SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
General Secretary
February 27, 2026
2 min read

വിദ്യാലയമുറ്റത്തെ മനുഷ്യാവകാശ ലംഘനങ്ങൾ.

വിദ്യാലയമുറ്റത്തെ മനുഷ്യാവകാശ ലംഘനങ്ങൾ.
Author
ഡോ. അബൂബക്കർ ടി

ഒരാളുടെ ഭൗതികമായ നിലനിൽപ്പിനാധാരമായ പ്രാഥമിക ആവശ്യങ്ങളോട് സമൂഹം പുലർത്തുന്ന ആദരവിലാണ് ഒരു മനുഷ്യന്റെ അന്തസ്സ് അടയാളപ്പെടുത്തപ്പെടുന്നത്.

കേരളീയ പൊതുമണ്ഡലം വലിയ വികസന മാതൃകകളെക്കുറിച്ച് വാചാലമാകുമ്പോഴും, നമ്മുടെ വിദ്യാലയങ്ങളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരികമായ അപരവൽക്കരണം അതീവ ഗൗരവകരമാണ്.

വിദ്യാലയങ്ങളിലെ ശൗചാലയങ്ങളുടെ ദുരവസ്ഥ ഒരു ശുചിത്വ പ്രശ്നമായി മാത്രം കാണേണ്ടതല്ല.

അതൊരു കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

സ്വന്തം വീടിന്റെ സ്വകാര്യതയിൽ ആധുനികമായ സൗകര്യങ്ങൾ ആസ്വദിക്കുന്ന നാം,

പൊതുവിടങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നിഷേധിക്കപ്പെടുന്ന ആരോഗ്യ അവകാശങ്ങളെക്കുറിച്ച് പലപ്പോഴും അത്ര ബോധവാന്മാരല്ല.

മതിയായ ശുചിത്വ സൗകര്യങ്ങളുടെ അഭാവം മൂലം സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ മൂത്രനാളി അണുബാധകൾ (UTI) 30 ശതമാനത്തോളം വർദ്ധിക്കുന്നു എന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകളാണ്. വാട്ടർ എയ്ഡിന്റെ (WaterAid) റിപ്പോർട്ടുകൾ പ്രകാരം കൃത്യമായ ഇടവേളകളിൽ ജലം ഉപയോഗിക്കാത്തതും മൂത്രവിസർജ്ജനം നടത്താത്തതും ഭാവിയിൽ വിട്ടുമാറാത്ത വൃക്കരോഗങ്ങളിലേക്ക് വരെ നയിക്കുന്നു. മൂത്രമൊഴിക്കാനുള്ള ഭയം കാരണം ദാഹിക്കുമ്പോൾ വെള്ളം കുടിക്കാതിരിക്കുക എന്നത് നിസ്സാരവത്കരിക്കാവുന്ന കേവലം ഒരു ശീലമല്ല, അതൊരു നിരന്തരമായ ശാരീരിക പീഡനമാണ്.

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം 70% പെൺകുട്ടികളും സ്കൂൾ സമയത്ത് മൂത്രവിസർജ്ജനം നടത്താൻ വിമുഖത കാണിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്ഡപ്രകാരം 25 കുട്ടികൾക്ക് ഒരു ശൗചാലയം എന്നതാണ് കണക്കെങ്കിലും, നമ്മുടെ പകുതിയിലധികം വിദ്യാലയങ്ങളിലും ഈ അനുപാതം പാലിക്കപ്പെടുന്നില്ല.

മൂത്രം പിടിച്ചുവെക്കുന്നത് മൂത്രനാളിയിലെ അണുബാധ (UTI) മുതൽ ക്രോണിക് കിഡ്നി ഡിസീസ് (CKD) വരെ നീളുന്ന മാരകമായ അവസ്ഥകളിലേക്ക് കുട്ടികളെ നയിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ തെറ്റിക്കുകയും ഏകാഗ്രത കുറയ്ക്കുകയും ചെയ്യുന്നു.

