SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
President
June 5, 2026
4 min read

പ്രപഞ്ചത്തിന്റെ ജൈവഗീതവും മനുഷ്യന്റെ ആത്മീയ നിയോഗങ്ങളും

പ്രപഞ്ചത്തിന്റെ ജൈവഗീതവും മനുഷ്യന്റെ ആത്മീയ നിയോഗങ്ങളും
Author
സയ്യിദ് മുനീറുൽ അഹ്ദൽ

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി കേവലം സാമ്പത്തികമോ രാഷ്ട്രീയമോ ആയ തകർച്ചകളല്ല. നാം ശ്വസിക്കുന്ന വായുവിനെയും ചവിട്ടിനിൽക്കുന്ന മണ്ണിനെയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ നാശവുമെല്ലാം നമ്മെ തുറിച്ചു നോക്കുന്ന യാഥാർഥ്യമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ അത്യാഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് ഇവയെല്ലാം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾ കേവലമൊരു ശാസ്ത്രീയ വിശകലനത്തിലോ പ്രതീകാത്മക ദിനാചരണങ്ങളിലോ ഒതുങ്ങിക്കൂടാ എന്ന് പറയുന്നത് ഇക്കാരണത്താലാണ്. പലപ്പോഴും നമ്മുടെ പാരിസ്ഥിതിക ആലോചനകൾക്ക് അതിനപ്പുറത്തേക്ക് വികാസം സംഭവിക്കുന്നില്ല എന്നൊരു ദുരവസ്ഥ ആഗോള തലത്തിൽ തന്നെയുണ്ട്. സിദ്ധാന്തങ്ങൾക്കും പ്രമേയങ്ങൾക്കും ആഹ്വാനങ്ങൾക്കും അപലപനങ്ങൾക്കും അപ്പുറത്ത്, മനുഷ്യന്റെ അസ്തിത്വത്തെയും പ്രപഞ്ച വീക്ഷണത്തെയും കുറിച്ചുള്ള ആഴമേറിയ ദാർശനികവും ആത്മീയവുമായ പുനർവിചിന്തനമായി മാറേണ്ടതുണ്ട് ഈ ദിനാചാരണം.

ഇസ്ലാമിക നൈതികതയും തത്വചിന്തയും ഈ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നത് തികച്ചും സൗമ്യവും എന്നാൽ അങ്ങേയറ്റം ക്രിയാത്മകവുമായ ഒരു ആത്മീയ പരിസരത്തുനിന്നാണ്. പ്രകൃതിയെ മനുഷ്യന്റെ ആധിപത്യത്തിന് കീഴിലുള്ള വെറുമൊരു കമ്പോളച്ചരക്കായി കാണുന്ന ആധുനിക ഉപഭോഗസംസ്കാരത്തിന് (Consumerism) പകരമായി, പ്രകൃതിയെ പവിത്രവും ജൈവികവുമായ ഒരു സഹജീവി വ്യവസ്ഥയായി കാണുന്ന ഇസ്ലാമിക പാരിസ്ഥിതിക ദർശനം ഏറെ പ്രസക്തമാണ്. ഇസ്ലാമിക പാരിസ്ഥിതിക ദർശനത്തിന്റെ കാതൽ പ്രപഞ്ചം കൃത്യമായ ഒരു ക്രമത്തിലും സമതുലിതാവസ്ഥയിലുമാണ് (Cosmic Balance) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യമാണ്.
മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്കായി ഈ സമതുലിതാവസ്ഥയിൽ വിള്ളലുണ്ടാക്കുമ്പോൾ, പ്രകൃതിയുടെ താളം തെറ്റുന്നു എന്നതിനോടൊപ്പം തന്റെ ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ച്ച വരുത്തുക കൂടിയാണ്. പ്രകൃതിയിലുണ്ടാകുന്ന ഏതൊരു ആഘാതവും പ്രപഞ്ചത്തിന്റെ ഈ ജൈവഗീതത്തിന് ഏൽക്കുന്ന മുറിവാണ്.

