admin
January 30 2024 Uncategorized
സൗഹൃദം ധീരരുടെ രാഷ്ട്രീയം
ജനുവരി 30
ഗാന്ധി രക്തസാക്ഷി ദിനം

ഗാന്ധിയെ വെടിവെച്ചു വീഴ്ത്തിയവർ അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയ ആശയങ്ങളെ നിഷ്കാസിതമാക്കാൻ പരിശ്രമിക്കവേയാണ് വീണ്ടുമൊരു രക്തസാക്ഷിദിനം ആചരിക്കുന്നത്. സ്വതന്ത്ര മതേതര ഇന്ത്യക്ക് ഫാസിസമേൽപ്പിച്ച പരിക്കുകളിൽ ഏറ്റവും മുഖ്യവും പ്രഥമവുമായ ഒന്നായിരുന്നു ഗാന്ധി വധം. ഭയം ഭരണചക്രം കയ്യാളുന്ന കാലത്ത് രാഷ്ട്രപിതാവ് ഉയർത്തിയ സൗഹൃദത്തിന്റെ രാഷ്ട്രീയമാണ് രാജ്യം ധീരമായി ഏറ്റെടുക്കേണ്ടത്. സംഘപരിവാർ അതിന്റെ ദീർഘമായ രാഷ്ട്രീയപ്രചാരണങ്ങൾക്ക് നടുവിൽ തകർത്ത ബാബരി മസ്ജിദിന്റെ ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുകയും ആഘോഷാവസരമായി അതിനെ പ്രയോഗിച്ച് അധികാരതാത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഘട്ടമാണിത്. ഭയം ഉൽപാദിപ്പിച്ചു കൊയ്ത ആ രാഷ്ട്രീയനീക്കത്തോട് അഹിംസയുടെയും ചരിത്രത്തിന്റെയും വെളിച്ചമുയർത്തിയാണ് മതേതരജനത പ്രതികരിച്ചത്. വർഗീയവിഭജനം സൃഷ്ടിക്കാനുള്ള അവസരമൊരുക്കരുത് എന്ന പൗരസമൂഹത്തിന്റെ ജനാധിപത്യജാഗ്രതയിൽ സംഘപരിവാർ അസ്വസ്ഥരുമാണ്. ഗാന്ധിയുടെ മുദ്രാവാക്യങ്ങൾ ഇന്നും ഫാസിസത്തെ
ഭയപ്പെടുത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. അപരദ്വേഷവും അരക്ഷിതത്വചിന്തയും ഉൽപാദിപ്പിച്ച് ചുറ്റുമുള്ള മനുഷ്യരെ ഭയക്കാൻ ശീലിപ്പിക്കുന്ന പ്രതിലോമരാഷ്ട്രീയത്തോട് സന്ധിയില്ലാ സമരമായിരുന്നു ഗാന്ധിയുടേത്. ജനങ്ങളെ വിഭജിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രയോഗരീതി കൂടിയായിരുന്നു ആ രാഷ്ട്രീയം. ക്രോണി കാപ്പിറ്റൽ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഫാസിസ്റ്റ് അധികാരവ്യവസ്ഥ സ്ഥാപിക്കുന്നതിനും വേണ്ടി അതേ തന്ത്രം പറയുന്നവർക്ക് നേരെ മൂർച്ചയുള്ള ആശയമായി ഗാന്ധിയുടെ രാഷ്ട്രീയം ഇന്നും രാജ്യത്തിനു വഴി കാട്ടുന്നു. നവഖാലിയിലെ കലാപത്തെരുവിൽ വെച്ച് സ്വാതന്ത്ര്യദിനം അർത്ഥവത്താക്കാൻ ശ്രമിച്ച രാഷ്ട്രീയജാഗ്രതയെയാണ് നാം ഗാന്ധി എന്ന് വിളിക്കുന്നത്. ശുചിത്വ ക്യാമ്പയിനുകളുടെ ചുവർചിത്രമാക്കി ചുരുക്കി അദ്ദേഹമുയർത്തിയ മൂർച്ചയേറിയ രാഷ്ട്രീയമൂല്യങ്ങളെ തമസ്കരിക്കുന്നതിനെ കൂടിയാണ് നാം ഗാന്ധിസ്മരണയിലൂടെ ചെറുക്കുന്നത്.