SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
General Secretary
June 2, 2026
3 min read

ഓപ്പറേഷൻ തൂഫാൻ; പ്രതീക്ഷയുടെ ജനകീയ പ്രതിരോധം

ഓപ്പറേഷൻ തൂഫാൻ; പ്രതീക്ഷയുടെ ജനകീയ പ്രതിരോധം
Author
ഡോ. അബൂബക്കർ ടി

കേരളത്തിന്റെ സാമൂഹിക ഭദ്രതയെയും വരുംതലമുറയുടെ ആരോഗ്യത്തെയും കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ അത്യന്തം പ്രസക്തവും കാലോചിതവുമായ ചുവടുവെപ്പാണ്. ഒരു ജനതയുടെ സാംസ്‌കാരിക ബോധ്യങ്ങളെയും ധാർമിക അടിത്തറയെയും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചനം നേടുക എന്നത് കേവലം ഒരു ഭരണകൂട ബാധ്യതയല്ല. ഒരു നാഗരികതയുടെ ആത്മവീര്യം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടെയാണ്. വിദ്യാലയങ്ങൾ അറിവിന്റെ അക്ഷരമുറ്റങ്ങളിലേക്ക് കുട്ടികളെ സ്വീകരിക്കുന്ന ഈ വേളയിൽ തന്നെ ഇത്തരമൊരു ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അറിവ് വെളിച്ചമാണെങ്കിൽ, ലഹരി എന്നത് ആ വെളിച്ചത്തെ വിഴുങ്ങുന്ന അന്ധകാരമാണ്. ഈ അന്ധകാരത്തെ മുറിച്ചുനീക്കാൻ പ്രഖ്യാപിച്ച പദ്ധതി പുതിയ കാലത്തിന്റെ അനിവാര്യതയാണ്.നന്മയുള്ള വിദ്യാർഥി സമൂഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുകയും ആ വലിയ ദൗത്യത്തിൻ്റെ കർമനൈരന്തര്യത്തിൽ മുന്നോട്ട് പോവുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് എസ് എസ് എഫിന് വലിയ സന്തോഷമുണ്ട്. സമൂഹത്തിന് സംഭവിച്ചേക്കാവുന്ന സകല അപചയങ്ങൾക്കും മുന്നിൽ നിതാന്ത ജാഗ്രതയോടെ ഈ പ്രസ്ഥാനം കണ്ണുതുറന്നിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. തൊള്ളായിരത്തി എഴുപതുകൾക്ക് ശേഷം കാമ്പസിലെ യുവത്വവും വിദ്യാർഥി പ്രസ്ഥാനങ്ങളും കേരളത്തിൻ്റെ സംസ്കാരിക നിലവാരങ്ങൾക്ക് കുറുകെ ഒരു സമാന്തര ഭീഷണിയായി വളർന്ന ഘട്ടത്തിലും സാഹസികമായ ഉത്തരവാദിത്വങ്ങളുമായി മുന്നിൽ നടക്കാൻ എസ് എസ് എഫിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാർഥികളെ, അവരുടെ സമ്പന്നമായ വിഭവശേഷിയെ കാണാൻ കഴിഞ്ഞതും അവയെ സമർത്ഥമായി ഈ രാജ്യത്തിൻ്റെ നിർമാണാത്മക മുന്നേറ്റങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമാണ് എസ് എസ് എഫിനെ നയിച്ചത്. കൃത്യമായ ഘട്ടങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകളുമായി സംഘടന രംഗത്തുണ്ടായിരുന്നു. പാൻ മസാലക്കെതിരെ തീർത്ത പ്രതിരോധവും,‘ലഹരി-അധികാരികളേ,നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ കഴിഞ്ഞ വർഷം നടത്തിയ വിദ്യാർത്ഥി പ്രക്ഷോഭ പരിപാടികളും അവയിൽ ചിലതു മാത്രമാണ്.അതിനേക്കാളുപരി, സാമൂഹികമായ മൂലധനങ്ങളായി ഈ വിദ്യാർഥികളുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള സാധ്യതകളെയാണ് സംഘടന അന്വേഷിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട്, മറ്റാരേക്കാളും എസ് എസ് എഫിന് ഈ പദ്ധതിയെ സ്വീകരിക്കാൻ കഴിയും.ലഹരി മാഫിയകൾ വിദ്യാലയ മുറ്റങ്ങളിലേക്ക് വിഷത്തിന്റെ വലയെറിയുന്ന ഈ സന്നിഗ്ധ ഘട്ടത്തിൽ, കേവലം നിയമപാലനം കൊണ്ട് മാത്രം ഈ വിപത്തിനെ നേരിടാനാവില്ല എന്ന തിരിച്ചറിവാണ് ഓപ്പറേഷൻ തൂഫാൻ മുന്നോട്ട് വെക്കുന്നത്. ലഹരി കേവലം ഒരു രാസവസ്തു മാത്രമല്ല. മറിച്ച് മനുഷ്യമനസ്സുകളുടെ സർഗാത്മകതയെയും ആത്മബോധത്തെയും തളർത്തുന്ന ഒരു പ്രതിസംസ്കാരം കൂടിയാണ്. ചിന്താശേഷിയുള്ള ഒരു തലമുറയെ വെറും ജഡങ്ങളാക്കി മാറ്റുന്ന ഈ കച്ചവടതന്ത്രത്തെ പരാജയപ്പെടുത്താൻ നിയമപുസ്തകങ്ങളിലെ വകുപ്പുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു കവചം നമുക്ക് ആവശ്യമുണ്ട്. ശിക്ഷയേക്കാൾ ജാഗ്രതയ്ക്കും കുറ്റപ്പെടുത്തലിനേക്കാൾ കരുതലിനും മുൻഗണന നൽകുന്ന നിർമാണാത്മകമായ ഒരു തലത്തിലാണ് ഈ പദ്ധതി നിലയുറപ്പിക്കുവാൻ കഴിയുക.