admin
January 30 2024 WEFI
വെഫി എക്സലൻസി ടെസ്റ്റ് സമാപിച്ചു
ഫലം ഫെബ്രുവരി 14ന്

വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ കീഴിൽ എസ് എസ് എൽ സി, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച എക്സലൻസി ടെസ്റ്റ് സമാപിച്ചു. കേരളം, ലക്ഷദ്വീപ്, യു.എ.ഇ എന്നിവിടങ്ങളിലെ 760 കേന്ദ്രങ്ങളിലായി 42633 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ പൊതു പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു വരുന്നത്. മാതൃക പരീക്ഷയോടൊപ്പം കുട്ടികൾക്കു വേണ്ട മാർഗ്ഗനിർദേശങ്ങൾ ഉൾപ്പെടുത്തി കരിയർ ഗൈഡൻസ് ആൻ്റ് മോട്ടിവേഷൻ ക്ലാസും നടന്നു.എക്സലൻസി ടെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം താനൂർ രായിരിമംഗലം ഹയർസെക്കണ്ടറി സ്കൂളിൽ അലിഗഢ് മുസ്ലിം സർവ്വകലാശാല മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ. കെ പി ഫൈസൽ നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ ഫിർദൗസ് സുറൈജി സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. മുഹമ്മദ് നിയാസ്, പി ജാബിർ എന്നിവർ സംസാരിച്ചു. എക്സലൻസി ടെസ്റ്റിനോടനുബന്ധമായി നടന്ന കരിയർ ഗൈഡൻസ് ആൻ്റ് മോട്ടിവേഷൻ ക്ലാസിന് വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ കോർഡിനേറ്റർ സി കെ എം റഫീഖ് നേതൃത്വം നൽകി.
എക്സലൻസി ടെസ്റ്റിന്റെ തിരുവനന്തപുരം ജില്ലാ ഉദ്ഘാടനം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ് നിർവഹിച്ചു. പാലക്കാട് ജില്ലാ ഉദ്ഘാടനം പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിനും മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം എറണാകുളം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഫിനാൻഷ്യൽ അസിസ്റ്റൻ്റ് ഇ ഷറഫുദ്ദീൻ കെ എ എസും നിർവഹിച്ചു. കാസർഗോഡ് ജില്ലയിൽ കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ. രാജേന്ദ്രൻ പിലാങ്കട്ട, കൊല്ലം ജില്ലയിൽ ജില്ല ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, തൃശൂർ ജില്ലയിൽ മാസ്റ്റർ ട്രെയിനർ ഡോ. ദിനേഷ് ബാബു, എറണാകുളത്ത് കേരള സർക്കാർ അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ റാഷിദ് മരക്കാർ, ആലപ്പുഴയിൽ മഹാരാജാസ് കോളേജ് പ്രൊഫസർ ഡോ. രമേശ് കുമാർ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ കേരളത്തിലെ വിദ്യാഭ്യാസ, പ്രൊഫഷണൽ മേഖലകളിലുള്ള പ്രശസ്തർ എക്സലൻസി ടെസ്റ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ലക്ഷദ്വീപ് കേന്ദ്രമായി നടന്ന പരിപാടി ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ കെ ഉമറുൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
എക്സലൻസ് ടെസ്റ്റിനോട് അനുബന്ധിച്ച് മുഴുവൻ കേന്ദ്രങ്ങളിലും കരിയർ ഗൈഡൻസ് ആൻ്റ് മോട്ടിവേഷൻ ക്ലാസുകൾ നടന്നു. കേരളത്തിലെ പ്രശസ്ത ട്രെയിനർമാരും വെഫിയുടെ സർട്ടിഫൈഡ് കൗൺസിലേഴ്സുമാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതി. പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയുള്ള സെൻ്റർ ചീഫുമാരുടെ നേതൃത്വത്തിൽ ഉത്തരക്കടലാസുകൾ ക്രോഡീകരിച്ച് മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു കഴിഞ്ഞു. വ്യാഴാഴ്ച മുതൽ കേരളം, ലക്ഷദ്വീപ്, യു എ ഇ എന്നിവിടങ്ങളിലായി 188 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ എക്സലൻസി ടെസ്റ്റിൻ്റെ പേപ്പർ വാല്യുവേഷന് വേണ്ടി ആരംഭിക്കും. ക്യാമ്പുകളിലേക്കുള്ള അധ്യാപകരുടെ പരിശീലനവും ഉത്തരസൂചിക ചർച്ചകളും പൂർത്തിയായിട്ടുണ്ട്. എക്സലൻസി ടെസ്റ്റ് പരീക്ഷാ ഫലം ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും. www.wefionline.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാകും.