Office
April 23 2024 Uncategorized
അവകാശവാദങ്ങളല്ല, അസമത്വം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്: എസ് എസ് എഫ്

സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ ഊന്നൽ നൽകണമെന്ന് എസ് എസ് എഫ്. ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയെന്ന് അഹങ്കരിക്കുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക അസമത്വം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആളോഹരി ജി ഡി പി വളരെ താഴ്ന്ന നിരക്കിലാണെന്നതും ആഗോള സാമ്പത്തികസൂചികകളിൽ ഇന്ത്യയുടെ പദവി ഇടിയുന്നതും അതിന്റെ സൂചകങ്ങളാണെന്നും എസ് എസ് എഫ് പ്രസ്താവിച്ചു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പന്താവൂർ ഇർശാദ് കാമ്പസിൽ സംഘടിപ്പിച്ച സ്റ്റുഡൻ്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന്റെ സമാപന സംഗമത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. കോർപ്പറേറ്റ് നികുതികൾ കുറച്ചും നിയമങ്ങൾ മാറ്റിപ്പണിതും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകിയും ബഹുശതകോടീശ്വരന്മാർക്ക് നേട്ടമുണ്ടാക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും പ്രമേയം കൂട്ടിച്ചേർത്തു.

സമ്പത്തിന്റെ 77% ശതമാനവും ജനസംഘ്യയുടെ പത്തിൽ താഴെ ശതമാനം വരുന്നവരുടെ കൈവശമാണ്. സാമ്പത്തികമായി താഴെ തട്ടിലുള്ളവരുടെ വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് കേന്ദ്രസർക്കാർ തയാറായില്ല എന്നത് തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി മാറും. വരുമാനത്തിന്റെ കാര്യത്തിൽ മാത്രമല്ല നികുതിയുടെ കാര്യത്തിലും വലിയ അന്തരവും വിവേചനവും സാധാരണക്കാർ നേരിടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതിയുടെ (ജി എസ് ടി) 64% ഭാഗവും ജനസംഖ്യയുടെ താഴെയുള്ള 50% ആളുകളിൽ നിന്നാണ് പിരിച്ചെടുക്കപ്പെട്ടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം 4% മാത്രമാണ് ഉയർന്ന 10% ൽ നിന്ന് വന്നത്.

മൂന്ന് ദിവസം നീണ്ടുനിന്ന സ്റ്റുഡൻ്റ്സ് ഇസ്ലാമിക് സെൻസോറിയത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മത്സരപരീക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത അഞ്ഞൂറോളം മതവിദ്യാർഥികളാണ് പങ്കെടുത്തത്. മതവിജ്ഞാനത്തിൻ്റെ ഏറ്റവും ആഴമേറിയ തലങ്ങൾ പ്രതിപാദിക്കുന്ന “തസവുഫ്” എന്ന പ്രമേയമാണ് ഈ വർഷത്തെ സെൻസോറിയം ചർച്ച ചെയ്തത്. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശോല അബ്ദുൽ ജലീൽ സഖാഫി, സി മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ തുടങ്ങി വിവിധ പണ്ഡിതർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. സെൻസോറിയത്തിൻ്റെ ഭാഗമായി സീനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി യഥാക്രമം മിൻഹാജുൽ ആബിദീൻ, ഹിദായത്തുൽ അദ്കിയ എന്നീ കിതാബുകളെ അടിസ്ഥാനമാക്കി നോളേജ് ടെസ്റ്റ് നടന്നു. നോളേജ് ടെസ്റ്റിൻ്റെ സീനിയർ വിഭാഗത്തിൽ പൂനൂർ മദീനത്തുന്നൂർ കാമ്പസിലെ മിസ്ഹബ് മുസ്തഫ, മുനവ്വിറുസ്സുന്ന ദർസിലെ മുഹമ്മദ് ജംഷീദ്, മഅ്ദിൻ സാദാത്ത് അക്കാദമിയിലെ റുഹൈൽ സയ്യിദ് ഹാഷിം ബാഹസൻ എന്നിവരും, ജൂനിയർ വിഭാഗത്തിൽ പൂനൂർ മദീനത്തുന്നൂർ കാമ്പസിലെ മുഹമ്മദ് സിനാൻ കെ പി, ക്യു ഷോർ ഹിദായ കാമ്പസിലെ മുഹമ്മദ് ഉബയ്യ്, പുതുപ്പറമ്പ് അബ്ദുൽ ബാരി ഇസ്‌ലാമിക് അക്കാദമിയിലെ മുഹമ്മദ് സ്വാലിഹ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

For more : https://ssfkerala.org/event/sensorium-2024/