ലഭിക്കുന്ന ഇത്തരം അവസരങ്ങൾ ശുഭാപ്തിവിശ്വാസം നൽകുന്നുവെന്ന് എൻ എസ് മാധവൻ പുരസ്കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
വളരെ വ്യത്യസ്തമായ മൗലിക ചിന്തകൾ കൊണ്ട് ശ്രദ്ധേയനായ എൻ എസ് മാധവൻ ജീവിതത്തിന്റെ ഫോട്ടോ കോപ്പിയല്ല ജീവിതത്തിന്റെ മഹാ ശിൽപ്പങ്ങളായിരുന്നു എഴുത്തിലൂടെ നിർമിച്ചിരുന്നത് എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി സംസാരിച്ച കവി വീരാൻ കുട്ടി പറഞ്ഞു. ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്ന ബിഹാറിൽ ഉന്നത ജാതിക്കാർ താഴ്ന്ന ജാതിക്കാർക്ക് കുടിവെള്ളം നിഷേധിച്ച സന്ദർഭത്തിൽ ഐ എ എസ് ഉദ്യോഗസ്ഥനായ എൻ എസ് മാധവൻ ധീരമായി ആ പ്രശ്നം പരിഹരിച്ച് കീഴ് ജാതിക്കാർക്ക് കുടിവെള്ളം ലഭ്യമാക്കി. ആ കാരണത്താൽ ബീഹാറിൽ എൻ എസ് മാധവന്റെ പേരിൽ ഒരു ഗ്രാമത്തെരുവുണ്ട്. അതിനാൽ എൻ എസ് മാധവൻ വലിയ എഴുത്തുകാരൻ മാത്രമല്ല മികച്ച ബ്യൂറോക്രാറ്റുമായിരുന്നുവെന്ന് അനുമോദന പ്രസംഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.
ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ സംസാരിച്ചു. സി എൽ തോമസ്, ആർ ജയശങ്കർ, എം കെ ദാസ്, ചിത്രകാരൻ ഉണ്ണി സംബന്ധിച്ചു.