ഒരു പെൺകുട്ടി തന്റെ ശരീരത്തെ ഭയത്തോടെയും ലജ്ജയോടെയും നോക്കിക്കാണാൻ ശീലിക്കുന്നത് അവളുടെ സ്കൂൾ ടോയ്‌ലറ്റിലെ ദുർഗന്ധത്തിൽ നിന്നാണ് എന്നത് വൈരുദ്ധ്യമാണ്.

ഇത് അവളുടെ ആത്മാഭിമാനത്തിന് മേൽ ഏൽക്കുന്ന ആഴത്തിലുള്ള മുറിവാണ്. ശാരീരികമായി തളർന്നുപോകാനിടയുള്ള ഒരു തലമുറയെക്കുറിച്ചുള്ള അതീവ ഗൗരവമുള്ള അപായസൂചനയാണീ കണക്കുകൾ.

രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ ആർത്തവ ശുചിത്വ സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി ഡോ. ജയ താക്കൂർ സമർപ്പിച്ച റിട്ട് ഹർജിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അധ്യക്ഷരായ ബെഞ്ച് അനിവാര്യമായ ചിലത് സൂചിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആർത്തവ ആരോഗ്യത്തിനുള്ള അവകാശവും ആർത്തവ ശുചിത്വ പരിപാലന സൗകര്യങ്ങൾ ലഭ്യമാക്കുന്നതും ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള മൗലികാവകാശമായ ജീവിക്കാനും അന്തസ്സോടെ ഇരിക്കാനുമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ആർത്തവമുള്ള പെൺകുട്ടികൾക്ക്, ആർത്തവ ശുചിത്വ പരിപാലന സൗകര്യങ്ങൾ ലഭ്യമല്ലാത്തത് അവരെ കളങ്കത്തിനും മുൻവിധിക്കും അപമാനത്തിനും ഇരയാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

മൂത്രം പിടിച്ചു നിർത്താൻ നിർബന്ധിതരാകുന്ന പെൺകുട്ടികൾ തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ മാത്രമല്ല നേരിടുന്നത്, മറിച്ച് തങ്ങളുടെ വ്യക്തിത്വത്തെ വെറുക്കാൻ ശ്രമിക്കുന്നിടത്തേക്കാണ് കാര്യങ്ങൾ പോകുന്നത്.

ആർത്തവകാലത്തെ അവഗണനയും അശുദ്ധിയെന്ന ലേബലൊട്ടിച്ച സൗകര്യമില്ലായ്മയും അവരെ തങ്ങളുടെ ഉടലിനെ ഭയപ്പെടാൻ പഠിപ്പിക്കുന്നു.

ഈ അവസ്ഥയെ മറികടക്കാൻ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റം അനിവാര്യമാണ്. ഓരോ വിദ്യാലയത്തിലും ഹൈജീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുകയും അത് കർശനമായി ഓഡിറ്റ് ചെയ്യപ്പെടുകയും വേണം. കുട്ടികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള സാഹചര്യവും അത് വിസർജ്ജിക്കാനുള്ള ഭയരഹിതമായ അന്തരീക്ഷവും ഉണ്ടെന്ന് ഭരണകൂടം ഉറപ്പാക്കണം. പ്രാദേശിക സർക്കാരുകളുടെ ഫണ്ടുകൾ സ്മാർട്ട് ക്ലാസ് മുറികൾക്ക് എന്നപോലെ തന്നെ സ്മാർട്ട് ശൗചാലയങ്ങൾക്കും തുല്യമായി വിഭജിക്കപ്പെടണം. ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ശാശ്വതമായ ഒരു തൊഴിൽ സേനയെ ഓരോ സ്കൂളിനും ലഭ്യമാക്കുന്നത് വഴി മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാകൂ. പെൺകുട്ടികളുടെ ശാരീരിക അവശ്യങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും

സമൂഹവും വികസിച്ചു വരണം.