സൂഫി വര്യന്മാരുടെയും തത്ത്വചിന്തകരുടെയും വായനയിൽ പ്രകൃതി എന്നത് ജീവനില്ലാത്ത വസ്തുക്കളുടെ ഒരു കൂട്ടമല്ല. പച്ചപ്പിന്റെ ഓരോ തളിരിലയിലും, ഒഴുകുന്ന പുഴകളിലും, മലനിരകളുടെ ഗാംഭീര്യത്തിലും സ്രഷ്ടാവിന്റെ അസ്തിത്വത്തിന്റെ വലിയ അടയാളങ്ങൾ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. പ്രകൃതിയോടുള്ള സമീപനം അതുകൊണ്ടുതന്നെ ആരാധനയുടെ മറ്റൊരു ഭാവമാണ്. പ്രകൃതിയെ സംരക്ഷിക്കാത്തവന് സ്രഷ്ടാവിനെ സാക്ഷാത്കരിക്കാനാവില്ല എന്ന ദർശനത്തിലേക്കുള്ള പ്രവേശമാണ് മതം ഓരോ മനുഷ്യനിലും സാധ്യമാക്കുന്നത്.

ആധുനിക പാരിസ്ഥിതിക തകർച്ചയുടെ പ്രധാന കാരണം മനുഷ്യകേന്ദ്രീകൃതമായ അഹന്തയാണ്. ഒരു തരം ആന്ത്രോപോസെൻട്രിസം. താനെന്ന ലോകത്തിനപ്പുറം മറ്റുള്ളവരെ കൂടി കാണാൻ ശ്രമിക്കുന്നവർക്കേ സംരക്ഷണത്തിന്റെ പൊരുൾ കാണാനാകൂ. മനുഷ്യൻ ഭൂമിയുടെ യജമാനനല്ല. ഓരോ കാലത്തേയും പ്രതിനിധ്യം നിർവഹിച്ചു അടുത്ത തലമുറയിലേക്ക് കൈമാറേണ്ട സൂക്ഷിപ്പ് സ്വത്ത്‌ മാത്രമാണ് ഓരോ വിഭവങ്ങളും. ഒരു കാവലാളുടെ സവിശേഷമായ നിർവ്വഹണ ദൗത്യമാണ് അവൻ പൂർത്തീകരിക്കേണ്ടത്. അങ്ങനെ വരുമ്പോൾ, ഭൂമിയും അതിലെ സകല വിഭവങ്ങളും മനുഷ്യന് തന്നിഷ്ടം പോലെ നശിപ്പിക്കാൻ നൽകിയതല്ല. മറിച്ച് വരുംതലമുറകൾക്ക് കൂടി വിശ്വസ്തതയോടെ കൈമാറാൻ ഏൽപ്പിച്ച വലിയൊരു ഉത്തരവാദിത്തമാണ്.

വിനിയോഗം എന്നതിനേക്കാൾ വിതരണം എന്ന തത്വമാണ് മനുഷ്യൻ ജീവിതം കൊണ്ട് ഏറ്റെടുക്കേണ്ട ദൗത്യം. ഈ തത്വമനുസരിച്ച്, പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവകാശം മനുഷ്യനുണ്ടെങ്കിലും, അത് നശിപ്പിക്കാനുള്ള അധികാരം അവനില്ല. അവൻ വിനീതനായ ഒരു കാവൽക്കാരൻ മാത്രമാണ്. “തീർച്ചയായും ഈ ലോകം മനോഹരവും പച്ചപ്പുള്ളതുമാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാൻ വേണ്ടി, അല്ലാഹു നിങ്ങളെ അതിൽ കാവൽക്കാരാക്കിയിരിക്കുന്നു.” എന്ന പ്രവാചകരുടെ പാഠം ഇതോട് ചേർത്തു വായിക്കുമ്പോൾ ഇത് ബോധ്യമാകും. ഭൂമിയിലുള്ള പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനുള്ളതല്ല, മറിച്ച് പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം ചേർന്ന് സംരക്ഷിക്കാനുള്ളതാണെന്ന ഉന്നതമായ ഉത്തരവാദിത്തബോധം മനുഷ്യനിൽ ഉണ്ടാകേണ്ടതുണ്ട്.

