SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
General Secretary
July 10, 2026
3 min read

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം
Author
ഡോ. അബൂബക്കർ ടി

ജൂലൈ 7 ന് വയനാട് കള്ളാടിയിൽ, ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണം നടക്കുന്നിടത്ത് ഒരു മലയിടിഞ്ഞു. കാണാതായവരുടെയും മരണപ്പെട്ടവരുടെയും വാർത്തകൾ വന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസ് മണ്ണിനടിയിൽ ഒലിച്ചുപോയി. ബിഹാറിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ജീവിതം തേടിയെത്തിയ അതിഥി തൊഴിലാളികളാണ് മണ്ണിനടിയിൽ അമർന്നത്. ഇത് പ്രകൃതി ദുരന്തം എന്ന ലേബലിൽ ഒതുക്കാൻ ശ്രമിക്കുന്നവർ മറുപടി പറയേണ്ട ഒരു ചോദ്യമുണ്ട് ; മുന്നറിയിപ്പ് നൽകിയിട്ടും, ഉത്തരവ് ഇറക്കിയിട്ടും, ചട്ടം ലംഘിക്കപ്പെട്ടിട്ടും ആരും തടയാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?

ചട്ടലംഘനം എന്നത് അളവിലല്ല, ഗുരുതരതയിലാണ്. മണ്ണ് സംരക്ഷണം, തൊഴിലാളി സുരക്ഷ, ദുരന്തനിവാരണം, ഭരണപരമായ മേൽനോട്ടം എന്നീ നിർണായക മേഖലകളിൽ കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതിക്കായി വച്ച അറുപത് വ്യവസ്ഥകളിൽ പത്തെണ്ണത്തോളം ലംഘിക്കപ്പെട്ടെന്നാണ് കണ്ടെത്തൽ. ഇതേ ജില്ലയിൽ, ഇതേ മഴക്കാലത്ത്, രണ്ട് വർഷം മുൻപ് നടന്ന മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അറുപത് വ്യവസ്ഥകൾ തന്നെ ഏർപ്പെടുത്തിയത്. എന്നിട്ടും പാഠം പഠിച്ചില്ല എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ജൂൺ 20ന് തന്നെ ജില്ലാ കളക്ടർ അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. കരാർ കമ്പനി അത് പാലിച്ചില്ല. സമാന സ്ഥലത്ത് ചെറിയ മണ്ണിടിച്ചിൽ നേരത്തേ ഉണ്ടായപ്പോൾ തന്നെ നിർമാണം നിർത്തിവയ്ക്കാൻ കളക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും തൊഴിലാളികൾക്ക് ക്യാമ്പുകളിൽ തുടരേണ്ടി വന്നു. ദിവസങ്ങൾ കഴിയുന്തോറും മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുക്കപ്പെടുന്നു എന്നത് തന്നെ, പ്രാരംഭ വിലയിരുത്തലുകൾ എത്ര ഉപരിപ്ലവമായിരുന്നു എന്നതിന്റെ തെളിവാണ്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ നടക്കുന്ന എല്ലാ വൻകിട നിർമാണ പദ്ധതികളും, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ച് പോലുള്ള ഏജൻസികളുടെ തുടർച്ചയായ, സ്വതന്ത്രമായ മേൽനോട്ടത്തിൽ വേണം. ആറുമാസത്തിലൊരിക്കൽ എന്നത് അപര്യാപ്തമാണ്. തത്സമയ നിരീക്ഷണം വേണം. കുഴിച്ചെടുക്കുന്ന മണ്ണ് ശാസ്ത്രീയമായി സംസ്കരിക്കാതെ കൂട്ടിയിടുന്നത് നിരോധിക്കുകയും, ജിയോടെക്നിക്കൽ വിദഗ്ധരുടെ അംഗീകാരത്തോടെ മാത്രം നിർമാണം മുന്നോട്ട് പോകാൻ അനുവദിക്കുകയും വേണം. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ സെൻസർ അധിഷ്ഠിത ഭൂചലന/ഈർപ്പ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലാൻഡ്സ്ലൈഡ് സസ്സെപ്റ്റിബിലിറ്റി മാപ്പുകൾ നിർമാണാനുമതി തീരുമാനങ്ങളിൽ നിർബന്ധമായി ഉൾപ്പെടുത്തണം. ദുരന്തസാധ്യതയുള്ള നിർമാണ സൈറ്റുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ നിർബന്ധിത ഒഴിപ്പിക്കൽ പ്രോട്ടോക്കോൾ വേണം. ഇത് കരാർ കമ്പനിയുടെ ഇഷ്ടത്തിന് വിടരുത്. ഉത്തരവുകൾ ഇറക്കിയാൽ മാത്രം പോരാ, അത് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ദിനംപ്രതി പരിശോധന വേണം. ജൂൺ ഇരുപതിലെ ഉത്തരവ് കടലാസിൽ ഒതുങ്ങിയത് ഭരണപരമായ പരാജയമാണ്.

