admin
December 21 2023 Uncategorized
പദവിയുടെ ദുരുപയോഗം: ഗവർണർ പരിഹാസ്യനാവരുത്

സർവകലാശാല ചാൻസലർ പദവിയുടെ ദുരുപയോഗത്തിനുള്ള എല്ലാ സാധ്യതകളും പ്രയോഗിച്ച് പരിഹാസ്യനാവുകയാണ് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നൽകിയ സെനറ്റ് അംഗങ്ങളുടെ പട്ടിക അവഗണിച്ച്, മെറിറ്റ് പരിഗണിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയ നടപടിയും തുടർന്ന് നടത്തുന്ന നീക്കങ്ങളും അദ്ദേഹമിരിക്കുന്ന ഭരണഘടനാ പദവിയോട് ഒട്ടും നീതി പുലർത്തുന്നതല്ല. സംസ്ഥാന സർക്കാരിന്റെ ഉപദേശത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുകയെന്നതാണ് ഗവർണറുടെ ഉത്തരവാദിത്തം എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള മാനസികനിലയിലേക്ക് ഗവർണർ നിലം പതിച്ചിരിക്കുന്നു. സംഘപരിവാർ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക മാത്രമല്ല, അവരുടെ നേതാക്കളുമായി നിരന്തരം പരസ്യമായി കൂടിയാലോചിക്കുക കൂടി ചെയ്യുന്ന നടപടി ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ചാൻസലർ ചുമതല ഗവർണറിൽ നിന്ന് എടുത്തുകളയാൻ നിയമസഭയെടുത്ത തീരുമാനത്തിന് അംഗീകാരം നൽകാതെ വൈകിക്കുകയും, സുപ്രീം കോടതി തീരുമാനം തനിക്കെതീരാകുമെന്ന ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോഴുള്ള വെപ്രാളപ്രകടനങ്ങൾ കൂടിയാണിത്. പദവിയുടെ അന്തസ്സ് കളഞ്ഞു കുളിക്കുന്ന നിലപാടിൽ നിന്ന് പിന്മാറി രാജ്ഭവനിലെ ഉത്തരവാദിത്തങ്ങളിലേക്ക് തിരിച്ചു പോയി ഭരണഘടന പഠിക്കാനാണ് ഗവർണർ അടിയന്തരമായി തയാറാവേണ്ടത്.

https://www.instagram.com/p/C1AG0gSBMhT/