കേരളത്തിന്റെ സാമൂഹിക പരിസരം ഇന്ന് ഒരു വലിയ പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിജ്ഞാനത്തോടുള്ള നമ്മുടെ അടങ്ങാത്ത താല്പര്യത്തിൽ നിന്നാണ് നമ്മുടെ സാമൂഹിക ബോധം പരുവപ്പെട്ടത്. എന്നാൽ ഇന്ന് നമ്മുടെ കലാലയങ്ങൾ നിശബ്ദമായ വിവരക്കടത്തുകാരുടെ താവളങ്ങളായി മാറുന്നുണ്ടോ എന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു. കാലഹരണപ്പെട്ട വ്യവസ്ഥിതിയുടെ അടിത്തറ ഇളക്കാൻ പോന്നതാകണം നമ്മുടെ സാമൂഹിക വിചാരങ്ങളും അവയെ രൂപപ്പെടുത്തുന്ന ഘടകങ്ങളും. പക്ഷേ, നിലവിലെ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി പലപ്പോഴും കൊളോണിയൽ കാലഘട്ടത്തിന്റെ ബാക്കിപത്രമായ ക്ലറിക്കൽ മനോഭാവത്തിൽ നിന്ന് മുക്തമായിട്ടില്ല.അക്കാദമിക് പക്വതയും പാഠ്യപദ്ധതിയുടെ രാഷ്ട്രീയവുംവിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടാനുള്ള ഒരു ഉപാധിയിൽ നിന്നും മാറി ഒരു വ്യക്തിയെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരനാക്കി മാറ്റുന്ന സംസ്കരണ പ്രക്രിയയാണ്. നമ്മുടെ പാഠ്യപദ്ധതികൾ ആഗോള നിലവാരത്തിലേക്ക് ഉയരുമ്പോഴും, അതിൽ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം നഷ്ടപ്പെടരുത്. ശാസ്ത്ര സാങ്കേതിക വിദ്യകളിൽ നാം മുന്നേറുമ്പോൾ തന്നെ, മാനവികതയുടെയും ധാർമികതയുടെയും പാഠങ്ങൾ വിസ്മരിക്കപ്പെടരുത്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്ത്, വിവരങ്ങളെ എങ്ങനെയൊക്കെ വിവേചനബുദ്ധിയോടെ ഉപയോഗിക്കാം എന്ന വിവേകമാണ് വിദ്യാർഥികൾക്ക് പകർന്നു നൽകേണ്ടത്. വിദ്യാർഥിയുടെ ചിന്താശേഷിയെയും സ്വഭാവത്തെയും ഉദ്ദീപിപ്പിക്കുന്നതാകണം പഠിക്കുന്ന അറിവ്.നിലവിലെ നമ്മുടെ വിദ്യാഭ്യാസ രീതി പലപ്പോഴും ഒരു ബാങ്കിങ് സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ അധ്യാപകർ വിവരങ്ങൾ നിക്ഷേപിക്കുകയും വിദ്യാർഥികൾ അത് പരീക്ഷാ ഹാളുകളിൽ വെച്ച് പിൻവലിക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് മാറി, ചിന്തയെ ഉത്തേജിപ്പിക്കുന്നതും സർഗാത്മകതയെ തൊട്ടുണർത്തുന്നതുമായ ഒരു ജൈവിക പ്രക്രിയയായി വിദ്യാഭ്യാസം മാറേണ്ടതുണ്ട്. കേവലം ഡിഗ്രികൾ വിതരണം ചെയ്യുന്ന ഫാക്ടറികളായി കലാലയങ്ങൾ മാറാതിരിക്കാൻ, ഗവേഷണാധിഷ്ഠിതവും അന്വേഷണാത്മകവുമായ ഒരു രീതിശാസ്ത്രം പ്രൈമറി തലം മുതൽക്കേ ആരംഭിക്കേണ്ടതുണ്ട്.മാനവികതയും ദാർശനികമായ ഉള്ളടക്കവുംവിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം വിമോചനമാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന് വേരോട്ടം കിട്ടാത്ത വിധം മതേതരവും ദാർശനികവുമായ ഒരു അടിത്തറ നമ്മുടെ യുവതലമുറയ്ക്ക് ആവശ്യമാണ്. പാരമ്പര്യത്തെയും ആധുനികതയെയും വിവേകപൂർവം വിളക്കിച്ചേർക്കാൻ കഴിയണം. ഏറ്റവും പ്രധാനമായി, വിദ്യാഭ്യാസം