SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
General Secretary
May 12, 2026
2 min read

നീറ്റ് ക്രമക്കേട്; അറിവിനു മുകളിൽ പുതിയ തരം ഫ്യൂഡലിസം

നീറ്റ് ക്രമക്കേട്; അറിവിനു മുകളിൽ പുതിയ തരം ഫ്യൂഡലിസം
Author
ഡോ. അബൂബക്കർ ടി

പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ചോരുകയും ലക്ഷങ്ങൾ വാങ്ങി അത് വിതരണം ചെയ്യുകയും ചെയ്തു. പരീക്ഷാ കേന്ദ്രങ്ങളിലെ സമയനഷ്ടം എന്ന സാങ്കേതിക കാരണം പറഞ്ഞ് 1563 വിദ്യാർത്ഥികൾക്ക് എൻ.ടി.എ ഏകപക്ഷീയമായി ഗ്രേസ് മാർക്ക് നൽകി. ഇതിൻ്റെ കൃത്യമായ മാനദണ്ഡം ഇന്നും വ്യക്തമല്ല. ഈ ഗ്രേസ് മാർക്ക് പരീക്ഷയുടെ റാങ്ക് പട്ടികയെ അട്ടിമറിച്ചു. ഒരേ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എട്ട് വിദ്യാർത്ഥികൾക്ക് വരെ ഒന്നാം റാങ്ക് ലഭിച്ചു.

ഇത്, നീറ്റ് പരീക്ഷയെക്കുറിച്ചുള്ള കഴിഞ്ഞ വർഷങ്ങളിലെ നമ്മുടെ അനുഭവങ്ങളാണ്. എൻ.ടി.എ എന്ന കേന്ദ്ര ഏജൻസിയുടെ സുരക്ഷാ സംവിധാനങ്ങളെ ഒരു മാഫിയാ സംഘം പൂർണ്ണമായും കീഴ്പ്പെടുത്തി എന്നതിൻ്റെ തെളിവാണ്. അറിവിനെ ജനാധിപത്യ വൽക്കരിക്കുന്നതിന് പകരം,അറിവിൻ്റെ മുകളിൽ ഒരു പുതിയ തരം ഫ്യൂഡലിസം അടിച്ചേൽപ്പിക്കപ്പെടുകയാണ്. പണമില്ലാത്തവന് അറിവ് നിഷേധിക്കപ്പെടുന്ന, അല്ലെങ്കിൽ അറിവ് മോഷ്ടിക്കപ്പെടുന്ന ഒരു ദുരവസ്ഥ രൂപപ്പെടുന്നു. മെറിറ്റ് എന്നത് കഠിനാധ്വാനത്തിൻ്റെ ഫലമല്ല, കൃത്യമായ പ്ലാനിംഗിലൂടെ വാങ്ങാൻ കഴിയുന്ന ഒരു ചരക്കാണ് എന്ന അദൃശ്യ സമവാക്യം ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികൾ ഒരു മുറിയിൽ അടച്ചിരുന്ന് പഠിക്കുമ്പോൾ, അധികാരത്തിൻ്റെ ഇടനാഴികളിൽ ചോദ്യപേപ്പറുകൾ ലേലം വിളിക്കപ്പെടുന്നു.

നമ്മുടെ നഗരങ്ങളിൽ തഴച്ചുവളരുന്ന ബ്രാൻഡ് ചെയ്യപ്പെട്ട കോച്ചിംഗ് കേന്ദ്രങ്ങൾ യഥാർത്ഥത്തിൽ സമാന്തര ഭരണകൂടങ്ങളായി മാറിയിരിക്കുന്നു. അവർക്കുവേണ്ടി നിയമങ്ങൾ നിർമ്മിക്കപ്പെടുകയും അവർക്കുവേണ്ടി പരീക്ഷാ തീയതികൾ പോലും നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. ഈ സമാന്തര സാമ്രാജ്യമാണ് യഥാർത്ഥത്തിൽ ജനാധിപത്യപരമായ വിദ്യാഭ്യാസത്തെ ശ്വാസം മുട്ടിക്കുന്നത്.കോടിക്കണക്കിന് രൂപ മറിയുന്ന കോച്ചിംഗ് മാഫിയകളും പരീക്ഷാ മാഫിയകളും ഒരേ ദിശയിലേക്കാണ് നടക്കുന്നത്.

വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടിക്കു പുറമേ, വ്യവസ്ഥിതിയോടുള്ള കടുത്ത അവിശ്വാസത്തെ കൂടെ അതിജീവിക്കേണ്ടി വരുന്നു.അറിവ് നേടാനുള്ള അവകാശം അക്കൗണ്ടിലെ ബാലൻസിന് അനുസരിച്ചായി മാറുമ്പോൾ,നമ്മൾ സ്വപ്നം കാണുന്ന ഭാവി എത്ര ഭീകരമായിരിക്കും. പണമുള്ളവന് ഡോക്ടറാകാൻ വഴിവിട്ട മാർഗങ്ങൾ തുറന്നുകൊടുക്കുന്നതിലൂടെ നാം നിർമ്മിച്ചെടുക്കുന്ന ആരോഗ്യരംഗം എത്രമാത്രം അപകടകരമായിരിക്കും എന്നത് ആലോചിക്കേണ്ടതുണ്ട്.