ഈ ദാർശനിക പശ്ചാത്തലത്തിലാണ് ‘കൗമാരം കരുതലിലാവണം’ എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. നഗര കേന്ദ്രീകൃതമായ അധോലോകങ്ങളിൽ നിന്ന് ഗ്രാമീണ വിശുദ്ധിയിലേക്ക് പടരുന്ന ഈ വിഷം, വാസ്തവത്തിൽ നമ്മുടെ വീടുകളിലെ വിളക്കുകളെയാണ് കെടുത്തുന്നത്. ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ആകുലതകളെ കേൾക്കാനും അവരുടെ മക്കളെ മരണത്തിന്റെ വ്യാപാരികളിൽ നിന്ന് സംരക്ഷിക്കാനും ഈ നാർക്കോ ഹണ്ടിന് കഴിയേണ്ടതുണ്ട്. വേട്ടയാടപ്പെടേണ്ടത് ഇരകളായ കുട്ടികളല്ല, മറിച്ച് ലഹരിയുടെ വിത്തുവിതയ്ക്കുന്ന ഇരുട്ടിന്റെ ശക്തികളാണ്.ലഹരിയുടെ വിതരണ ശൃംഖലയെ കേവലം മുറിച്ചുമാറ്റുകയല്ല, മറിച്ച് അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ മണ്ണിൽ നിന്ന് അതിനെ പിഴുതെറിയുകയാണ് വേണ്ടത്. വിദ്യാലയ പരിസരങ്ങളെ തങ്ങളുടെ വിപണിയാക്കുന്ന ഏജന്റുമാരെ നിയമത്തിന് മുന്നിലെത്തിക്കുമ്പോൾ, നാം യഥാർഥത്തിൽ ചെയ്യുന്നത് ഒരു തലമുറയുടെ സ്വപ്നങ്ങൾക്ക് കാവൽ നിൽക്കുകയാണ്. ലഹരി നൽകുന്ന താൽക്കാലികമായ ഉന്മാദം ശാശ്വതമായ നാശമാണെന്ന ബോധ്യം ഓരോ കുഞ്ഞുമനസ്സിലും ഉറപ്പിക്കാൻ നമുക്ക് സാധിക്കണം. ഈ ബോധവൽക്കരണം ഒരു ഔദ്യോഗിക ചടങ്ങല്ല. മറിച്ച് വരുംതലമുറയോടുള്ള നമ്മുടെ ചരിത്രപരമായ കടമയാണ്. വിദ്യാലയ മുറ്റങ്ങളിലേക്ക് ലഹരി മാഫിയകൾ കണ്ണെറിയുന്ന ഈ കാലഘട്ടത്തിൽ, നിയമപാലകരും പൊതുസമൂഹവും ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.ലഹരിക്ക് അടിമപ്പെട്ടവരെ വെറുമൊരു കുറ്റവാളിയായി കാണാതെ, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തദ്ദേശീയമായ സർക്കാർ അംഗീകൃത കൗൺസിലിംഗ് സെൻ്ററുകൾ ആരംഭിക്കുക. നിലവിൽ ഇത്തരം കാര്യങ്ങളിൽ വെഫി പോലെയുള്ള സംഘങ്ങളെ പ്രതിരോധ ചലനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം. ലഹരിക്ക് പകരമായി സാമൂഹികമായ പദ്ധതികളെ ടാർഗറ്റ് ചെയ്യുന്ന ക്ലബ്ബുകൾ, പ്രസ്ഥാനങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക. വൈകുന്നേരങ്ങളിൽ കുട്ടികളെ സർഗാത്മകമായി തിരക്കുള്ളവരാക്കി മാറ്റുന്നത് ലഹരിയിലേക്കുള്ള ആകർഷണം കുറയ്ക്കും. മക്കളുടെ സ്വഭാവ മാറ്റങ്ങൾ തിരിച്ചറിയാൻ രക്ഷിതാക്കളെ, പ്രത്യേകിച്ച് അമ്മമാരെ ബോധവൽക്കരിക്കുന്ന സെഷനുകൾ സംഘടിപ്പിക്കുക.ഇന്ന് ലഹരി ഇടപാടുകൾ പലതും സോഷ്യൽ മീഡിയ വഴിയും ഡാർക്ക് വെബ് വഴിയുമാണ് നടക്കുന്നത്. ഇത് തടയാൻ പോലീസിൻ്റെ സൈബർ വിംഗ് വിപുലീകരിക്കുകയും ലഹരി വിരുദ്ധ സ്ക്വാഡുമായി ചേർന്ന് പ്രവർത്തിപ്പിക്കുകയും ചെയ്യുക.വിദ്യാലയങ്ങളുടെ 500 മീറ്റർ ചുറ്റളവ് സീറോ ടോളറൻസ് സോൺ ആയി പ്രഖ്യാപിക്കുക. ഇവിടങ്ങളിൽ ലഹരി വസ്തുക്കളോ പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുക. ഓരോ സ്‌കൂളിലും കോളേജിലും വിദ്യാലയ പരിസരത്തെ അസ്വാഭാവിക ചലനങ്ങൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരും പോലീസും വിദ്യാർഥി പ്രതിനിധികളും അടങ്ങുന്ന ജാഗ്രത സമിതികൾ രൂപീകരിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരോ ഐഡൻ്റിറ്റിയോ വെളിപ്പെടുത്താതെ ലഹരി ഇടപാടുകളെ കുറിച്ച് പോലീസിനെ അറിയിക്കാൻ ഒരു പ്രത്യേക മൊബൈൽ ആപ്പ് അല്ലെങ്കിൽ വാട്സാപ്പ് നമ്പർ സജ്ജമാക്കുക. വിദ്യാർഥികൾക്ക് പേടി കൂടാതെ വിവരങ്ങൾ കൈമാറാൻ ഇത് സഹായിക്കും.ലഹരിക്കെതിരെയുള്ള പോരാട്ടം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. മാതാപിതാക്കൾ, അധ്യാപകർ, സാംസ്‌കാരിക പ്രവർത്തകർ,വിദ്യാർഥി സംഘടനകൾ എന്നിവർ ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ മാത്രമേ ലഹരിമുക്ത കേരളം എന്ന സ്വപ്നം യാഥാർഥ്യമാകൂ എന്ന തിരിച്ചറിവ് ഇപ്പോൾ അനിവാര്യമായും മലയാളിക്കുണ്ടായിരിക്കണം. ഇത്തരം മുന്നേറ്റങ്ങൾക്ക് കൂടെ നിൽക്കാൻ കഴിയാതെ നമ്മളോട് തന്നെ തോറ്റവരായി മാറരുത് നമ്മൾ.

