admin
March 31 2024 Uncategorized
ഇലക്ടറൽ ബോണ്ട്‌ : പുറത്തു വരുന്നത് അഴിമതിയുടെ വന്മല – എസ് എസ് എഫ്

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളുടെ ചുരുളുകൾ അഴിക്കുകയാണ് ഇലക്ട്രൽ ബോണ്ട് സംബന്ധമായി പുറത്തുവരുന്ന വിവരങ്ങൾ. 22,217 ബോണ്ടുകൾ നൽകിയെന്ന് മാർച്ച്‌ 13ന് സുപ്രീം കോടതിയിൽ സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18,871 ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. 3,346 ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും നൽകിയില്ലെന്നത് ദുരൂഹമാണ്. വിവരങ്ങളുടെ കാര്യത്തിലെ അവ്യക്തത നിലനിൽക്കണമെന്ന വിധം എസ് ബി ഐ പെരുമാറുന്നത് സുപ്രീം കോടതിയെയും ജനങ്ങളെയും അപമാനിക്കുന്നതുമാണ്. പുറത്തുവന്ന ബോണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ, വലിയ അഴിമതികളാണ് മറ നീക്കി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയും തൊട്ടുപിന്നാലെ അതേ കമ്പനികളിൽ നിന്ന് തന്നെ ഭരിക്കുന്ന പാർട്ടി ഇലക്ട്രൽ ബോണ്ട് വാങ്ങിയതിന്റെ ഒട്ടേറെ വിവരങ്ങളടങ്ങിയ പട്ടികയാണ് ഇലക്ഷൻ കമ്മീഷൻ പുറത്തു വിട്ട വിവരങ്ങളിൽ നിന്ന് ലഭ്യമാകുന്നത്. ഇലക്ടറൽ ബോണ്ട്‌ വഴി സംഭാവന നൽകിയതിനെ തുടർന്ന് നിയമനടപടികൾ നിർത്തി വെച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാറിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും കീഴിലുള്ള വൻകിട പ്രോജക്ടുകളാണ് സംഭാവനകൾക്ക് പിന്നാലെ കോർപറേറ്റ് കമ്പനികൾ നേടിയെടുത്തതെന്നും ഡാറ്റാ സൂചിപ്പിക്കുന്നു. ഇലക്ടറൽ ബോണ്ട്‌ സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതില്ല എന്ന കേന്ദ്രസർക്കാർ നിലപാടിന്റെ പിന്നിൽ നിക്ഷിപ്ത താൽപര്യമുണ്ട് എന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സുപ്രീം കോടതിയുടെ നിശിത വിമർശനത്തിന് ശേഷം മാത്രമാണ് എസ് ബി ഐ ഇലക്ഷൻ കമ്മീഷന് വിവരങ്ങൾ നൽകാൻ തയാറായത്. വലിയ തുകകൾ സ്വകാര്യമായി സ്വീകരിച്ച് നിയമനടപടികൾ ഉപേക്ഷിച്ചും വിവിധ പ്രൊജക്ടുകൾ നൽകിയും കോർപറേറ്റുകളെ പ്രീണിപ്പിച്ച് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടം കൊയ്യുകയെന്ന നീചതന്ത്രമാണ് കേന്ദ്രസർക്കാർ നടത്തിയതെന്ന് വ്യക്തമായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് കോടികളുടെ അഴിമതികളിലൂടെ രാജ്യത്തെ ഏറ്റവും വലിയ കൊള്ള നടക്കുമ്പോഴും മാധ്യമങ്ങൾ പുലർത്തുന്ന മൗനം ലജ്ജാവഹമാണ്.