‘ഒരൊറ്റ രാജ്യം, ഒരൊറ്റ പരീക്ഷ’ എന്ന മുദ്രാവാക്യം ഭരണപരമായി നടപ്പിലാക്കുമ്പോൾ, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ഒരു കേന്ദ്രീകൃത സർവ്വറിലോ ഓഫീസിലോ ബന്ധിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. അവിടെയുണ്ടാകുന്ന ഒരു ചെറിയ അഴിമതി പോലും രാജ്യം മുഴുവൻ ബാധിക്കുന്ന മഹാമാരിയായി മാറുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കിയതിലൂടെ അഴിമതി കണ്ടെത്താനുള്ള പ്രാദേശിക സാധ്യതകളെ സർക്കാർ തന്നെ അടച്ചു കളയുകയായിരുന്നു.

പരീക്ഷാ നടത്തിപ്പിൻ്റെ മുഴുവൻ ഉത്തരവാദിത്തവും പേറുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമല്ല,മറിച്ച് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്. ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത വിധം സുതാര്യതയില്ലാത്ത ഈ സംവിധാനം ജനാധിപത്യപരമായ ഓഡിറ്റിംഗിന് വിധേയമാകുന്നില്ല എന്നതാണ് യഥാർത്ഥ ദുരന്തം.

പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പിലാക്കണം. അന്വേഷണം സ്വതന്ത്രമായ ഏജൻസികളെ ഏൽപ്പിക്കണം. ആവശ്യമെങ്കിൽ, പരീക്ഷാ നടത്തിപ്പിൻ്റെ അധികാരം സംസ്ഥാനങ്ങൾക്കും സർവ്വകലാശാലകൾക്കും തിരിച്ചുനൽകണം. കേന്ദ്രീകൃത സംവിധാനങ്ങളെക്കാൾ പ്രാദേശികമായ മേൽനോട്ടമാണ് സുതാര്യത ഉറപ്പാക്കുക.

വിദ്യാഭ്യാസം എന്നത് ഒരു വിപണന ചരക്കല്ല, മറിച്ച് ഒരു സമൂഹത്തിൻ്റെ സാംസ്കാരിക മൂലധനമാണ്. അത് മോഷ്ടിക്കുന്നവർ വരുംതലമുറയുടെ ഭാവി മാത്രമല്ല,രാജ്യത്തിൻ്റെ നട്ടെല്ലാണ് തകർക്കുന്നത്.മസ്തിഷ്കങ്ങളെ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഈ ചന്തയിൽ നിന്ന് അറിവിനെ മോചിപ്പിക്കുക എന്നത് ഒരു രാഷ്ട്രീയ അനിവാര്യതയാണ്

Share this article
More Articles

More Articles

View All →
ഫെഡറലിസത്തിന്റെ മരണപ്പത്രങ്ങൾ
General Secretary
ഡോ. അബൂബക്കർ ടി •Jul 22, 2026

ഫെഡറലിസത്തിന്റെ മരണപ്പത്രങ്ങൾ

ഫെഡറലിസത്തിന്റെ മരണപ്പത്രങ്ങൾ വിദ്യാഭ്യാസം കേവലമൊരു അക്കാദമിക പ്രക്രിയ മാത്രമല്ലെന്നും സമൂഹത്തിന്റെ ചരിത്രപരമായ ബോധത്തെയും ജനാധിപത്യ മൂല്യങ്ങളെയും രൂപപ്പെടുത്തുന്ന സാംസ്കാരിക അടിത്തറയാണെന്നുമുള്ളത് ഒരു ജനാധിപത്യ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും മിനിമം രാഷ്ട്രീയ ജാഗ്രതയാണ്. അധികാര കേന്ദ്രീകരണത്തിന്റെ പുതിയ കാലത്ത്, ഈ അടിത്തറയെത്തന്നെയാണ് കേന്ദ്ര …

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം
General Secretary
ഡോ. അബൂബക്കർ ടി•Jul 10, 2026

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം

ജൂലൈ 7 ന് വയനാട് കള്ളാടിയിൽ, ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണം നടക്കുന്നിടത്ത് ഒരു മലയിടിഞ്ഞു. കാണാതായവരുടെയും മരണപ്പെട്ടവരുടെയും വാർത്തകൾ വന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസ് മണ്ണിനടിയിൽ ഒലിച്ചുപോയി. ബിഹാറിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ജീവിതം തേടിയെത്തിയ അതിഥി തൊഴിലാളികളാണ് മണ്ണിനടിയിൽ …

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?
General Secretary
ഡോ. അബൂബക്കർ ടി•Jul 7, 2026

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?

സെൻസസ് എന്നത് രാജ്യത്തിന് അനിവാര്യമായ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്നത് ശരിതന്നെ. പക്ഷേ ആ ഉത്തരവാദിത്തം നിറവേറ്റാൻ, ഒരു തലമുറയുടെ വിദ്യാഭ്യാസം ബലികൊടുക്കേണ്ടി വരുന്നത് ആസൂത്രണത്തിന്റെ പരാജയമല്ലാതെ മറ്റെന്താണ്? സെൻസസ് ജോലികൾക്കായി സ്‌കൂൾ അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ അധ്യയനം പൂർണമായും …