വിശുദ്ധിയുടെ പ്രഭാതത്തിന് സ്വാഗതം വിശ്വാസിയുടെ ആനന്ദത്തിന്റെ രഹസ്യമെന്ത്? നന്മയുടെ വിളക്കണയാതെയുള്ള യാത്ര തന്നെ. പ്രതിസന്ധികൾ വന്നു വിളിക്കുമ്പോഴും പരീക്ഷണങ്ങൾ വാതിൽക്കൽ നിൽക്കുമ്പോഴുംതിരുനബിയോർ(സ്വ) പറഞ്ഞ ആശ്വാസം ഓരോ വിശ്വാസിഹൃദയങ്ങളെയും തണുപ്പിക്കും;” മുഅ്മിനിൻ്റെ കാര്യം അത്ഭുതം! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. ഒരു സന്തോഷം വന്നെത്തിയാൽ അവൻ അല്ലാഹുവിന് നന്ദി ചെയ്യും. അതോടെ അതൊരു നന്മയാകും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും.” കൂടുതൽ കൂടുതൽ പുണ്യങ്ങളിലേക്കും, മാറ്റ് കൂടിയ ജീവിത പദ്ധതികളിലേക്കും കടക്കുകയാണ് നമ്മൾ, മുഹർറത്തിൽ.കൂടുതൽ നന്മകൾ സ്വന്തമാക്കാനുള്ള നമ്മുടെ ഈ പുതുവർഷത്തിലെ തുടക്കം, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഊർജം കൂടിയാണ്. വിശ്വാസത്തിലേക്ക് കൂടുതൽ അടുക്കുമ്പോൾ, എത്ര തിളക്കമുള്ള മനുഷ്യരാകുന്നു നമ്മൾ. നമ്മുടെ വാക്കോ നോക്കോ വിഷം പുരട്ടിയ അമ്പാകില്ല ഒരാൾക്കും. കൂടുതൽ നനവുള്ള കരുണാർദ്രമായ അകം നമ്മൾ സ്വന്തമാക്കും. സഹജീവികളെ ആത്മാർത്ഥമായി സ്നേഹിക്കാനും സ്രഷ്ടാവിലേക്ക് മുഴുകാനും മുഹറത്തിലൂടെ പുതിയ തുടക്കം കാണുന്ന ഓരോ മനുഷ്യനുമാകും.നോക്കൂ.. എത്രയാണ് ഈ പ്രഭാത മാസത്തിന്റെ പുണ്യം. ചരിത്രത്തിലെ അനേകം അനേകം നല്ലനേരങ്ങൾക്ക് സാക്ഷിയായ മാത്രം. ഒരുപാട് പാഠങ്ങൾ കൊണ്ടുവന്ന മാസം. വ്രതം എടുത്ത് അകം ശുദ്ധിയാക്കാൻ ഇമ്പമുള്ള മാസം. തീരുന്നില്ല മഹത്വങ്ങൾ. ഇത്രയും ഉന്നതികൾ ഉള്ള ഒരു മാസം തുടക്കമായി നൽകിയ നാഥൻ എത്ര പരിശുദ്ധൻ.പോയ വർഷത്തെ പാഠങ്ങൾ നമ്മുടെ മനസ്സിലുണ്ട്. ഇനി വേണ്ടത് ഒരു നല്ല തുടക്കമാണ്. അതിന് അല്ലാഹുവും അവന്റെ ദൂതരും ആദരിച്ച ഈ മാസത്തെ ആദരിച്ചുകൊണ്ടുതന്നെ തുടങ്ങാം. തെറ്റുകളിലേക്ക് പോകരുത് എന്ന് കഠിനമായ വിലക്കുള്ളമാസമാണിത്. ഈ മാസത്തിൽ നിന്ന് കിട്ടുന്ന ഊർജ്ജം വർഷം മുഴുവനും കാത്തുസൂക്ഷിക്കാനും നന്മകളിലേക്ക് സഞ്ചരിക്കാനും കഠിനാധ്വാനം ചെയ്യാം.മുഹര്‍റം മാസത്തിലെ ഏറ്റവും പവിത്രമായ ദിനമാണ് ‘ആശൂറാ’ഉം’താസൂഅ’ഉം. ഈ ദിനങ്ങളിലെ നോമ്പിനെ കുറിച്ച് തിരുനബിയോർ(സ്വ) പറഞ്ഞത് അവ പോയ വർഷത്തെ പാപങ്ങളിൽ നിന്ന് നമ്മെ പരിശുദ്ധരാക്കും എന്നാണ്.ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ വിശാലത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327)പവിത്രമായ മുഹര്‍റമിന്റെ പുണ്യദിനങ്ങളോടുകൂടെ മറ്റൊരു പുതുവര്‍ഷം കൂടി ജീവിതത്തിലേക്ക് കടന്നു വരുന്നു. ഈ പുതുവത്സര ദിനത്തില്‍ നമ്മുടെ ജീവിതത്തിന് പുതുജീവൻ ലഭിക്കേണ്ടതുണ്ട്. അതിനായ് ഒരുങ്ങുക.നാഥൻ തുണയേകട്ടെ.