അങ്ങുമിങ്ങും പഴിചാരി ഒളിക്കാൻ ശ്രമിക്കുന്ന സർക്കാർ നിയോഗിക്കുന്ന സമിതിക്ക് പകരം, ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ട്. ചട്ടലംഘനത്തിന് ആരാണ് ഉത്തരവാദി എന്നത് സുതാര്യമായി വെളിപ്പെടണം. അപകടസാധ്യത അറിഞ്ഞിട്ടും തൊഴിലാളികളെ പിൻവലിക്കാതിരുന്നതിന് ക്രിമിനൽ ഉത്തരവാദിത്തം ചുമത്തണം. പാരിസ്ഥിതിക അനുമതി വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട എൻവിയോൺമെന്റ് മാനേജ്മെന്റ് കമ്മിറ്റി എന്ത് ചെയ്തു എന്നത് പരസ്യമായി വിശദീകരിക്കണം. നയപരമായ തീരുമാനങ്ങൾക്കും അന്തിമ ഉത്തരവാദിത്തത്തിനും സർക്കാർ തന്നെ മറുപടി പറയണം. വികസന പദ്ധതികൾക്ക് വേഗത നൽകുമ്പോൾ സുരക്ഷാ ചട്ടങ്ങൾ അലങ്കാരമായി മാറരുത്.

മണ്ണിനടിയിൽ ജീവനുകൾ ഞെരിഞ്ഞമരുമ്പോൾ, ഈ സർക്കാർ കാണിച്ച ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടങ്ങൾ എത്ര വൃത്തികകെട്ടതായിരുന്നു. ദുരന്തം നടന്ന് മണിക്കൂറുകൾക്കകം തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ കരാറുകാരുടെ മേൽ പഴി ചാരി കൈകഴുകി. ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള ഉത്തരവ് നടപ്പാക്കപ്പെട്ടോ എന്ന് പിന്തുടരാൻ പോലും കഴിയാതിരുന്ന ഭരണസംവിധാനത്തിന്റെ പരാജയത്തിന് ആരാണ് സമാധാനം പറയേണ്ടത്? ജൂൺ 20ന് ഉത്തരവിറങ്ങി, ജൂലൈ ആറിന് ജീവനുകൾ പൊലിഞ്ഞു. ഈ പതിനാറ് ദിവസങ്ങളിൽ ഒരൊറ്റ പരിശോധന പോലും നടത്താൻ സർക്കാർ സംവിധാനത്തിന് കഴിഞ്ഞില്ലെങ്കിൽ, നമ്മൾ ആരെയാണ് ഇനി വിശ്വസിക്കേണ്ടത്. ഇത് ജില്ലയാകെ നടന്ന സംഭവമല്ല, ചെറിയ പ്രദേശത്തുണ്ടായതാണ് എന്ന് എത്ര ലാഘവത്തോടെയാണ് ഒരു മുഖ്യമന്ത്രിക്ക് പറയാൻ കഴിഞ്ഞത്. ഈ ലജ്ജാകരമായ ശ്രമമാണോ ഉടനീളം ഇനി പ്രതീക്ഷിക്കേണ്ടത്. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകം കർശനമാക്കിയ അറുപത് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടും, അത് നിരീക്ഷിക്കേണ്ട സ്റ്റേറ്റ് എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റിയും ജില്ലാതല എൻവിയോൺമെന്റ് മാനേജ്മെന്റ് കമ്മിറ്റിയും എന്ത് ചെയ്തു എന്നതിൽ സർക്കാർ ഇതുവരെ വ്യക്തത നൽകിയിട്ടില്ല. മനുഷ്യജീവനുകൾക്ക് മേൽ വികസന ഭ്രാന്ത് പിടിച്ചതിൻ്റെ, ദുരന്തപൂർണമായ ഭരണകൂട നിസ്സംഗതയുടെയുടെ വില, മണ്ണിനടിയിൽ അമർന്ന അതിഥി തൊഴിലാളികളാണ് നൽകേണ്ടി വന്നത് എന്നത് ക്ഷമിക്കാനാവാത്ത അനീതിയാണ്.