എന്നത് മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം. വിവരങ്ങൾ സമ്പാദിക്കുന്ന യന്ത്രങ്ങളെയല്ല, മറിച്ച് സഹാനുഭൂതിയുള്ള മനുഷ്യരെയാണ് നമുക്ക് ആവശ്യം. കേവലം യന്ത്രങ്ങളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിന് പകരം, ആർദ്രതയുള്ള ഹൃദയങ്ങളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിനാണ് നമ്മൾ മുൻഗണന നൽകേണ്ടത്. കലാലയങ്ങൾ കേവലം പ്രകടനപരതയുടെ ഇടങ്ങളാകാതെ, ആശയങ്ങളുടെയും സംവാദങ്ങളുടെയും സർഗാത്മക വേദികളായി മാറണം. അവിടെ വിയോജിപ്പുകൾക്ക് മാന്യമായ ഇടമുണ്ടാകണം, അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും പൂർണ സ്വാതന്ത്ര്യമുണ്ടാകണം. മതേതരത്വം, സാമൂഹിക നീതി, ലിംഗനീതി, പരിസ്ഥിതി അവബോധം തുടങ്ങിയ മൂല്യങ്ങൾ സിലബസിന്റെ ഭാഗമായല്ല, മറിച്ച് ജീവിതചര്യയുടെ ഭാഗമായി പഠിപ്പിക്കപ്പെടണം. ആത്മീയവും ഭൗതികവുമായ അറിവുകളെ സമന്വയിപ്പിക്കാൻ കഴിയുന്ന ഒരു ഹോളിസ്റ്റിക് വിദ്യാഭ്യാസ രീതിയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.തൊഴിൽ നൈപുണ്യവും പ്രായോഗിക ജ്ഞാനവുംപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഒരു വിദ്യാർഥി തൊഴിൽ വിപണിയിൽ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രായോഗിക ജ്ഞാനത്തിന്റെ അഭാവമാണ്. തിയറികൾക്കപ്പുറം തൊഴിൽ മേഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഇന്റേൺഷിപ്പ് സംവിധാനങ്ങൾ നിർബന്ധിതമാക്കണം. സ്വയം തൊഴിൽ കണ്ടെത്താനുള്ള സംരംഭകത്വ ചിന്തകൾ വിദ്യാർഥികളിൽ വളർത്തണം. സർക്കാർ ജോലിയെന്ന പരമ്പരാഗത മോഹത്തിനപ്പുറം, ലോകം കാൽക്കീഴിലാക്കാൻ പോന്ന ആത്മവിശ്വാസമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ സഹായിക്കണം. അതിനുള്ള ശേഷിയും പാകതയുമുള്ള അനേകം വിദ്യാർഥികൾ നമ്മുടെ ഇടയിലുണ്ട്. ദൗർഭാഗ്യവശാൽ, വളരുവാനുള്ള ആകാശങ്ങൾ കാണാതെ അവർ മുരടിച്ചുപോകുന്നു. കൃഷിയും പരിസ്ഥിതിയും മുതൽ ഐ ടി വരെയുള്ള മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ തക്കവണ്ണം തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ പഞ്ചായത്ത് തലത്തിൽ തന്നെ ആരംഭിക്കണം. ഇതിനായി, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളോടൊപ്പം തന്നെ ചെറിയ നൈപുണ്യ വികസന കേന്ദ്രങ്ങളും വർക്ക്‌ഷോപ്പുകളും പ്രാദേശികാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശ്രമങ്ങളെക്കുറിച്ച് ആലോചിക്കാം.സിലബസിലെ കാലഹരണപ്പെടലും ആവർത്തനങ്ങളുടെ അലോസരങ്ങളും സിലബസ് എന്നത് കല്ലിൽ കൊത്തിയ ഒന്നാകരുത്; അത് ഒരു നദി പോലെ ഒഴുകുന്നതാകണം. ആഗോളതലത്തിൽ വിജ്ഞാനം കുതിച്ചുചാട്ടങ്ങൾ നടത്തുമ്പോൾ, നമ്മുടെ കുട്ടികൾ ദശകങ്ങൾ പഴക്കമുള്ള സിദ്ധാന്തങ്ങളിൽ തളച്ചിടപ്പെടുന്നത് ഒരുതരം വിദ്യാഭ്യാസപരമായ അനീതിയാണ്. സിലബസ് ഓഡിറ്റിംഗ് എന്നത് സാങ്കേതികമായ മാറ്റം മാത്രമല്ല, അതൊരു ദാർശനികമായ ശുദ്ധീകരണം കൂടിയാകണം. നമ്മുടെ പാഠ്യപദ്ധതികൾ പലപ്പോഴും മാറുന്ന ലോകത്തിന്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ പരാജയപ്പെടുന്നു. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായ ഈ കാലത്ത്, തീയതികളും വിവരങ്ങളും മനപ്പാഠമാക്കുന്ന രീതിയിൽ നിന്ന് മാറി, കാര്യങ്ങളെ അപഗ്രഥിക്കാനും വിമർശനാത്മകമായി ചിന്തിക്കാനുമുള്ള ശേഷിയാണ് വിദ്യാർഥികളിൽ വളർത്തേണ്ടത്. ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും മാനവിക ശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകളും ഉൾപ്പെടുത്തി സിലബസുകൾ ചുരുങ്ങിയത് ഓരോ മൂന്ന് വർഷം കൂടുമ്പോഴെങ്കിലും സമഗ്രമായ ഓഡിറ്റിംഗിന് വിധേയമാക്കണം. അക്കാദമിക് ലോകവും തൊഴിൽ വിപണിയും തമ്മിലുള്ള വിടവ് നികത്താൻ പ്രായോഗിക ജ്ഞാനത്തിന് പ്രാമുഖ്യം നൽകുന്ന രീതിയിലേക്ക് പാഠ്യപദ്ധതികളെ ഉടച്ചുവാർക്കേണ്ടതുണ്ട്. അതോടൊപ്പം അതിന് പ്രായോഗിക ജീവിതവുമായും മൂല്യബോധങ്ങളുമായും സംവദിക്കുന്ന ജീവിതോന്മുഖത ഉണ്ടായിരിക്കണം. ഓരോ വിഷയത്തെയും അതിന്റെ സാമൂഹിക പശ്ചാത്തലത്തിൽ പഠിപ്പിക്കാൻ നമുക്ക് കഴിയണം. ചരിത്രം പഠിക്കുമ്പോൾ അത് കേവലം യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും കണക്കെടുപ്പാകാതെ, സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥയാകണം. ശാസ്ത്രം പഠിക്കുമ്പോൾ അത് പ്രകൃതിയോടുള്ള യുദ്ധമല്ല, മറിച്ച് പ്രകൃതിയുമായുള്ള പൊരുത്തപ്പെടലാണെന്ന തിരിച്ചറിവ് വിദ്യാർഥിക്കുണ്ടാകണം.പരീക്ഷാ സമ്പ്രദായം: മൂല്യനിർണയത്തിന്റെ മനോരോഗങ്ങൾവർഷാവസാനം നടത്തുന്ന മൂന്ന് മണിക്കൂർ പരീക്ഷയിലൂടെ ഒരു വിദ്യാർഥിയുടെ സർവതോന്മുഖമായ കഴിവുകളെ അളക്കാൻ കഴിയുമെന്നത് വെറും മിഥ്യയാണ്. പരീക്ഷകൾ എന്നത് ഒരു ഭീതിയോ കടമ്പയോ ആകാതെ, പഠന പ്രക്രിയയുടെ ഭാഗമായുള്ള സ്വാഭാവിക വിലയിരുത്തലായി മാറണം. കേവലം മാർക്കുകൾക്ക് വേണ്ടിയുള്ള നെട്ടോട്ടം വിദ്യാർഥികളുടെ സർഗാത്മകതയെ കൊല്ലുകയാണ് ചെയ്യുന്നത്. ഗ്രേഡിംഗ് സമ്പ്രദായത്തിൽ മാറ്റം വരുത്തി, വിദ്യാർഥിയുടെ അഭിരുചി, ഗവേഷണ താല്പര്യം, പ്രായോഗിക നൈപുണ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന തുടർച്ചയായ മൂല്യനിർണയ (Continuous and Comprehensive Evaluation) രീതിക്ക് കൂടുതൽ ശാസ്ത്രീയമായ മുഖം നൽകണം. സെമസ്റ്റർ സമ്പ്രദായങ്ങളിലെ കാലതാമസവും ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വവും പരിഹരിക്കാൻ സാങ്കേതിക വിദ്യയുടെ പരമാവധി സഹായം ഉറപ്പുവരുത്തണം. സുദീർഘമായ പരീക്ഷാ കാലയളവും ഓരോ പരീക്ഷകളുടെയും ഇടയിലെ അനാവശ്യവും അശാസ്ത്രീയവുമായ ഇടവേളകളെയും വിമർശനാത്മകമായി പുനർപരിശോധിക്കേണ്ടതുണ്ട്. സ്കൂൾ കാലഘട്ടത്തിലേ ഇത് ശീലിക്കുക വഴി, ഉന്നതവിദ്യാഭ്യാസ തലങ്ങളിലും ഈ നിർജീവതയെ നിരുപാധികം സ്വീകരിക്കേണ്ട ഒരു ഗതികേട് നിലനിൽക്കുന്നുണ്ട്.