കോഴിക്കോട്: റബീഉൽ അവ്വൽ മാസത്തോടനുബന്ധിച്ച് എസ് എസ് എഫ് സംഘടിപ്പിച്ച മെഗാ ഓൺലൈൻ ക്വിസ് മത്സരം ‘റബീഅ് ക്വസ്റ്റ്’ (RabeeuQuest) വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അമ്പതിനായിരത്തിലധികം ആളുകളാണ് 24 ദിവസങ്ങളിലായി നടന്ന ഈ വിജ്ഞാനോത്സവത്തിൽ പങ്കാളികളായത്.
മുത്തുനബി ﷺയുടെ തിരുജീവിതത്തെയും മഹത്തായ സന്ദേശങ്ങളെയും അടുത്തറിയാനും, ആ സ്നേഹവും മാതൃകയും സ്വന്തം ജീവിതത്തിൽ പകർത്താനുമുള്ള മികച്ചൊരു പഠനാവസരമാണ് ഈ സംരംഭത്തിലൂടെ ഒരുക്കിയത്. പ്രവാചക ചരിത്രത്തിലെ പ്രസക്തമായ ഏടുകളെയും അധ്യാപനങ്ങളെയും ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ ക്രമീകരിച്ചിരുന്നത്. കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രവാചക ജീവിതത്തെക്കുറിച്ചുള്ള വായനയും ചർച്ചകളും സജീവമാക്കാൻ ഇത് വലിയ പ്രചോദനമായി.
24 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ദിവസവും രാവിലെയും വൈകുന്നേരവും ആറ് മണിക്ക് രണ്ട് ചോദ്യങ്ങൾ വീതമാണ് നൽകിയിരുന്നത്. ആറ് സൈക്കിളുകളിലായി ക്രമീകരിച്ച മത്സരത്തിൽ ഓരോ സൈക്കിളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരെയും, മൊത്തം മത്സരങ്ങളിൽ മുൻനിരയിലെത്തിയ ഓവറോൾ വിജയികളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മത്സരവിജയികളെ ഇന്ന് (സെപ്റ്റംബർ 12) രാത്രി 7:00 മണിക്ക് എസ് എസ് എഫിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ (Instagram, YouTube, Facebook) നടക്കുന്ന ലൈവ് പരിപാടിയിൽ പ്രഖ്യാപിക്കും. ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികൾ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്.



