SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
General Secretary
June 10, 2026
2 min read

സമസ്ത: സമഗ്രതയുടെ സഞ്ചാരം

samastha sensorium
Author
ഡോ. അബൂബക്കർ ടി

മാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ജീവിത സംഹിതയാണ് ഇസ്‌ലാം. ഈ സവിശേഷമായ സ്വഭാവമാണ് കാലങ്ങളും ദേശങ്ങളും കടന്ന മതത്തെ അതിന്റെ തനതായ സ്വഭാവത്തിൽ നിലനിർത്തുന്നത്. അത് കൊണ്ട് തന്നെ ഇസ്‌ലാം ഒരു നിർദ്ദിഷ്ട കാലഘട്ടത്തിലോ ഭൂപ്രദേശത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു വ്യവസ്ഥയല്ല. വ്യത്യസ്ത സാഹചര്യങ്ങളോട് ചേർന്ന് സ്വീകരിക്കേണ്ട സമീപന രീതികളിലെ വ്യക്തത തികച്ചും വൈജ്ഞാനികമായ പ്രക്രിയ ആകയാൽ പണ്ഡിതന്മാരിലൂടെ തന്നെയാകണം മതത്തിന്റെ അന്തസത്ത കൈമാറ്റം ചെയ്യപ്പെടേണ്ടത്. വ്യത്യസ്ത സാഹചര്യങ്ങളിലെ മതപ്രയോഗത്തിന്റെ കൃത്യമായ രീതിശാസ്ത്രം പണ്ഡിതലോകത്തുണ്ട്. നിസ്വാർത്ഥമായ സമീപനത്തിൽ ഈ വഴിയേ ധന്യമാക്കുന്ന അനേകം പണ്ഡിതരുടെ ജീവിതമാണ് ഇന്നും ഇസ്ലാമായി നാം അനുഭവിക്കുന്നത്. സ്പർശിക്കുന്ന സർവതലങ്ങളെയും പരിഗണിക്കുന്ന സമഗ്രദൃഷ്ടികോണുകൾ പണ്ഡിത സ്വഭാവത്തിന്റെ അനിവാര്യ ഘടകമാണ്. വരട്ടുതത്ത്വവാദങ്ങൾക്കോ തീവ്ര ചിന്താഗതികൾക്കോ ഇവിടെ സ്ഥാനമില്ല. പശ്ചാത്തലങ്ങളെ കൃത്യമായി വായിച്ചെടുക്കാനും ഇസ്‌ലാമിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ പ്രമാണങ്ങളെ മനസ്സിലാക്കാനും അഗാധ ജ്ഞാനവും ദീർഘവീക്ഷണവുമുള്ള പണ്ഡിതർക്കെ സാധിക്കൂ. ഇസ്‌ലാമിന്റെ ഈ ‘സമഗ്ര സ്വഭാവം’ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെട്ടത് യോഗ്യരായ പണ്ഡിതന്മാരിലൂടെയാണ്. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും അടങ്ങിയിരിക്കുന്ന ആഴമേറിയ ആശയങ്ങളെയും അതിന്റെ ചരിത്രപരമായ പശ്ചാത്തലങ്ങളെയും കാലികമായി സമന്വയിപ്പിക്കാൻ ഓരോ കാലത്തെയും ദേശങ്ങളിലെയും പണ്ഡിതർക്ക് സാധിക്കുമ്പോഴാണ് ഇസ്ലാമിന്റെ യഥാർത്ഥ സൗന്ദര്യം ദൃശ്യമാകുക. പ്രവാചകനിൽ നിന്നും സ്വഹാബത്തിൽ നിന്നും ആരംഭിച്ച്, താബിഉകളും ഇമാമുമാരും വഴി കണ്ണി മുറിയാതെ അത്തരം പണ്ഡിതരാൽ കൈമാറ്റം ചെയ്യപ്പെട്ട ഇസ്ലാമിന്റെ തനത് രൂപമാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ. തീവ്രതയിലേക്കോ ജീർണതയിലേക്കോ വഴിമാറിപ്പോകാതെ ഇസ്‌ലാമിക ഉമ്മത്തിനെ നേർവഴിക്ക് നയിച്ചത് ഈ പാരമ്പര്യ ചിന്താധാരയാണ്.സ്വഹാബയുടെ കാലത്ത് മുതൽ തന്നെ ഇസ്‌ലാം അനുഭവിച്ച കേരളത്തിന്റെ മണ്ണിൽ ഈ മഹത്തായ അഹ്‌ലുസ്സുന്ന പാരമ്പര്യത്തിന്റെ ജീവസ്സുറ്റ തുടർച്ചയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. നൂറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന മതപരവും സാംസ്കാരികവുമായ വ്യക്തിത്വത്തെ സംരക്ഷിക്കുന്നതിനായി 1926-ലാണ് സമസ്ത രൂപീകൃതമാകുന്നത്. അക്കാലത്ത് ഉയർന്നുവന്ന നവീകരണ വാദങ്ങൾക്കും അപചയങ്ങൾക്കും എതിരെ, പരമ്പരാഗത ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെ മുറുകെപ്പിടിച്ചുകൊണ്ട് സമസ്ത രംഗത്തുവന്നു.കേരളത്തിന്റെ സവിശേഷമായ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തെ കൃത്യമായി വിലയിരുത്താൻ സമസ്തയുടെ മുൻഗാമികളായ പണ്ഡിതന്മാർക്ക് സാധിച്ചു. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ, ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ അവർ സമൂഹത്തെ പ്രാപ്തരാക്കി. സമസ്ത രൂപംനൽകിയ വ്യവസ്ഥാപിതമായ മദ്രസാ പ്രസ്ഥാനം ഇതിനൊരു മികച്ച ഉദാഹരണമാണ്. വിപ്ലവകരമായ ഈ വിദ്യാഭ്യാസ രീതിയിലൂടെ, ഇസ്‌ലാമിന്റെ സമഗ്രമായ ജ്ഞാനപാരമ്പര്യം പുതിയ തലമുറകളിലേക്ക് വിജയകരമായി കൈമാറാൻ സമസ്തയ്ക്ക് സാധിച്ചു.ചുരുക്കത്തിൽ, ഇസ്‌ലാമിക പ്രമാണങ്ങളെ അതിന്റെ ശരിയായ പശ്ചാത്തലത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സമസ്ത കാണിച്ച പണ്ഡിതോചിതമായ ജാഗ്രതയാണ് കേരളത്തിലെ മുസ്‌ലിം സമൂഹത്തെ സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തിച്ചത്. പ്രവാചക പാരമ്പര്യത്തിന്റെ ആധികാരികമായ തുടർച്ചയായി നിലകൊള്ളുന്ന സമസ്ത, ഇന്നും മാറിയ സാഹചര്യങ്ങളിൽ ഇസ്‌ലാമിക ദർശനത്തെ അതിന്റെ തനിമയോടെ കാത്തുസൂക്ഷിക്കുന്നതിൽ അദ്വിതീയമായ ദൗത്യമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഈ തുടർച്ചയിൽ ഇനിയും യോഗ്യരായ പണ്ഡിതരുണ്ടാകണം. കാലങ്ങൾക്കപ്പുറം കടന്ന് അറിവന്വേഷിച്ച് സമൂഹത്തെ വഴിനടത്താൻ ജ്ഞാനികൾക്ക് തുടർച്ച ഉണ്ടാകണം. ഈ ശ്രമങ്ങൾക്ക് വേഗത പകരുന്ന വിവിധ സെഷനുകളും പഠനങ്ങളുമാണ് ഇസ്‌ലാമിക് സ്റ്റുഡന്റസ് സെൻസോറിയം എന്ന പേരിൽ ജൂൺ 11,12 തിയ്യതികളിൽ തൃശ്ശൂരിൽ വെച്ച് നടക്കുന്നത്.

