കോഴിക്കോട്: വിശ്വാസികൾ വലിയ ആദരവ് കൽപ്പിക്കുന്ന വിശുദ്ധ റമളാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ചയായ ഇന്ന് സുന്നി വിദ്യാർഥി പ്രസ്ഥാനം ഫണ്ട് ദിനമായി ആചരിക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സമീപനങ്ങൾ വിദ്യാർഥികൾക്കിടയിൽ രൂപപ്പെടുത്തിയെടുക്കാൻ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞ അമ്പത്തി രണ്ട് വർഷങ്ങളിലായി രാജ്യത്തൊട്ടാകെ പ്രവർത്തിക്കുകയാണ് സംഘടന.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായങ്ങൾക്ക് വിവിധങ്ങളായ സ്കോളർഷിപ്പുകളടക്കം സൗജന്യ കരിയർ ക്ലിനിക്കുകൾ, കരിയർ കൗണ്സിലിംഗ്, ലേർണിംഗ് സപ്പോർട് മിഷനുകൾ, എക്സ്പോകൾ തുടങ്ങി വിദ്യാഥികളുടെ കരിയർ വികാസത്തിന് വേണ്ടി അനേകം സേവന പദ്ധതികൾ സംഘടന നടത്തി വരുന്നുണ്ട്. റമളാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി സംവിധാനിച്ച സൗജന്യ ഇഫ്താർ – അത്താഴ വിതരണ പദ്ധതികൾ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാണ്.
അനുദിനം പരിഷ്‌കൃതമായിക്കൊണ്ടിരിക്കുന്ന കരിയർ രംഗങ്ങളിൽ അതിനൂതനമായ സംവിധാനങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വേണ്ടി സംഘടന വിവിധ സ്ഥലങ്ങളിൽ വെഫി ഹെഡ്കോർട്ടേഴ്‌സ്, റീജ്യണൽ സെന്ററുകൾ തുടങ്ങിയ നിർമ്മാണ പ്രവർത്തങ്ങളിലേക്ക് പുതിയ സംഘടനാ വർഷങ്ങളിൽ പ്രവേശിക്കാനിരിക്കുന്നു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തുടങ്ങി സമസ്ത, കേരള മുസ്ലിം ജമാഅത്, എസ് വൈ എസ് സംസ്ഥാന നേതൃത്വം ഫണ്ട് ദിനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. യൂണിറ്റ് ഘടകങ്ങളിൽ സമീപിക്കുന്ന വിദ്യാർഥി നേതൃത്വത്തോട് സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ഫിനാൻസ് സെക്രെട്ടറി അനസ് അമാനി പുഷ്പഗിരി എന്നിവർ ആഹ്വാനം ചെയ്തു.