അവധി ദിനങ്ങളും പഠന ക്രമവും: ജൈവികമായപുനക്രമീകരണംനമ്മുടെ വെക്കേഷൻ കാലയളവുകൾ പലപ്പോഴും കാലാവസ്ഥാ വ്യതിയാനങ്ങളെയും വിദ്യാർഥികളുടെ മാനസികാരോഗ്യം പരിഗണിച്ചുള്ള പഠനഭാരത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല എന്നത് ഗൗരവതരമായി ആലോചിക്കേണ്ട ഒരു വിഷയമാണ്. ഒരു ജനപക്ഷ സർക്കാരിന്, സാമ്പ്രദായികതയുടെ അനാവശ്യമായ കീഴ്‌വഴക്കങ്ങളിൽ നിന്നും വിടുതി നേടി, വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസുരക്ഷക്കും താത്പര്യത്തിനുമൊപ്പം നിൽക്കാൻ സാധിക്കണം. വേനൽക്കാലത്തെ കഠിനമായ ചൂടിൽ അടച്ചിട്ട ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്നത് വിദ്യാർഥികളുടെ ഏകാഗ്രതയെ ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ ക്വാർട്ടർ സെമസ്റ്ററുകളോ മറ്റോ ആലോചിക്കാവുന്നതാണ്. പഠനകാലയളവിനിടയിൽ കൃത്യമായ ഇടവേളകൾ നൽകുന്നതിലൂടെ വിജ്ഞാനത്തെ ഉൾക്കൊള്ളാനുള്ള മസ്തിഷ്കത്തിന്റെ ശേഷി വർധിപ്പിക്കാൻ സാധിക്കും. വെക്കേഷൻ എന്നത് പഠനത്തിൽ നിന്നുള്ള പൂർണമായ വിച്ഛേദമാകരുത്, മറിച്ച് അത് പാഠ്യേതര വിഷയങ്ങളിലും സാമൂഹിക സേവനങ്ങളിലും ഏർപ്പെടാനുള്ള സർഗാത്മകമായ ഇടവേളകളായി മാറണം.ഡിജിറ്റൽ നീതിയും അക്കാദമിക് ജനാധിപത്യവുംവിദ്യാഭ്യാസം എന്നത് ഒരു പൊതുമുതലാണ്. ആധുനികമായ എല്ലാ പഠന സൗകര്യങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും പ്രാപ്യമാകുന്ന രീതിയിൽ അക്കാദമിക് സോഷ്യലിസം നടപ്പിലാക്കണം. സ്മാർട്ട് ക്ലാസ് റൂമുകൾ എന്നത് കേവലം പ്രൊജക്ടറുകളിൽ ഒതുങ്ങരുത്. ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറികളും ജേണലുകളും എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലഭ്യമാക്കുന്ന ഡിജിറ്റൽ ഹബ്ബുകളായി കലാലയങ്ങൾ മാറണം. അതോടൊപ്പം, കാമ്പസുകളിലെ ജനാധിപത്യം എന്നത് കേവലം രാഷ്ട്രീയ സംഘർഷങ്ങളല്ല, മറിച്ച് അക്കാദമിക് സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സുന്ദരമായ ഇടങ്ങളായിരിക്കണം.പുതിയ കാലം ആവശ്യപ്പെടുന്നത് സാങ്കേതികമായ തികവാണ്. എന്നാൽ സാങ്കേതിക വിദ്യ എന്നത് ഒരു ഉപരിവർഗ ആഡംബരമായി മാറാതെ, ഗ്രാമങ്ങളിലെ സാധാരണക്കാരനായ വിദ്യാർഥിയിലേക്കും അതിന്റെ ഗുണഫലങ്ങൾ എത്തുന്ന ഡിജിറ്റൽ സമത്വം ഉറപ്പുവരുത്തണം. ഡിജിറ്റൽ സാക്ഷരതയ്ക്കപ്പുറം, വിവരങ്ങളുടെ അതിപ്രസരത്തിൽ സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനുള്ള മീഡിയ ലിറ്ററസി പാഠ്യപദ്ധതിയുടെ ഭാഗമാകണം. സാങ്കേതിക വിദ്യയെ ഒരു ഉപകരണമായി മാത്രം കാണാതെ, അതിനെ എങ്ങനെ സർഗാത്മകമായും ധാർമികമായും ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏറ്റെടുക്കാനുള്ള ശേഷി വിദ്യാർഥി പ്രസ്ഥാനങ്ങൾക്കുണ്ടാകണം. ലോകനിലവാരത്തിലുള്ള കോഴ്സുകളും വിദേശ സർവകലാശാലകളിലെ അറിവുകളും നമ്മുടെ വിരൽത്തുമ്പിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ ലൈബ്രറികളും പ്ലാറ്റ്‌ഫോമുകളും സർക്കാർ തലത്തിൽ തന്നെ വിപുലീകരിക്കപ്പെടണം. അത്തരം സംവിധാനങ്ങളെയും സാധ്യതകളെയും വിദ്യാർഥികളെ നന്നായി ബോധ്യപ്പെടുത്തുകയും ക്രിയാത്മകമായി അവരുടെ വിഭവശേഷി പ്രയോഗിക്കുകയും വേണം.നമ്മുടെ കുട്ടികൾ പഠിക്കുന്നത് അറിയാനല്ല, മറിച്ച് പരീക്ഷ എഴുതാനാണ്, എന്നൊരു ഭാവം അദൃശ്യമായെങ്കിലും നിലനിൽക്കുന്നുണ്ട്. അപകടകരമായ ഈ മനോഭാവം മാറണം. പരീക്ഷാ ഫലങ്ങളേക്കാൾ ജ്ഞാനാർജന പ്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രീതി നാം അവലംബിക്കണം. പ്രായോഗികമായ പ്രോജക്ടുകൾ, സാമൂഹികാന്വേഷണങ്ങൾ, ഫീൽഡ് വർക്കുകൾ എന്നിവയ്ക്ക് തിയറി പരീക്ഷകളേക്കാൾ വെയ്റ്റേജ് നൽകണം. പരാജയപ്പെടുമെന്ന ഭയമില്ലാതെ അറിവിനെ ആസ്വദിക്കാൻ കുട്ടികൾക്ക് കഴിയണം. തോൽവി എന്നത് ഒരു അന്ത്യമല്ലെന്നും അത് പഠനത്തിന്റെ മറ്റൊരു ഘട്ടം മാത്രമാണെന്നും ബോധ്യപ്പെടുത്തുന്ന ഒരു മനഃശാസ്ത്രപരമായ സമീപനം വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം.മാനസികാരോഗ്യം: അവഗണിക്കപ്പെട്ട അധ്യായംഅധ്യാപകൻ എന്നത് വിവരം വിതരണം ചെയ്യുന്ന ഒരു യന്ത്രമല്ല. അയാൾ ഒരു വഴികാട്ടിയും പ്രചോദകനുമാകണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ചെയ്യാൻ കഴിയാത്ത ഒന്നേയുള്ളൂ, അത് മനുഷ്യസ്പർശം ആണ്. ഈ സ്പർശമാണ് വിദ്യാഭ്യാസത്തിന്റെ ആത്മാവ്. അധ്യാപകർക്ക് പുതിയ കാലത്തെ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നതോടൊപ്പം തന്നെ, വിദ്യാർഥികളുടെ മാനസിക വ്യാപാരങ്ങളെ തിരിച്ചറിയാനുള്ള എംപതി പരിശീലനവും നൽകേണ്ടതുണ്ട്. കലാലയങ്ങളിലെ ലിംഗവിവേചനവും വരേണ്യബോധവും അവസാനിപ്പിക്കാൻ അധ്യാപകർക്ക് ജനാധിപത്യപരമായ ഒരു കാഴ്ചപ്പാടുണ്ടാകണം.വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യാ പ്രവണതകളും അതീവ ഗൗരവത്തോടെ കാണണം. ഓരോ വിദ്യാലയത്തിലും പ്രൊഫഷണൽ കൗൺസിലിംഗ് സംവിധാനങ്ങൾ ഉറപ്പാക്കണം. മത്സരബുദ്ധിയല്ല, മറിച്ച് സഹകരണമാണ് വളരേണ്ടതെന്ന ബോധം കുട്ടികളിൽ വളർത്തണം. കലാലയങ്ങൾ മാനസിക ഉല്ലാസത്തിന്റെയും ആത്മപ്രകാശനത്തിന്റെയും ഇടങ്ങളായി മാറണം.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു സമ്പൂർണ ശസ്ത്രക്രിയയാണ് കാലം ആവശ്യപ്പെടുന്നത്. അത് കേവലം ഭരണപരമായ മാറ്റങ്ങളല്ല, മറിച്ച് ബോധപരമായ ഒരു മാറ്റമാണ്. അറിവിനെ അധികാരത്തിന്റെ ഉപകരണമായി കാണാതെ, അത് സ്നേഹത്തിന്റെയും സമത്വത്തിന്റെയും വിളക്കായി മാറ്റാൻ നമുക്ക് കഴിയണം.