Share this article
More Articles

More Articles

View All →
നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം
General Secretary
ഡോ. അബൂബക്കർ ടി•Jul 10, 2026

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം

ജൂലൈ 7 ന് വയനാട് കള്ളാടിയിൽ, ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണം നടക്കുന്നിടത്ത് ഒരു മലയിടിഞ്ഞു. കാണാതായവരുടെയും മരണപ്പെട്ടവരുടെയും വാർത്തകൾ വന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസ് മണ്ണിനടിയിൽ ഒലിച്ചുപോയി. ബിഹാറിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ജീവിതം തേടിയെത്തിയ അതിഥി തൊഴിലാളികളാണ് മണ്ണിനടിയിൽ …

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?
General Secretary
ഡോ. അബൂബക്കർ ടി•Jul 7, 2026

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?

സെൻസസ് എന്നത് രാജ്യത്തിന് അനിവാര്യമായ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്നത് ശരിതന്നെ. പക്ഷേ ആ ഉത്തരവാദിത്തം നിറവേറ്റാൻ, ഒരു തലമുറയുടെ വിദ്യാഭ്യാസം ബലികൊടുക്കേണ്ടി വരുന്നത് ആസൂത്രണത്തിന്റെ പരാജയമല്ലാതെ മറ്റെന്താണ്? സെൻസസ് ജോലികൾക്കായി സ്‌കൂൾ അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ അധ്യയനം പൂർണമായും …

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്
General Secretary
ഡോ. അബൂബക്കർ ടി•Jun 19, 2026

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്

ഫാരൻഹീറ്റ് 451 എന്ന പുസ്തകം എഴുതിയത് റേ ബ്രാഡ്ബറിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് നിരോധിച്ച ഒരു ഭാവികാല സമൂഹത്തിലെ ഫയർമാൻ ആണ് മൊണ്ടാഗ്. പുസ്തകങ്ങൾ കണ്ടെത്തുകയും അവ കത്തിച്ചുകളയുകയുമാണ് ഭരണകൂടം നൽകിയ അയാളുടെ ജോലി. എന്നാൽ, യാദൃച്ഛികമായി ഒരു പുസ്തകം വായിക്കാൻ ഇടവരുന്നതോടെ …