Share this article
More Articles

More Articles

View All →
നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം
General Secretary
ഡോ. അബൂബക്കർ ടി•Jul 10, 2026

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം

ജൂലൈ 7 ന് വയനാട് കള്ളാടിയിൽ, ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണം നടക്കുന്നിടത്ത് ഒരു മലയിടിഞ്ഞു. കാണാതായവരുടെയും മരണപ്പെട്ടവരുടെയും വാർത്തകൾ വന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസ് മണ്ണിനടിയിൽ ഒലിച്ചുപോയി. ബിഹാറിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ജീവിതം തേടിയെത്തിയ അതിഥി തൊഴിലാളികളാണ് മണ്ണിനടിയിൽ …

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?
General Secretary
ഡോ. അബൂബക്കർ ടി•Jul 7, 2026

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?

സെൻസസ് എന്നത് രാജ്യത്തിന് അനിവാര്യമായ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്നത് ശരിതന്നെ. പക്ഷേ ആ ഉത്തരവാദിത്തം നിറവേറ്റാൻ, ഒരു തലമുറയുടെ വിദ്യാഭ്യാസം ബലികൊടുക്കേണ്ടി വരുന്നത് ആസൂത്രണത്തിന്റെ പരാജയമല്ലാതെ മറ്റെന്താണ്? സെൻസസ് ജോലികൾക്കായി സ്‌കൂൾ അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ അധ്യയനം പൂർണമായും …

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്
General Secretary
ഡോ. അബൂബക്കർ ടി•Jun 19, 2026

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്

ഫാരൻഹീറ്റ് 451 എന്ന പുസ്തകം എഴുതിയത് റേ ബ്രാഡ്ബറിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് നിരോധിച്ച ഒരു ഭാവികാല സമൂഹത്തിലെ ഫയർമാൻ ആണ് മൊണ്ടാഗ്. പുസ്തകങ്ങൾ കണ്ടെത്തുകയും അവ കത്തിച്ചുകളയുകയുമാണ് ഭരണകൂടം നൽകിയ അയാളുടെ ജോലി. എന്നാൽ, യാദൃച്ഛികമായി ഒരു പുസ്തകം വായിക്കാൻ ഇടവരുന്നതോടെ …