ഉടൽ ഒരു ഭാരമായി മാറുന്ന ഇടമായി വിദ്യാലയങ്ങൾ മാറുന്നത് സാംസ്കാരിക തകർച്ചയാണ്.

സ്വതന്ത്രമായ ശ്വസനം പോലെ തന്നെ പ്രധാനമാണ് നിർഭയമായ വിസർജ്ജനവും സൗകര്യമുള്ള ശുചിത്വ സംവിധാനങ്ങളും.

Share this article
More Articles

More Articles

View All →
പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്
General Secretary
ഡോ. അബൂബക്കർ ടി•Jun 19, 2026

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്

ഫാരൻഹീറ്റ് 451 എന്ന പുസ്തകം എഴുതിയത് റേ ബ്രാഡ്ബറിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് നിരോധിച്ച ഒരു ഭാവികാല സമൂഹത്തിലെ ഫയർമാൻ ആണ് മൊണ്ടാഗ്. പുസ്തകങ്ങൾ കണ്ടെത്തുകയും അവ കത്തിച്ചുകളയുകയുമാണ് ഭരണകൂടം നൽകിയ അയാളുടെ ജോലി. എന്നാൽ, യാദൃച്ഛികമായി ഒരു പുസ്തകം വായിക്കാൻ ഇടവരുന്നതോടെ …

samastha sensorium
General Secretary
ഡോ. അബൂബക്കർ ടി•Jun 10, 2026

സമസ്ത: സമഗ്രതയുടെ സഞ്ചാരം

മാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ജീവിത സംഹിതയാണ് ഇസ്‌ലാം. ഈ സവിശേഷമായ സ്വഭാവമാണ് കാലങ്ങളും ദേശങ്ങളും കടന്ന മതത്തെ അതിന്റെ തനതായ സ്വഭാവത്തിൽ നിലനിർത്തുന്നത്. അത് കൊണ്ട് തന്നെ ഇസ്‌ലാം ഒരു നിർദ്ദിഷ്ട കാലഘട്ടത്തിലോ ഭൂപ്രദേശത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു വ്യവസ്ഥയല്ല. വ്യത്യസ്ത സാഹചര്യങ്ങളോട് ചേർന്ന് സ്വീകരിക്കേണ്ട സമീപന രീതികളിലെ വ്യക്തത തികച്ചും വൈജ്ഞാനികമായ പ്രക്രിയ ആകയാൽ പണ്ഡിതന്മാരിലൂടെ തന്നെയാകണം മതത്തിന്റെ അന്തസത്ത കൈമാറ്റം ചെയ്യപ്പെടേണ്ടത്.

സമുദ്രം പ്രകൃതിയുടെ ശ്വാസകോശം
General Secretary
ഡോ. അബൂബക്കർ ടി•Jun 8, 2026

സമുദ്രം പ്രകൃതിയുടെ ശ്വാസകോശം

ജൂൺ എട്ടിനാണ് അന്താരാഷ്ട്ര സമുദ്രദിനം. ഭൂമിയുടെ ഭൗതികവും ജൈവികവുമായ സന്തുലിതാവസ്ഥയെ നിർണയിക്കുന്ന ഏറ്റവും വലിയ ചാലകശക്തിയാണ് സമുദ്രങ്ങൾ. ഭൗമോപരിതലത്തിന്റെ ഭൂരിഭാഗവും വ്യാപിച്ചുകിടക്കുന്ന ഈ ജലമണ്ഡലം കേവലമൊരു വിഭവസ്രോതസ്സ് എന്നതിൽ കവിഞ്ഞ്, ആഗോള കാലാവസ്ഥയെയും ജീവന്റെ നിലനിൽപ്പിനെയും നിയന്ത്രിക്കുന്ന പ്രകൃതിയുടെ ശ്വാസകോശമാണ്. അന്തരീക്ഷത്തിലെ …