ഭയപ്പെടുത്തുന്ന പാരിസ്ഥിതിക മുദ്രാവാക്യങ്ങൾക്കപ്പുറം, അങ്ങേയറ്റം പ്രായോഗികവും സൗമ്യവുമായ ജീവിതചര്യകളിലൂടെയാണ് പ്രകൃതിസംരക്ഷണത്തെ നാം സമീപിക്കേണ്ടത്. ഉപഭോഗാസക്തിയെ നിയന്ത്രിക്കാതെ പ്രകൃതിയെ വീണ്ടെടുക്കാനാവില്ല. ആഗ്രഹങ്ങളെ ലളിതമാക്കാനും ആവശ്യങ്ങളെ മാത്രം പുണരാനുമാണ് ഒരാൾ പഠിക്കേണ്ടത്. ആത്മീയതയുടെ അന്തസത്തയാണത്. ഒഴുകുന്ന വലിയൊരു നദിയുടെ തീരത്തുനിന്നാണ് ഒരാൾ അംഗസ്നാനം (ആരാധനയ്ക്കായുള്ള ശുദ്ധി) വരുത്തുന്നതെങ്കിൽ പോലും വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന പ്രവാചക കൽപ്പന മിതത്വത്തിന്റെ ഏറ്റവും വലിയ പാഠമാണ്. ജലം എന്നത് ജീവന്റെ ആധാരമാണെന്നും അതിൽ ഓരോ തുള്ളിയും പവിത്രമാണെന്നും ഓർമ്മപ്പെടുത്തലാണ് അതിൻ്റെ ആന്തരിക മൂല്യം. “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും” എന്ന പ്രവാചക വചനം മനുഷ്യരിലേക്ക് മാത്രം പരിമിതപ്പെട്ടതല്ല. മൃഗങ്ങൾ, പക്ഷികൾ, ചെടികൾ തുടങ്ങിയ സകല ചരാചരങ്ങളിലേക്കും നീളുന്ന സാർവലൗകികമായ കാരുണ്യത്തിന്റെ പ്രഖ്യാപനമാണത്.

ഇസ്ലാമിന്റെ പാരിസ്ഥിതിക ദർശനം പൂർണ്ണമായും നിർമ്മാണാത്മകവും പ്രത്യാശാനിർഭരവുമാണ്. ലോകാവസാനത്തിന്റെ കഠിനമായ നിമിഷങ്ങളിൽ പോലും നമ്മെ കർമ്മോത്സുകരാക്കാൻ പ്രവാചക വചനങ്ങൾക്കാവുന്നുണ്ട്. “നിങ്ങളിലൊരാളുടെ കയ്യിൽ ഒരു ഈന്തപ്പനത്തൈ ഇരിക്കെയാണ് അന്ത്യനാൾ സംഭവിക്കുന്നതെങ്കിൽ, അത് നടാൻ അവന് സാധിക്കുമെങ്കിൽ അവൻ അത് നടട്ടെ.” എന്ന് പ്രോത്സാഹനം നൽകുന്ന പ്രവാചകനെ നമ്മൾ കാണുന്നുണ്ട്. സർവ്വ നാശത്തിന്റെ തൊട്ടുമുന്നിലും ഒരു തൈ നടുക എന്നത് അതിശയിപ്പിക്കുന്ന ഒരു താത്വിക ചിന്തയാണ്. അത് നാളെയെക്കുറിച്ചുള്ള പ്രത്യാശയുടെയും, കർമ്മങ്ങളുടെ നൈരന്തര്യത്തിന്റെയും അടയാളമാണ്. നാം നട്ടുപിടിപ്പിക്കുന്ന ഒരു മരത്തിന്റെ തണലിൽ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ വിശ്രമിക്കുകയോ, അതിൽ നിന്ന് ആഹരിക്കുകയോ ചെയ്താൽ അത് ആ വ്യക്തിക്ക് പരലോകത്ത് പുണ്യമായി (സ്വദഖ) ഭവിക്കുമെന്ന ദർശനം പരിസ്ഥിതി പ്രവർത്തനത്തെ ഒരു ആത്മീയ കർമ്മമാക്കി മാറ്റുന്നു.

ഈ പരിസ്ഥിതി ദിനത്തിൽ ഔപചാരികമായ മരത്തൈ നടലുകളിൽ നിന്നും പരിസര ശുചീകരണ പ്രചാരണ പരിപാടികളിൽ നിന്നും ദാർശനികമായും പ്രായോഗികമായും മുന്നോട്ട് നടക്കാൻ നമുക്ക് കഴിയണം. നാം നടത്തേണ്ടത് നമ്മുടെ ഉള്ളിലേക്ക് തന്നെയുള്ള ബോധ്യങ്ങളുടെ ആത്മീയമായ ഒരു മടക്കമാണ്. നമ്മുടെ ആന്തരിക ലോകം വരണ്ടുപോകുമ്പോഴാണ് ബാഹ്യലോകത്തെ പ്രകൃതിയും വരണ്ടുപോകുന്നത്. ആത്മാവിൽ കാരുണ്യത്തിന്റെയും മിതത്വത്തിന്റെയും പച്ചപ്പ്‌ സൂക്ഷിക്കുന്നവർക്ക് മാത്രമേ ഭൂമിയെ പച്ചപ്പോടെ നിലനിർത്താൻ സാധിക്കൂ. പ്രകൃതിയെ വിഴുങ്ങുന്ന അത്യാഗ്രഹത്തിന്റെ അധിനിവേശങ്ങൾക്കെതിരെ സൗമ്യമായ പ്രതിരോധം തീർക്കാൻ നമുക്കാവണം. വഴികളിൽ നിന്നും തടസ്സങ്ങളും മാലിന്യങ്ങളും നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പ്രവാചക അധ്യാപനം. പൊതുസ്ഥലങ്ങൾ മലിനമാക്കാതിരിക്കുകയും ഉറവിട മാലിന്യ സംസ്കരണം ശീലമാക്കുകയും ചെയ്യുന്നത് ഒരു ആരാധനയായി ഏറ്റെടുക്കുക. നമ്മുടെ ആരാധനാലയങ്ങളെയും മഹല്ല് സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വീടുകളെയും പ്രകൃതി സൗഹൃദമാക്കുക. പ്ലാസ്റ്റിക് വിമുക്തമായ ഒത്തുചേരലുകൾ, സൗരോർജ്ജത്തിന്റെ ഉപയോഗം, തരിശുപറമ്പുകളിലെ ജൈവകൃഷി എന്നിവയിലൂടെ പ്രായോഗികമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാം. വീടുകളിലും സ്ഥാപനങ്ങളിലും ജലം പുനരുപയോഗിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നത് ഈ കാലത്തെ വലിയൊരു ആവശ്യമാണ്.

അത്യാഗ്രഹത്തെ ആവശ്യങ്ങൾ കൊണ്ട് നേരിടുക. ഉപഭോഗസംസ്കാരത്തിന്റെ കെണികളിൽ നിന്ന് മാറിനിന്ന്, ലളിതവും പ്രകൃതിസൗഹൃദവുമായ ഒരു ജീവിതശൈലി സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ ദാർശനിക പ്രതിരോധം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും പ്രകൃതി വിഭവങ്ങളെ ആദരവോടെ സമീപിക്കാനും പഠിക്കുക. ഓരോ വിഭവവും അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന ബോധം അനാവശ്യ ധൂർത്ത് ഇല്ലാതാക്കും. അപ്പോൾ, നമുക്ക് വലിച്ചെറിയാനുള്ള വിഭവങ്ങൾ കുറവായിരിക്കും. അല്ലാഹുവെക്കുറിച്ചുള്ള ബോധം മനുഷ്യനെ പ്രകൃതിയോട് നീതി ചെയ്യാൻ പ്രേരിപ്പിക്കുന്നു. താൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും പ്രകൃതിക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങൾ പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന ബോധ്യം നമ്മെ മികച്ച പാരിസ്ഥിതിക ശീലങ്ങളിലേക്ക് നമ്മളെ നയിക്കും.

