ഫെഡറലിസത്തിന്റെ മരണപ്പത്രങ്ങൾ വിദ്യാഭ്യാസം കേവലമൊരു അക്കാദമിക പ്രക്രിയ മാത്രമല്ലെന്നും സമൂഹത്തിന്റെ ചരിത്രപരമായ ബോധത്തെയും ജനാധിപത്യ മൂല്യങ്ങളെയും രൂപപ്പെടുത്തുന്ന സാംസ്കാരിക അടിത്തറയാണെന്നുമുള്ളത് ഒരു ജനാധിപത്യ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും മിനിമം രാഷ്ട്രീയ ജാഗ്രതയാണ്. അധികാര കേന്ദ്രീകരണത്തിന്റെ പുതിയ കാലത്ത്, ഈ അടിത്തറയെത്തന്നെയാണ് കേന്ദ്ര ഭരണകൂടം ലക്ഷ്യംവെക്കുന്നത്. പാഠ്യപദ്ധതി നിർണയത്തിലും വിദ്യാഭ്യാസ നയങ്ങളിലും സംസ്ഥാനങ്ങൾക്കുള്ള സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടുമെന്ന ഭരണാധികാരികളുടെ ശുഷ്കമായ വാദങ്ങൾ, വരാനിരിക്കുന്ന വഞ്ചിക്കപ്പെടാൻ പോകുന്നവന് മുന്നിലേക്ക് ഭിക്ഷയായി എറിഞ്ഞുകൊടുക്കുന്ന അവസാനത്തെ അപ്പക്കഷ്ണമാണ്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ അത്ര നിഷ്‌കളങ്കമാണെന്ന് സമകാല ഇന്ത്യയുടെ രാഷ്ട്രീയ ജാതകം അറിയുന്നവരാരും വിശ്വസിക്കുന്നില്ല. കേവലമൊരു ഭരണ പരിഷ്‌കരണത്തിനപ്പുറത്ത്, ഇന്ത്യൻ ഫെഡറലിസത്തിന്റെ മേൽ പതിക്കുന്ന ശക്തമായ പ്രഹരമാണത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന പരിമിതമായ അധികാരങ്ങളെപ്പോലും ഇല്ലാതാക്കിക്കൊണ്ട്, വികേന്ദ്രീകരണത്തിന്റെ എല്ലാ സാധ്യതകളെയും റദ്ദ് ചെയ്യാനാണിത് ശ്രമിക്കുന്നത്.
യു ജി സി, എ ഐ സി ടി ഇ തുടങ്ങിയ ഭരണഘടനാപരമായ സ്വയംഭരണ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ട് രൂപപ്പെടുന്ന ഏകീകൃത നിയന്ത്രണ സംവിധാനം, ജനാധിപത്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ഗൂഢശ്രമമാണ്. വിജ്ഞാന ഉത്പാദനം ബ്യൂറോക്രസിയുടെയും ഏകപക്ഷീയമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും കീഴിലേക്ക് ചുരുങ്ങുമ്പോൾ നഷ്ടപ്പെടുന്നത് അക്കാദമിക സമൂഹത്തിന്റെ സ്വതന്ത്ര ചിന്തയാണ്. റെഗുലേഷൻ, അക്രഡിറ്റേഷൻ, ഫണ്ടിംഗ് എന്നിവയെല്ലാം ഒരൊറ്റ കേന്ദ്രീകൃത അധികാര കേന്ദ്രത്തിലേക്ക് വരുമ്പോൾ സർവകലാശാലകൾ ഭരണകൂടത്തിന്റെ വിനീത വിധേയരായി മാറും. സ്വതന്ത്രമായ ഗവേഷണങ്ങളും പ്രാദേശികമായ സാംസ്കാരിക തനിമകളെ ഉൾക്കൊള്ളുന്ന കോഴ്സുകളും ഇനിയൊരു വിദൂര സ്വപ്നമായി മാറിയേക്കാം.
ഈ അധികാര കേന്ദ്രീകരണത്തിന്റെ പിന്നിൽ കൃത്യമായ രണ്ട് അജണ്ടകളുണ്ട്; ഒരിടത്ത് സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്ര അധിനിവേശവും, മറുപുറത്ത് ആഗോള കോർപ്പറേറ്റ് മൂലധനത്തിന്റെ താല്പര്യങ്ങളും. വിജ്ഞാനത്തെ വിപണി ചരക്കാക്കി മാറ്റാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റുകൾക്കും, മനുഷ്യന്റെ ചിന്താശേഷിയെ മെരുക്കാൻ ആഗ്രഹിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനും ഒരേപോലെ താല്പര്യമുള്ള ഒന്നാണ് ഏകീകൃത നിയന്ത്രണം. ചരിത്രത്തെ തിരുത്തിയും ശാസ്ത്രബോധത്തെ തമസ്കരിച്ചും തങ്ങൾക്കനുകൂലമായ ഒരു തലമുറയെ വാർത്തെടുക്കാൻ വൈസ് ചാൻസലർ പദവികൾ മുതൽ പാഠപുസ്തകങ്ങൾ വരെ അവർ കാവിവൽക്കരിക്കും.
സംസ്ഥാന സർക്കാരുകൾ സ്വന്തം അധികാരപരിധി നഷ്ടപ്പെടുന്നത് നോക്കിനിൽക്കുന്ന കേവല സാക്ഷികളായി മാറുമ്പോൾ, നമ്മൾ തിരിച്ചറിയേണ്ടത് ജനാധിപത്യത്തിന്റെ കാവലാളാകേണ്ടത് ജനത തന്നെയാണ് എന്നതാണ്. പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് വരുംതലമുറയാണ്,രാജ്യം തന്നെയാണ്.ഈ സാംസ്കാരിക അധിനിവേശത്തിനെതിരെ കേവല പ്രതിഷേധത്തിനപ്പുറം, ആഴത്തിലുള്ള പ്രതിരോധ ചിന്തകളും ജനകീയ കൂട്ടായ്മകളും ഉയർന്നുവരേണ്ടത് പുതിയ കാലത്തിൻ്റെ രാഷ്ട്രീയ അനിവാര്യതയാണ്.