Share this article
More Articles

More Articles

View All →
കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?
General Secretary
ഡോ. അബൂബക്കർ ടി•Jul 7, 2026

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?

സെൻസസ് എന്നത് രാജ്യത്തിന് അനിവാര്യമായ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്നത് ശരിതന്നെ. പക്ഷേ ആ ഉത്തരവാദിത്തം നിറവേറ്റാൻ, ഒരു തലമുറയുടെ വിദ്യാഭ്യാസം ബലികൊടുക്കേണ്ടി വരുന്നത് ആസൂത്രണത്തിന്റെ പരാജയമല്ലാതെ മറ്റെന്താണ്? സെൻസസ് ജോലികൾക്കായി സ്‌കൂൾ അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ അധ്യയനം പൂർണമായും …

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്
General Secretary
ഡോ. അബൂബക്കർ ടി•Jun 19, 2026

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്

ഫാരൻഹീറ്റ് 451 എന്ന പുസ്തകം എഴുതിയത് റേ ബ്രാഡ്ബറിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് നിരോധിച്ച ഒരു ഭാവികാല സമൂഹത്തിലെ ഫയർമാൻ ആണ് മൊണ്ടാഗ്. പുസ്തകങ്ങൾ കണ്ടെത്തുകയും അവ കത്തിച്ചുകളയുകയുമാണ് ഭരണകൂടം നൽകിയ അയാളുടെ ജോലി. എന്നാൽ, യാദൃച്ഛികമായി ഒരു പുസ്തകം വായിക്കാൻ ഇടവരുന്നതോടെ …

samastha sensorium
General Secretary
ഡോ. അബൂബക്കർ ടി•Jun 10, 2026

സമസ്ത: സമഗ്രതയുടെ സഞ്ചാരം

മാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ജീവിത സംഹിതയാണ് ഇസ്‌ലാം. ഈ സവിശേഷമായ സ്വഭാവമാണ് കാലങ്ങളും ദേശങ്ങളും കടന്ന മതത്തെ അതിന്റെ തനതായ സ്വഭാവത്തിൽ നിലനിർത്തുന്നത്. അത് കൊണ്ട് തന്നെ ഇസ്‌ലാം ഒരു നിർദ്ദിഷ്ട കാലഘട്ടത്തിലോ ഭൂപ്രദേശത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു വ്യവസ്ഥയല്ല. വ്യത്യസ്ത സാഹചര്യങ്ങളോട് ചേർന്ന് സ്വീകരിക്കേണ്ട സമീപന രീതികളിലെ വ്യക്തത തികച്ചും വൈജ്ഞാനികമായ പ്രക്രിയ ആകയാൽ പണ്ഡിതന്മാരിലൂടെ തന്നെയാകണം മതത്തിന്റെ അന്തസത്ത കൈമാറ്റം ചെയ്യപ്പെടേണ്ടത്.