മണ്ണും വിണ്ണും വരുംതലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യത്തിൽ, പ്രപഞ്ചത്തിന്റെ ജൈവഗീതത്തോട് ചേർന്നുനിന്നുകൊണ്ട് നമുക്ക് ജീവിക്കാം. നമ്മുടെ കാൽപ്പാടുകൾ ഈ ഭൂമിയിൽ മുറിവുകളുണ്ടാക്കാതിരിക്കട്ടെ, പകരം അവ തണൽമരങ്ങളുടെ വിത്തുകളാവട്ടെ. സ്രഷ്ടാവ് ഏൽപ്പിച്ച ഉത്തരവാദിത്തം (അമാനത്ത്) ഭംഗിയായി കാത്തുസൂക്ഷിക്കുന്ന യഥാർത്ഥ കാവലാളുകളായി മാറാൻ നമുക്ക് പ്രതിജ്ഞ ചെയ്യാം.

Share this article
More Articles

More Articles

View All →
സമസ്ത; മനുഷ്യരുടെ ഹൃദയം തൊടുന്ന സമഗ്രസഞ്ചാരം
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 26, 2026

സമസ്ത; മനുഷ്യരുടെ ഹൃദയം തൊടുന്ന സമഗ്രസഞ്ചാരം

കേരളത്തിൻ്റെ സാമൂഹിക പരിസരങ്ങളിൽ കഴിഞ്ഞ നൂറ് വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന പേരാണ് സമസ്ത. മനുഷ്യരോടൊപ്പം ചേർന്നുനിന്ന ആ നൂറ് കാലങ്ങളെ ലോകം ആഴത്തിൽ ചർച്ച ചെയ്യുന്ന സമയമാണിപ്പോൾ. തിരുനബിയോർ(സ്വ) എഴുതിച്ചേർത്തുനൽകിയ ജീവിതപദ്ധതികളാണ് സമസ്തയുടെ അടിയാധാരം. ആ ആശയങ്ങൾ സമഗ്രമാണ്. ഏത് സമൂഹത്തിലും വെറുപ്പോ …

അടുത്തുള്ള പുസ്തകമെടുക്കൂ, മനുഷ്യനാകാം
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 19, 2026

അടുത്തുള്ള പുസ്തകമെടുക്കൂ, മനുഷ്യനാകാം

വായനയുടെ പുതുക്കംഅയൽവാസിയോട് നിങ്ങൾ എങ്ങനെയാണ്? അയാൾ ഒരു മഹാ ശല്യക്കാരൻ ആണെങ്കിലോ? അദ്ദേഹം ഒരു ദിവസം വീട്ടിലില്ലെങ്കിൽ നിങ്ങൾക്ക് വിഷമമാകുമോ? ആശ്വാസമാകുമോ?നിങ്ങൾ ഇമാം അബൂഹനീഫയെന്നജീവിതപുസ്തകം വായിക്കൂ..ഇതുപോലെ ഒരയൽക്കാരൻ മഹാനുമുണ്ടായിരുന്നു. അദ്ദേഹത്തെ ഭരണകൂടം ശല്യം കാരണംജയിലിലാക്കി. മോചിപ്പിക്കാൻ പോയതോ സാക്ഷാൽ ഇമാം അബൂഹനീഫ. …

നന്മയുടെ വിളക്കണയരുത്
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 17, 2026

നന്മയുടെ വിളക്കണയരുത്

വിശുദ്ധിയുടെ പ്രഭാതത്തിന് സ്വാഗതം വിശ്വാസിയുടെ ആനന്ദത്തിന്റെ രഹസ്യമെന്ത്? നന്മയുടെ വിളക്കണയാതെയുള്ള യാത്ര തന്നെ. പ്രതിസന്ധികൾ വന്നു വിളിക്കുമ്പോഴും പരീക്ഷണങ്ങൾ വാതിൽക്കൽ നിൽക്കുമ്പോഴുംതിരുനബിയോർ(സ്വ) പറഞ്ഞ ആശ്വാസം ഓരോ വിശ്വാസിഹൃദയങ്ങളെയും തണുപ്പിക്കും;” മുഅ്മിനിൻ്റെ കാര്യം അത്ഭുതം! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു …