പാലക്കാട് | സ്കൂൾ വിദ്യാർഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐ ടി, ശാസ്ത്ര, കരകൗശല, പ്രവർത്തി പരിചയ മേളയായ സിഗ്നിഫയർ സമാപിച്ചു. കൊപ്പം ആൾജിബ്ര സ്കൂളിൽ നടന്ന സിഗ്നിഫയറിൽ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 300ലധികം വിദ്യാർഥികൾ പങ്കെടുത്തു. സർഗാത്മകത, ശാസ്ത്രാവബോധം, സാങ്കേതികാഭിരുചി എന്നിവ വളർത്തുന്നതിനായി നടത്തിവരുന്ന സിഗ്നിഫയറിൽ യു പി, ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് മത്സരങ്ങൾ നടന്നത്. സയൻസ് എക്സ്പിരിമെന്റ്, ക്രിയേറ്റീവ് ക്രാഫ്റ്റിംഗ്, ഇ വേസ്റ്റ് പ്രൊഡക്റ്റ്സ്, വിഷ്വൽ പ്രസന്റേഷൻ, പി പി ടി പ്രസന്റേഷൻ, സയൻസ് മാഗസിൻ തുടങ്ങി 20 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
സ്കൂളുകളിൽ നടന്ന പ്രാഥമിക മത്സരത്തിൽ വിജയിച്ചവരാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. യു പി വിഭാഗത്തിൽ ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂൾ ചെമ്മാട്, മെംസ് ഇന്റർനാഷണൽ സ്കൂൾ കാരന്തൂർ സംയുക്ത ഓവറോൾ ചാംപ്യൻമാരായി. മഅദിൻ പബ്ളിക് സ്കൂൾ സ്വലാത്ത് നഗർ, ഖാദിസിയ്യ ഇംഗ്ലീഷ് സ്കൂൾ ഫറോക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂൾ ചെമ്മാട് , മഅദിൻ പബ്ളിക് സ്കൂൾ സ്വലാത്ത് നഗർ, ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബശീറിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജന. സെക്രട്ടറി സി എൻ ജഅഫർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി, സയ്യിദ് ആശിഖ് കൊല്ലം, പി ജാബിർ, ശബീറലി മഞ്ചേരി, മുഹമ്മദ് നിയാസ് കോഴിക്കോട് സംസാരിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ നൗഫൽ പാലക്കാട് , നസ്റുദ്ദീൻ ആലപ്പുഴ, യൂസുഫ് പെരിമ്പലം, സി കെ എം റഫീഖ്, ശുകൂർ സഖാഫി മലപ്പുറം, സിദ്ദീഖലി തിരൂർ, സ്വാബിർ സഖാഫി കോഴിക്കോട് മത്സരങ്ങൾ നിയന്ത്രിച്ചു.